കങ്കുവ ഗെയിം ഓഫ് ത്രോണ്‍സ് പോലെ; വെളിപ്പെടുത്തി സംവിധായകന്‍ ശിവ

തമിഴില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി കങ്കുവയെ പ്രേക്ഷകരിലേക്ക് എത്തിക്കും വിധമാണ് ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്
കങ്കുവ ഗെയിം ഓഫ് ത്രോണ്‍സ് പോലെ; വെളിപ്പെടുത്തി സംവിധായകന്‍ ശിവ
Published on
Updated on



തെന്നിന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന അടുത്ത ഏറ്റവും വലിയ റിലീസാണ് സൂര്യയുടെ കങ്കുവ. തമിഴ് സിനിമ പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത കഥയും മേക്കിങ്ങുമാണ് സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ സിനിമക്കായി അണിയറക്കാര്‍ ഒരുക്കിയത്. തമിഴില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ, ഒരു പാന്‍ ഇന്ത്യന്‍ സിനിമയായി കങ്കുവയെ പ്രേക്ഷകരിലേക്ക് എത്തിക്കും വിധമാണ് ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

സിനിമയുടെ പ്രൊമോഷന്‍ പരിപാടികളുമായി ബന്ധപ്പെട്ട അഭിമുഖങ്ങളിലെ സംവിധായകന്‍ ശിവയുടെയും നിര്‍മാതാവ് ജ്ഞാനവേലിന്‍റെയുമൊക്കെ പ്രതികരണങ്ങള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമുയര്‍ത്തുന്നതാണ്. പലതവണയായി മാറ്റിവെച്ച് നവംബര്‍ 14നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. ബോളിവുഡ് താരം ബോബി ഡിയോളാണ് വില്ലനായെത്തുന്നത്. ദിഷാ പഠാനിയാണ് നായിക.

'അഞ്ച് ഗ്രൂപ്പുകളുടെ കഥയാണ് കങ്കുവയുടെ പശ്ചാത്തലം. പ്രീക്വലോ, സീക്വലോ, സീരിസോ എന്തുവേണമെങ്കിലും ഈ കഥ ഉപയോഗിച്ച് ചെയ്യാം. ഗെയിം ഓഫ് ത്രോണ്‍സ് പോലെ ഒരു വലിയ കാന്‍വാസാണിത്. ഒരുപാട് കഥാപാത്രങ്ങളും അവരുടെ കഥകളും ഉപകഥകളുമൊക്കെ ഇതിലുണ്ട്. കങ്കുവ ഒരു തുടക്കം മാത്രമാണ്. ഈ കഥ എത്രത്തോളം മുന്നോട്ട് കൊണ്ടുപോകാമോ അത്രയും എത്തിക്കാനുള്ള സാധ്യതകളാണ് ഞാനും ജ്ഞാനവേല്‍ സാറും പരിശോധിക്കുന്നത്. കഥ എഴുതുമ്പോള്‍ തന്നെ രണ്ടാം ഭാഗത്തെ സംബന്ധിച്ച ലീഡ് ലഭിച്ചിരുന്നു. രണ്ടാം ഭാഗത്തിനുള്ള സ്‌ക്രിപ്റ്റ് റെഡിയാണ്. ഒന്നാം ഭാഗത്തില്‍ നിന്ന് അടുത്തതിലേക്കുള്ള ലീഡ് അത്രത്തോളം സ്ഫോടനാത്മകമാണ്.' സംവിധായകന്‍ ശിവ സിനിഉലകത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന കങ്കുവയുടെ ബജറ്റ് 350 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. സ്റ്റുഡിയോ ഗ്രീനിനൊപ്പം യു വി ക്രിയേഷൻസും നിര്‍മാണ പങ്കാളിയാണ്.

ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം- വെട്രി പളനിസാമി, എഡിറ്റർ- നിഷാദ് യൂസഫ്, കലാസംവിധാനം- മിലൻ, രചന- ആദി നാരായണ, സംഭാഷണം- മദൻ കർക്കി, ആക്ഷൻ- സുപ്രീം സുന്ദർ, കോസ്റ്റ്യൂം ഡിസൈനർ- അനുവർധൻ, ദത്ഷാ പിള്ളൈ, വസ്ത്രങ്ങൾ- രാജൻ, മേക്കപ്പ്- സെറീന, കുപ്പുസാമി, സ്പെഷ്യൽ മേക്കപ്പ്- രഞ്ജിത് അമ്പാടി, നൃത്ത സംവിധാനം- ഷോബി, പ്രേം രക്ഷിത് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com