
മലയാള സിനിമയെ വാനോളം പുകഴ്ത്തി കാർത്തിയും അരവിന്ദ് സ്വാമിയും. ഇരുവരുടെയും പുതിയ ചിത്രം മെയ്യഴകൻറെ റിലീസുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലാണ് മലയാള സിനിമയെ പറ്റി ഇവർ സംസാരിച്ചത്. മെയ്യഴകൻ സിനിമയ്ക്ക് മലയാള സിനിമ പ്രചോദനമായിട്ടുണ്ടെന്ന് കാർത്തി പറഞ്ഞു. ' മികച്ച ചിത്രവുമായി എത്താൻ ഞങ്ങളെ നിരന്തരമായി പ്രചോദിപ്പിക്കുന്നതിന് മലയാളം സിനിമ ഇൻഡസ്ട്രിക്ക് വലിയ നന്ദി', ഈയിടെ കണ്ടതിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട മലയാള ചിത്രം മഞ്ഞുമ്മൽബോയ്സ് ആണെന്നും കാർത്തി കൂട്ടിച്ചേർത്തു.
കുമ്പളങ്ങി നൈറ്റ്സ് ആണ് തനിക്ക് പ്രിയപ്പെട്ട ചിത്രമെന്ന് അരവിന്ദ് സ്വാമി പറഞ്ഞു. മഞ്ഞുമ്മൽ ബോയ്സിന് മുൻപ് തന്നെ തനിക്ക് സൗബിൻ ഷാഹിറിന്റെ പടങ്ങൾ ഇഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗബിൻ ഒരു മൾട്ടിടാലന്റഡ് ആയ വ്യക്തിയാണെന്ന് കാർത്തി പറഞ്ഞു.
മമ്മൂക്ക എന്നാൽ പ്രചോദനമാണ്. എപ്പോഴും പുതുമയുള്ള വിഷയവുമായാണ് അദ്ദേഹം പ്രേക്ഷകരുടെ മുന്നിലെത്തുക. മമ്മൂക്കയുടെ കാതൽ, നൻ പകൽ നേരത്ത് മയക്കം എന്നീ ചിത്രങ്ങൾ തങ്ങൾക്ക് ഏറെ പ്രിയപെട്ടതെന്നും ഇരുവരും പറഞ്ഞു.
അതേസമയം, കഴിഞ്ഞ ദിവസമാണ് മെയ്യഴകൻ റിലീസ് ചെയ്തത്. 96 ചിത്രത്തിന്‍റെ സംവിധായകന്‍ സി.പ്രേംകുമാറാണ് ചിത്രം സംവിധാനം ചെയ്തതിരിക്കുന്നത്. രാജ് കിരണ്‍, ശ്രീദിവ്യ, സ്വാതി കൊണ്ടേ, ദേവദര്‍ശിനി, ജയപ്രകാശ്, ശ്രീരഞ്ജിനി, ഇളവരസ്, കരുണാകരന്‍, ശരണ്‍ ശക്തി, റൈച്ചല്‍ റെബേക്ക, മെര്‍ക്ക് തൊടര്‍ച്ചി മലൈ ആന്റണി, രാജ്കുമാര്‍, ഇന്ദുമതി മണികണ്ഠന്‍, റാണി സംയുക്ത, കായല്‍ സുബ്രമണി, അശോക് പാണ്ഡ്യന്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ത്തിയുടെ കരിയറിലെ 27-ാമത്തെ ചിത്രം കൂടിയാണ് മെയ്യഴകൻ.
ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത്. കമല്‍ഹാസന്‍ സിനിമയ്ക്കായി ഒരു ഗാനം ആലപിച്ചിട്ടുമുണ്ട്. മഹേന്ദ്രന്‍ രാജു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിനായി ആര്‍. ഗോവിന്ദരാജാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്.