
നടിയും ബിജെപി എംപിയുമായ കങ്കണ റണൗട്ട് ചിത്രമായ 'എമർജൻസി'യുടെ റിലീസ് മാറ്റിവെച്ചു. ചിത്രത്തിൽ സിഖ് സമുദായത്തിനെ മോശമായി ചിത്രീകരിച്ചുവെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് റിലീസ് മാറ്റി വച്ചത്. ചിത്രത്തിൽ കൂടുതൽ കട്ടുകൾ ആവശ്യമെന്ന് സെൻസർ ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ ആറിനാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്.
ചിത്രത്തിലെ കൂടുതൽ സീനുകൾ കൂടി നീക്കം ചെയ്യാണമെന്നാണ് സെൻസർ ബോർഡ് നിർദേശിച്ചത്. സമുദായങ്ങളുടെ വികാരം കണക്കിലെടുത്താണ് സീനുകൾ നീക്കം ചെയ്യാൻ ബോർഡ് ആവശ്യപ്പെട്ടത്. ഈ കാര്യങ്ങൾ കണക്കിലെടുത്ത് കൊണ്ട് തന്നെ ചിത്രത്തിന് ഇതുവരെയും ബോർഡിൻ്റെ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ ചിത്രം പ്രദർശിപ്പിക്കാനുള്ള അവകാശത്തിനായി കോടതിയെ സമീപിക്കുമെന്നാണ് കങ്കണയുടെ നിലപാട്.
ALSO READ: 'താൻ പ്രശ്നക്കാരിയായി ചിത്രീകരിക്കപ്പെട്ടു'; മീ ടൂ കാലത്ത് ആരും കൂടെ നിന്നില്ലെന്ന് കങ്കണ
പഞ്ചാബ് കലാപം, ബിന്ദ്രൻവാലയുടെ കൊലപാതകം എന്നിവ കാണിക്കാതിരിക്കാൻ സമ്മർദമുണ്ടെന്നും കങ്കണ എക്സിൽ കുറിച്ചു. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് പഞ്ചാബിൽ വൻ കോലാഹലങ്ങൾ സൃഷ്ടിച്ചിരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു, സാമുദായിക സംഘർഷത്തിന് കാരണമാകും എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശിരോമണി അകാലിദൾ സെൻസർ ബോർഡിന് വക്കീൽ നോട്ടീസ് അയക്കുകയും ചെയ്തു.