
നടിയും എംപിയുമായ കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രമാകുന്ന എമര്‍ജെന്‍സി എന്ന ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്‍ഷം സെപ്റ്റംബര്‍ 6ന് തിയേറ്ററിലെത്തും. കങ്കണ തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ചിത്രത്തിന്റെ റിലീസ് നേരത്തെ മാറ്റി വെച്ചിരുന്നു.
കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധാനം, രചന, നിര്‍മാണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് രാജ്യത്ത് നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായാണ് കങ്കണ ചിത്രത്തില്‍ എത്തുന്നത്. അനുപം ഖേര്‍, മഹിമ ഛൗദരി, മിലിന്റ് സോമന്‍, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലെ അഭിനേതാക്കളാണ്.
സിനിമയുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന അഭിമുഖത്തില്‍ കങ്കണ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'എനിക്ക് സ്ത്രീകളോട് അതിയായ ബഹുമാനവും സ്‌നേഹവുമാണ്. അത് ഇന്ദിരാ ഗാന്ധിയാണെങ്കിലും മറ്റേത് സ്ത്രീയാണെങ്കിലും. എനിക്ക് ഇക്കാര്യം ഫേക്ക് ചെയ്യേണ്ട ആവശ്യമില്ല. ഞാന്‍ സ്ത്രീകള്‍ക്ക് വേണ്ടി നിരവധി പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുണ്ട്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഞാന്‍ എമര്‍ജെന്‍സി എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു കലാകാരിയാകുമ്പോള്‍ ചുറ്റും കാണുന്നതെല്ലാം നമുക്ക് പ്രചോദനമാകും. അങ്ങനെയാണ് ഞാന്‍ ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇത് പുറത്ത് വരുമ്പോള്‍ എല്ലാവര്‍ക്കും ഇഷ്ടപെടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതൊരു എന്റര്‍ട്ടെയിന്‍മെന്റ് സിനിമയായി പ്രേക്ഷകര്‍ കാണണം', എന്നാണ് കങ്കണ പറഞ്ഞത്.