കനകരാജ്യം ഒരാളുടെ സ്വപ്‌നമാണ്: സംവിധായകന്‍ സാഗര്‍

അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂലൈ 5ന് തിയേറ്ററിലെത്തും
കനകരാജ്യം ഒരാളുടെ സ്വപ്‌നമാണ്: സംവിധായകന്‍ സാഗര്‍
Published on
Updated on


കനകരാജ്യം എന്ന സിനിമ ഒരാളുടെ സ്വപ്‌നമാണെന്ന് സംവിധായകന്‍ സാഗര്‍. ആ സ്വപ്‌നം ഇല്ലാതാകുന്നിടത്താണ് സിനിമ തുടങ്ങുന്നതെന്നും സാഗര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്. ടീസര്‍ പറഞ്ഞുവെക്കുന്നത് തന്നെയാണ് സിനിമയുടെ ഒരു മൂഡെന്നും സംവിധായകന്‍ വ്യക്തമാക്കി.

'കനകരാജ്യം ഒരു ഫാമലി ഡ്രാമയാണ്. വളരെ ലൈറ്റായിട്ടുള്ള ഒരു വിഷയമാണ്. പിന്നെ കഥ എഴുതിയ സമയത്തേ ഇന്ദ്രന്‍സ് ചേട്ടന്‍ വേണമെന്നത് ഉറപ്പിച്ചിരുന്നു. പിന്നീട് തിരക്കഥ പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുരളി ഗോപിയിലേക്ക് എത്തുന്നത്. കനകരാജ്യം ഒരാളുടെ സ്വപ്‌നമാണ്. ആ സ്വപ്‌നം ഇല്ലാതാകുന്നിടത്താണ് ഈ സിനിമ തുടങ്ങുന്നത്. പിന്നെ രണ്ട് കുടുംബങ്ങള്‍ക്കുള്ളില്‍ നടക്കുന്ന കഥയാണിത്. പിന്നെ സിനിമയില്‍ കുണ്ടറ ടൗണിനെ കുറിച്ച് പറയുന്നുണ്ട്. അതില്‍ വരുന്ന എല്ലാവരെയും അഡ്രസ് ചെയ്ത് പോകുന്ന ഒരു സിനിമ കൂടിയാണിത്. സിനിമയുടെ ത്രെഡ് യഥാര്‍ഥ സംഭവത്തില്‍ നിന്നും ലഭിച്ചതാണ്. ബാക്കിയെല്ലാം സിനിമാറ്റിക്കായി സെറ്റ് ചെയ്തതാണ്', എന്നാണ് സാഗര്‍ പറഞ്ഞത്.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആലപ്പുഴയില്‍ നടന്ന രണ്ട് യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് കനകരാജ്യം ഒരുങ്ങിയിരിക്കുന്നത്. 'സത്യം മാത്രമേ ബോധിപ്പിക്കൂ', 'വീകം' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സാഗറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മൂന്നാമത് ചിത്രമാണ് കനകരാജ്യം. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം ജൂലൈ 5ന് തിയേറ്ററിലെത്തും. മുരളി ഗോപി, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

ശ്രീജിത്ത് രവി, ദിനേശ് പ്രഭാകര്‍, കോട്ടയം രമേഷ്, രാജേഷ് ശര്‍മ്മ, ഉണ്ണി രാജ്, അച്ചുതാനന്ദന്‍, ജയിംസ് ഏല്യാ, ഹരീഷ് പേങ്ങന്‍, രമ്യ സുരേഷ്, സൈനാ കൃഷ്ണ, ശ്രീവിദ്യാ മുല്ലശ്ശേരി, ആതിര പട്ടേല്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അഭിലാഷ് ശങ്കര്‍ ഛായാഗ്രഹണവും അജീഷ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ഗാനരചന - ബി.കെ ഹരിനാരായണന്‍, ധന്യ സുരേഷ് മേനോന്‍, മനു മഞ്ജിത്ത്, സംഗീതം - അരുണ്‍ മുരളീധരന്‍, കലാസംവിധാനം - പ്രദീപ്, മേക്കപ്പ് - പ്രദീപ് ഗോപാലകൃഷ്ണന്‍, കോസ്റ്റ്യൂം ഡിസൈന്‍ - സുജിത് മട്ടന്നൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിത്ത് പിരപ്പന്‍കോട്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ - സനു സജീവന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് - ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷന്‍ മാനേജര്‍ - അനില്‍ കല്ലാര്‍, പിആര്‍ഒ- ആതിര ദില്‍ജിത്ത്, ശിവപ്രസാദ്, വാഴൂര്‍ ജോസ്, സ്റ്റില്‍സ് - അജി മസ്‌ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.






Related Stories

No stories found.
News Malayalam 24x7
newsmalayalam.com