
മഹാഭാരതത്തിലെ അഭിനേതാക്കളോടൊപ്പം 2020ൽ 'ദി കപിൽ ശർമ്മ ഷോ'യിൽ പങ്കെടുക്കാൻ വിസമ്മതിച്ചതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് നടൻ മുകേഷ് ഖന്ന. മഹാഭാരതത്തിൽ ഭീഷ്മരായിട്ടായിരുന്നു മുകേഷ് ഖന്ന വേഷമിട്ടത്. ഏറെ ആരാധകരുണ്ടായിരുന്ന ശക്തിമാൻ സീരിയലിലെ ശക്തിമാനായി പ്രേക്ഷകർക്ക് മുന്നിൽ എത്തിയതും മുകേഷ് ഖന്നയായിരുന്നു. ഇപ്പോഴിതാ, കപിൽ ശർമ്മ സംസ്കാര ശൂന്യനാണെന്ന് പറയാന്‍ കാരണമായ രണ്ട് സംഭവങ്ങൾ പറയുകയാണ് അദ്ദേഹം.
തനിക്ക് ബിഗ് ബോസോ കപിൽ ശർമ്മ ഷോയോ ഇഷ്ടമല്ല, കാരണം അതിലെ അശ്ലീലതയാണ്. എന്നാൽ കപിൽ ശർമ്മ ഒരു മികച്ച എൻ്റർടെയ്‌നറാണ് എന്നതിൽ സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞാൻ കപിൽ വിരുദ്ധനല്ല. പക്ഷേ എൻ്റെ സ്വഭാവം കപിലുമായി പൊരുത്തപെടില്ല. അദ്ദേഹം നല്ലവനായിരിക്കാം എന്നാൽ ഞാൻ അദ്ദേഹവുമായി പൊരുത്തപ്പെടില്ല. അദ്ദേഹത്തിന് ഇക്കാര്യം മനസ്സിലായിട്ടുണ്ടാകുമെന്നും തോന്നുന്നില്ല. ഒരു പെൺകുട്ടിയുടെ മുന്നിൽ ശക്തിമാൻ്റെ വേഷം ധരിച്ച് നിന്നു, ഒരു വശത്തതായി ഒരു കിടക്കയും കാണിച്ചിട്ടുണ്ടായിരുന്നു. തമാശയെന്ന് കരുതിയാണ് ഇയാൾ ഇതെല്ലം ചെയ്യുന്നത്. എന്നാൽ അതങ്ങനെയല്ല,' മുകേഷ് ഖന്ന പറഞ്ഞു.
രണ്ടാമത്തെ കാരണമായി മുകേഷ് ഖന്ന പറയുന്നത്, കപിൽ ശർമ്മ തന്നെ ബഹുമാനിച്ചില്ല എന്നാണ്. “ഒരു അവാർഡ് ഷോയിൽ ഞാൻ മുൻ നിരയിൽ ഇരിക്കുകയായിരുന്നു, ആ സമയം കപിൽ ഇൻഡസ്ട്രിയിൽ തുടങ്ങിയിട്ടേയുള്ളു. കപിൽ 10-20 മിനിറ്റ് എൻ്റെ അരികിൽ ഇരുന്നു, പക്ഷേ ഒരിക്കൽ പോലും എന്നെ അഭിവാദ്യം ചെയ്തില്ല. അദ്ദേഹം അവാർഡ് വാങ്ങി പോയി,” മുകേഷ് പറഞ്ഞു. ഈ കാര്യങ്ങൾ കൊണ്ടാണ് താൻ കപിൽ ശർമ സംസ്കാരശൂന്യനാണെന്ന് പറയാൻ കാരണമെന്നും മുകേഷ് ഖന്ന വ്യക്തമാക്കി.