

കൊച്ചി: അതിവേഗം മലയാളികളുടെ ഇഷ്ടം നേടിയവരാണ് 'കരിക്ക്' ടീം. ഇവരുടെ യൂട്യൂബ് വീഡിയോകള്‍ക്ക് വലിയതോതില്‍ ആരാധകരുണ്ട്. ഇപ്പോഴിതാ, യൂട്യൂബില്‍ നിന്ന് ബിഗ് സ്ക്രീനിലേക്ക് ചുവടുമാറാന്‍ ഒരുങ്ങുകയാണ് കരിക്ക്. സിനിമ നിർമാണത്തിലേക്ക് കടക്കുകയാണെന്ന് കരിക്ക് അറിയിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
'കരിക്ക് സ്റ്റുഡിയോസ്' എന്ന പേരില്‍ സിനിമ, വെബ് സീരീസ്, ഒടിടി രംഗങ്ങളിലെല്ലാം സജീവമാകാനാണ് തീരുമാനം. "തിയേറ്ററുകളിലേക്കും ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കുമായി സിനിമകളും വെബ് സീരീസുകളും നിർമിക്കുന്നതിനായി 'കരിക്ക് സ്റ്റുഡിയോസ്' എന്ന ഇടം ആരംഭിക്കുന്നതായി സന്തോഷപൂർവം അറിയിക്കുന്നു. വർഷങ്ങളായി നിങ്ങൾ ഞങ്ങളോട് കാണിച്ച അവിശ്വസനീയമായ സ്നേഹവും പിന്തുണയും ഇല്ലായിരുന്നെങ്കിൽ ഈ സ്വപ്നം സാധ്യമാകുമായിരുന്നില്ല. ചലച്ചിത്രനിർമ്മാണത്തിലേക്ക് നടത്തുന്ന ഈ ആവേശകരമായ കുതിപ്പില്‍, നിങ്ങളുടെ തുടർന്നുള്ള പ്രോത്സാഹനവും അനുഗ്രഹങ്ങളും ഞങ്ങൾ പ്രതീക്ഷിക്കുന്നു," കരിക്ക് ടീം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ആദ്യ അന്നൗണ്‍സ്‌മെന്റ് ഉടന്‍ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ചുരുങ്ങിയ കാലം കൊണ്ടാണ് 'കരിക്ക്' യൂട്യൂബില്‍ ട്രെന്‍ഡിങ് ആയത്. അനു കെ അനിയൻ, ശബരീഷ് സജ്ജൻ, ജീവൻ മാമ്മൻ സ്റ്റീഫൻ, ആനന്ദ് മാത്യൂസ്, ജോർജ്ജ് കോര എന്നിങ്ങനെ മികച്ച പ്രകടനം നടത്തുന്ന നിരവധി അഭിനേതാക്കള്‍ കരിക്ക് ടീമിലുണ്ട്. ഇവരുടെ സിനിമാപ്രവേശത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുയായിരുന്നു ആരാധകർ. കരിക്ക് സ്റ്റുഡിയോസിന്റെ ആദ്യ ചിത്രം ഈ വർഷം അവസാനം നിർമാണം ആരംഭിക്കുമെന്നും ഡോ. അനന്തു പ്രൊഡക്ഷൻസ് സഹനിർമാതാവായിരിക്കുമെന്നുമാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. ബേസിൽ ജോസഫ് ആദ്യമായി നിർമിക്കുന്ന 'അതിരടി' എന്ന ചിത്രത്തിന്റെ സഹനിർമാതാവാണ് ഡോ. അനന്തു.