
ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവമാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രധാന വാര്‍ത്ത. ജനുവരി 16നാണ് സെയ്ഫിന് നേരെ ആക്രമണം നടക്കുന്നത്. തുടര്‍ന്ന് അദ്ദേഹത്തെ മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ താരത്തിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടുവരുന്നുണ്ടെന്നാണ് ആശുപത്രിയില്‍ നിന്നും കുടുംബാഗങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. മാധ്യമങ്ങളില്‍ സെയ്ഫും കുടുംബവും നിറഞ്ഞുനില്‍ക്കുകയാണ്. അതോടൊപ്പം തന്നെ മുംബൈയിലെ പാപ്പരാസി കള്‍ച്ചര്‍ മൂലം പ്രശ്‌നത്തിലായിരിക്കുകയാണ് സെയ്ഫിന്റെ കുടുംബം. അവരുടെ ഓരോ നീക്കങ്ങളും പാപ്പരാസി സമൂഹമാധ്യമത്തില്‍ പങ്കുവെക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടിയും സെയ്ഫ് അലി ഖാന്റെ ഭാര്യയുമായ കരീന കപൂര്‍ പ്രതികരണവുമായി രംഗത്തെത്തിയത്.
പാപ്പരാസികളുടെ ശല്യം സഹിക്കാന്‍ സാധിക്കാതെയാണ് കരീന ഇത്തരത്തില്‍ പ്രതികരിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഞങ്ങളെ വെറുതെ വിടൂ എന്ന് പാപ്പരാസികളോട് അപേക്ഷിക്കുകയാണ് കരീന ചെയ്തത്. കുറച്ച് സമയങ്ങള്‍ക്ക് ശേഷം കരീന സ്റ്റോറി നീക്കം ചെയ്യുകയും ചെയ്തു. 'ഇതു ഇപ്പോള്‍ തന്നെ നിര്‍ത്തൂ. നിങ്ങള്‍ക്കും ഹൃദയമില്ലേ. ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ തനിയെ വിടൂ', എന്നാണ് കരീന സ്‌റ്റോറിയില്‍ കുറിച്ചത്.
അതേസമയം സെയ്ഫ് അലി ഖാനെ ആക്രമിച്ച വ്യക്തി ഷെരിഫുള്‍ ഇസ്ലാം ഷഹ്‌സാദിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തു. താനെ ഹിരാനന്ദാനി എസ്റ്റേറ്റിലെ ലേബര്‍ ക്യാമ്പില്‍ വെച്ച് ഡിസിപി സോണ്‍-6 നവ്നാഥ് ധവാലെയുടെ സംഘവും കാസര്‍വാഡാവലി പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ ഇയാള്‍ പൊലീസിനോട് വ്യാജ പേരാണ് ആദ്യം പറഞ്ഞത്.
പ്രതി ബംഗ്ലാദേശ് സ്വദേശിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. 4 ,5 മാസത്തിന് മുമ്പ് മുംബൈയിലെത്തിയെന്നാണ് നിഗമനം. ഇന്ത്യക്കാരനെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഇയാളുടെ കയ്യിലില്ലെന്ന് മുംബൈ പൊലീസ് പറഞ്ഞു.
ജനുവരി 16ന് പുലര്‍ച്ചെയാണ് സെയ്ഫ് അലി ഖാന് കുത്തേറ്റത്. താരത്തിന്റെ നാലുവയസുകാരനായ മകന്‍ ജഹാംഗീറിന്റെ മുറിയിലേക്കാണ് അക്രമി ആദ്യം പ്രവേശിച്ചത്. കുട്ടിയെ പരിചരിക്കുന്ന നഴ്സിങ് സ്റ്റാഫ് ഏലിയാമ്മ ഫിലിപ്പ്‌സാണ് പ്രതിയെ ആദ്യം നേരില്‍ കണ്ടത്. ആറ് തവണ കുത്തേറ്റ നടന്റെ രണ്ടു മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. നട്ടെല്ലിനും സുഷുമ്നാ നാഡിക്കും സാരമായ പരിക്കേറ്റിരുന്നു.