
നെറ്റ്ഫ്‌ലിക്‌സ് വെബ് സീരീസ് ചെയ്യാനൊരുങ്ങി ബോളിവുഡ് സംവിധായകനായ കരണ്‍ ജോഹര്‍. നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി ഒരു ബിഗ് ബജറ്റ് വെബ് സീരീസാണ് കരണ്‍ ജോഹര്‍ ഒരുക്കുന്നത്. കരണ്‍ ജോഹറിന്റെ പാഷന്‍ പ്രൊജക്ട് എന്ന് വിശേഷിപ്പിച്ചിരിക്കുന്ന വെബ് സീരീസില്‍ മുന്‍നിര നായികമാരായിരിക്കും കേന്ദ്ര കഥാപാത്രങ്ങളാവുക.
നിലവില്‍ സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായിട്ടുണ്ടെന്നാണ് പുറത്തുവന്ന വാര്‍ത്താ കുറിപ്പ് സൂചിപ്പിക്കുന്നത്. 2025ന്റെ തുടക്കത്തില്‍ സീരീസിന്റെ നിര്‍മാണം ആരംഭിക്കുകയും 2026ല്‍ സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുകയും ചെയ്യും.
'വെബ് സീരീസ് നിലവില്‍ അതിന്റെ കാസ്റ്റിംഗ് ഘട്ടത്തിലാണ്. പ്രശസ്ത അഭിനേതാക്കളെ വെച്ച് ഒരു സീരീസ് ചെയ്യുക എന്നതാണ് ആശയം. ഇത് 2025ല്‍ നിര്‍മിക്കുകയും 2026ല്‍ സ്ട്രീം ചെയ്യുകയും ചെയ്യും', എന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
അതേസമയം കരണ്‍ ജോഹര്‍ ഷോ ആയതിനാല്‍ തന്നെ നെറ്റ്ഫ്‌ലിക്‌സിന്റെ വരാനിരിക്കുന്ന ഏറ്റവും വലിയ ഷോയായിരിക്കും ഇതെന്നും സൂചനയുണ്ട്. ഇതാദ്യമായല്ല കരണ്‍ ജോഹര്‍ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി സംവിധാനം ചെയ്യുന്നത്. ഇതിന് മുമ്പ് ലസ്റ്റ് സ്റ്റോറീസ്, ഗോസ്റ്റ് സ്‌റ്റോറീസ് എന്നീ ആന്തോളജികള്‍ സഹ സംവിധാനം ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യമായാണ് ഒരു മുഴുനീള സീരീസ് കരണ്‍ ജോഹര്‍ നെറ്റ്ഫ്‌ലിക്‌സിന് വേണ്ടി സംവിധാനം ചെയ്യുന്നത്.