തഗ് ലൈഫ് സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ നടൻ കമൽഹാസൻ്റെ വിവാദ പരാമർശത്തിന് കയ്യിടിച്ചുവെന്ന പ്രചാരണങ്ങളിൽ പ്രതികരിച്ച് കന്നഡ താരം ശിവരാജ് കുമാർ. കമലിൻ്റെ കന്നഡ പരാമർശത്തിനല്ല മറ്റ് ചില വാചകങ്ങൾക്കാണ് താൻ കയ്യടിച്ചതെന്ന് നടൻ വ്യക്തമാക്കി. വിവാദ പരാമർശത്തിന് കൈയടിക്കുന്നതുപോലെയാണ് പല ക്ലിപ്പിംഗുകളും പ്രചരിക്കുന്നത്. എന്നാല്‍, എൻ്റെ ചിറ്റപ്പനാണെന്ന അദ്ദേഹത്തിൻ്റെ വാക്കുകള്‍ക്കാണ് ഞാൻ കൈയടിച്ചതെന്ന് ശിവരാജ് കുമാർ പറഞ്ഞു.
എല്ലാ ഭാഷകൾക്കും പ്രധാന്യമുണ്ട്. എന്നാൽ മാതൃഭാഷയുടെ കാര്യത്തിൽ കന്നഡയ്ക്കാണ് പ്രഥമ പരിഗണന നൽകുന്നത്. അതിൽ തർക്കമില്ല. കന്നഡയ്ക്കുവേണ്ടി ജീവൻ തന്നെ നൽകാൻ തയ്യാറാണെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ കമൽഹാസൻ മാപ്പ് പറയണമെന്ന് തനിക്ക് ഒരിക്കലും ആവശ്യപ്പെടാൻ കഴിയില്ലെന്നും ശിവരാജ്‌കുമാർ മാധ്യമങ്ങളോട് പറഞ്ഞു. അദ്ദേഹം മുതിര്‍ന്ന നടനാണ്, അദ്ദേഹത്തിന്റെ വലിയ ആരാധകനാണ് താനെന്നും ശിവരാജ് കുമാർ പറഞ്ഞു.
കമല്‍ ഹാസന്‍ നടത്തിയ കന്നഡ ഭാഷാ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ഇതിന് പിന്നാലെയാണ് കര്‍ണാടക ഫിലിം ചേംബര്‍ നടൻ്റെ പുതിയ ചിത്രമായ 'തഗ് ലൈഫ്' സംസ്ഥാനത്ത് നിരോധിച്ചത്. "കന്നഡ ഭാഷ തമിഴില്‍ നിന്നും ഉണ്ടായതാണ്" എന്ന കമലിൻ്റെ പരാമര്‍ശമാണ് വിവാദമായത്. ഇതിനിടെ ബെംഗളൂരുവില്‍ കമല്‍ ഹാസൻ്റെ ഫോട്ടോ കത്തിച്ചുള്ള പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു.
വിവാദ പരാമര്‍ശത്തിന് ശേഷം കമല്‍ ഹാസനോട് കര്‍ണാടക ഫിലിം ചേംബര്‍ മാപ്പ് പറയാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കമല്‍ ഹാസന്‍ മാപ്പ് പറയില്ലെന്ന് പറഞ്ഞതോടെ ചിത്രം കര്‍ണാടകയില്‍ വിലക്കുകയായിരുന്നു. കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയും വരെ വിലക്ക് തുടരുമെന്നും ചേംബര്‍ വ്യക്തമാക്കി. സിനിമയ്ക്ക് വിലക്കേർപ്പെടുത്തിയ കർണാടക ഫിലിം ചേംബറിൻ്റെ നടപടിയെ ചോദ്യം ചെയ്താണ് കമൽ ഹൈക്കോടതിയെ സമീപിച്ചു. കർണാടക ഫിലിം ചേംബറിൻ്റെ നടപടി നിയമവിരുദ്ധമാണെന്ന് കമലിൻ്റെ നിർമാണ കമ്പനി ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ജൂണ്‍ അഞ്ചിനാണ് മണിരത്നം സംവിധാനം ചെയ്ത 'തഗ് ലൈഫ്' തിയേറ്ററിലെത്തുന്നത്. 'നായകന്' ശേഷം മണിരത്നവും കമല്‍ ഹാസനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചിമ്പു, ജോജു ജോര്‍ജ്, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, നാസര്‍, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്‌കമല്‍ ഫിലിംസ് ഇൻ്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയൻ്റ് മൂവീസ്, ആര്‍. മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.