
ബോളിവുഡ് താരവും എംപിയുമായ കങ്കണ റണാവത്തിന്റെ ഏറ്റവും പുതിയ ചിത്രമായ എമര്‍ജെന്‍സി ജനുവരി 17നാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ദി ന്യൂ ഇന്ത്യന് നല്‍കിയ അഭിമുഖത്തില്‍ കങ്കണ തന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ചു.
സിനിമയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ വേഷത്തിലാണ് കങ്കണ അഭിനയിച്ചിരിക്കുന്നത്. കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. എന്തുകൊണ്ട് സിനിമയില്‍ ഇന്ദിര ഗാന്ധിയുടെ വ്യക്തി ജീവിതത്തെ കുറിച്ച് പറഞ്ഞില്ല എന്ന ചോദ്യത്തിന് താരം സ്വന്തം ജീവിതത്തില്‍ നടന്ന വിവാദങ്ങളുമായി ബന്ധപ്പെടുത്തിയാണ് ഉത്തരം പറഞ്ഞത്.
'എന്തെങ്കിലും തരത്തില്‍ ലേബല്‍ ചെയ്യപ്പെടുന്നത് ഒരു സ്്ത്രീ എന്ന നിലയില്‍ വളരെ മോശം കാര്യമാണ്. ഉദാഹരണത്തിന് എന്റെ കരിയറില്‍ ഒരു നടി എന്ന നിലയില്‍ ഞാന്‍ നേരിട്ടിട്ടുള്ള വിവാദങ്ങളെല്ലാം തന്നെ പുരുഷന്‍മാര്‍ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ്. ചിലര്‍ എനിക്കെതിരെ കേസ് കൊടുത്തു. ചിലര്‍ എന്നെ കുറിച്ച് മോശം പറഞ്ഞു. ചിലര്‍ പറഞ്ഞത് ഒരു നടി എന്ന നിലയില്‍ എന്റെ സത്യസന്ധതയെ തന്നെ ബാധിച്ചു. ഇതൊന്നും ശരിയയായ കാര്യമല്ല', എന്നാണ് കങ്കണ പറഞ്ഞത്.
സിനിമ ചെയ്തപ്പോള്‍ തന്റെ ജീവിതവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യങ്ങള്‍ അതിലുണ്ടായിരുന്നോ എന്ന ചോദ്യത്തിനും കങ്കണ മറുപടി പറഞ്ഞു. 'ഞാന്‍ ഈ സിനിമയ്ക്ക് വേണ്ടിയുള്ള പഠനങ്ങള്‍ നടത്തുന്ന സമയത്ത്, ആളുകള്‍ ഇന്ദിര ഗാന്ധിയുടെ സുഹൃത്ത് ബന്ധങ്ങളെ കുറിച്ചും മറ്റ് ബന്ധങ്ങളെ കുറിച്ചുമെല്ലാം സംസാരിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഒരു സ്ത്രീ അവരുടെ ജീവിതത്തില്‍ കണ്ടു മുട്ടിയ പുരുഷന്‍മാരില്‍ മാത്രം ഒതുങ്ങി പോകുന്നത് എങ്ങനെയാണെന്ന്? അത് ശരിക്കും തെറ്റാണ്. ആ ദിശയിലേക്ക് പോകാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഞാന്‍ അവരെ ഒരു പ്രധാനമന്ത്രിയായി മാത്രമാണ് സ്‌ക്രീനില്‍ എത്തിക്കാന്‍ ശ്രമിച്ചത്. അവര്‍ പ്രധാനമന്ത്രി എന്ന നിലയില്‍ ചെയ്ത കാര്യങ്ങളും ചെയ്യേണ്ടിയിരുന്ന കാര്യങ്ങളുമെല്ലാം ആണ് ഞാന്‍ സിനിമയിലൂടെ പറയാന്‍ ശ്രമിച്ചിരിക്കുന്നത്', എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.