കന്നഡ നടന്‍ രാജു താളിക്കോട്ടെ ഹൃദയാഘാതം മൂലം മരിച്ചു; സിനിമാ ഷൂട്ടിങ്ങിനിടെയാണ് മരണം

കന്നഡ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി
കന്നഡ നടന്‍ രാജു താളിക്കോട്ടെ
കന്നഡ നടന്‍ രാജു താളിക്കോട്ടെSource: X
Published on

കന്നഡ സിനിമയിലും നാടകരംഗത്തും പ്രശസ്തനായ രാജു താളിക്കോട്ടെ (62) അന്തരിച്ചു. കർണാടകയിലെ ഉഡുപ്പിയിൽ സിനിമാ ഷൂട്ടിങ്ങിലായിരുന്നു നടന്‍. ചില ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1:30 ന് കസ്തൂർബ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം.

കന്നഡ സിനിമാ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ നടന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ എക്സിലുടെ തന്റെ അനുശോചനം അറിയിച്ചു. "പ്രശസ്ത നാടക നടനും, ഹാസ്യനടനും, 'ധാർവാഡ് രംഗായണ'യുടെ സംവിധായകനുമായ രാജു താളിക്കോട്ടെ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ഇത് വളരെ ദുഃഖകരമായ സംഭവമാണ്. നിരവധി കന്നഡ സിനിമകളിൽ അഭിനയിക്കുകയും പ്രശസ്തി നേടുകയും ചെയ്ത രാജു താളിക്കോട്ടെയുടെ വിയോഗം കന്നഡ ചലച്ചിത്ര വ്യവസായത്തിന് വലിയ നഷ്ടമാണ്. രാജു താളിക്കോട്ടെയുടെ ആത്മാവിന് ദൈവം ശാന്തി നൽകട്ടെയെന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വേദന താങ്ങാനുള്ള ശക്തി നൽകട്ടെയെന്നും ഞാൻ പ്രാർത്ഥിക്കുന്നു," ഡി.കെ. ശിവകുമാർ എക്സില്‍ കുറിച്ചു.

കന്നഡ നടന്‍ രാജു താളിക്കോട്ടെ
സെൻസർ കടമ്പ കടന്നു, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ ചിത്രം 'പാതിരാത്രി'; റിലീസ് ഒക്ടോബർ 17ന്

കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും ദുഃഖം രേഖപ്പെടുത്തി. "മുതിർന്ന നാടക കലാകാരനും ഹാസ്യനടനുമായ രാജു താളിക്കോട്ടെയുടെ വിയോഗം കന്നഡ ചലച്ചിത്ര മേഖലയ്ക്ക് നികത്താനാവാത്ത നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഈ ദുഃഖം താങ്ങാൻ ദൈവം ശക്തി നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു." ശിവ രാജ്കുമാർ കുറിച്ചു.

1963ലാണ് രാജു താളിക്കോട്ടെയുടെ ജനനം. 'രാജു താളിക്കോട്ടെ' എന്നത് അദ്ദേഹത്തിന്റെ സ്റ്റേജ് നെയിമാണ്. രാജുവിന്റെ മാതാപിതാക്കള്‍ നാടക പ്രവർത്തകരായിരുന്നു. 'ശ്രീഗുരു ഖസ്ഗതേശ്വര നാട്യസംഘ' എന്നൊരു ട്രൂപ്പും ഇവർ നടത്തിയിരുന്നു.

മാതാപിതാക്കളുടെ മരണത്തോടെ സ്കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ച രാജു നാടകരംഗത്ത് അവരുടെ പാത പിന്തുടരുകയാണ്. 'ഹെൻഡതി അണ്ടരെ ഹെൻഡതി' എന്ന കന്നഡ ചിത്രത്തിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മാനസാരെ, പഞ്ചരംഗി, രാജധാനി, ലൈഫു ഇഷ്ടേനെ, അലേമാരി, മൈന, ടോപിവാല തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ ബിഗ് ബോസിലെ ഏഴാം സീസണില്‍ മത്സരാർഥിയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com