"ആന്റണി നമ്മ നെനച്ച മാതിരിയില്ലൈ!"; കാട്ടാളന്റെ തമിഴ് ട്രെയിലര്‍ പുറത്തിറക്കി അനിരുദ്ധ്

ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന.
"ആന്റണി നമ്മ നെനച്ച മാതിരിയില്ലൈ!"; കാട്ടാളന്റെ തമിഴ് ട്രെയിലര്‍ പുറത്തിറക്കി അനിരുദ്ധ്
Published on
Updated on

ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മലയാളത്തിലെ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന വിശേഷണവുമായെത്തിയ 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസ് പെപ്പെ, ദുഷാര വിജയന്‍, സുനില്‍, കബീര്‍ സിംഗ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷരീഫ് മുഹമ്മദ് നിര്‍മിച്ച് പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന 'കാട്ടാളന്‍' സിനിമയുടെ തമിഴ് ട്രെയിലര്‍ പുറത്തിറങ്ങി. തമിഴിലെ ശ്രദ്ധേയ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിന്റെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ആകാംക്ഷ ജനിപ്പിക്കുന്നതും ഹരം കൊള്ളിക്കുന്നതുമായ മലയാളം ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നതിന് വലിയ സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ തമിഴ് ട്രെയിലറും ഏവരും ഏറ്റെടുത്തിരിക്കുകയാണ്. ആനക്കൊമ്പ് കള്ളക്കടത്തിന്റെ ഏറ്റവും ഭയാനകവും വന്യവുമായ ദൃശ്യങ്ങളുമായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്ന സൂചന. ചോരക്കളിയുടെ ഇതുവരെ കാണാത്ത കാഴ്ചകളും ആക്ഷന്‍ വെടിക്കെട്ടും മാസ്മരികവും ചടുലവുമായ ഏറ്റുമുട്ടല്‍ ദൃശ്യങ്ങളുമായാണ് ട്രെയിലര്‍ എത്തിയിരിക്കുന്നത്. മൂന്ന് മ്യൂസിക്കില്‍ കാണാം എന്നൊരു പ്രത്യേകതയും ഈ ട്രെയിലറിനുണ്ട്. ജംഗീള്‍ ബീസ്റ്റ് തീം, വൈല്‍ഡ് ബീസ്റ്റ് തീം, ഓഷ്യന്‍ ബീസ്റ്റ് തീം എന്നിങ്ങനെ നമുക്കിഷ്ടപ്പെട്ട പശ്ചാത്തല സംഗീതം സെറ്റിങ്ങ്‌സില്‍ മാറ്റം വരുത്തി കാണാനാകും വിധമാണ് ട്രെയിലര്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇത്തരത്തിലൊരു ട്രെയിലര്‍ ആദ്യമാണ്. മെയ് മാസമാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്.

"ആന്റണി നമ്മ നെനച്ച മാതിരിയില്ലൈ!"; കാട്ടാളന്റെ തമിഴ് ട്രെയിലര്‍ പുറത്തിറക്കി അനിരുദ്ധ്
ടെലിവിഷൻ താരം സിദ്ധാർഥ് വേണുഗോപാൽ അന്തരിച്ചു

ആനക്കൊമ്പുകള്‍ക്കും ആയുധ കൂമ്പാരങ്ങള്‍ക്കും നടുവില്‍ ചിത്രത്തിലെ താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള പോസ്റ്ററും ചിത്രത്തിലെ യുവ താരനിരയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്ററും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു. ആനവേട്ടയുടെയും പകയുടെയും പോരാട്ടത്തിന്റേയും കഥ പറയുന്ന ഒരു ഹൈ-വോള്‍ട്ടേജ് ആക്ഷന്‍ ത്രില്ലറാണ് കാട്ടാളന്‍ എന്നാണ് ലഭിക്കുന്ന സൂചന. മെയ് മാസത്തിലെ ചൂടില്‍ തിയേറ്ററുകളില്‍ ആവേശത്തിന്റെ തീപ്പൊരി പാറിക്കാന്‍ 'കാട്ടാളന്‍' എത്താനൊരുങ്ങുമ്പോള്‍ പ്രേക്ഷകരും ഏറെ ആവേശത്തിലാണ്.

ദീര്‍ഘമായ 140 ദിവസത്തെ ഷെഡ്യൂളിന് ശേഷം അടുത്തിടെയാണ് 'കാട്ടാളന്‍' പാക്കപ്പായത്. കാടിന്റെ വന്യമായ താളവുമായി എത്തിയ 'മജ ക്കോ മല്ലിക' എന്ന ലിറിക്കല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നു കഴിഞ്ഞു. സിനിമയുടെ ടീസര്‍ അടുത്തിടെ പുറത്തിറങ്ങിയത് വലിയ രീതിയില്‍ വൈറലായിരുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ഷിമാരൂ ആണ് ഡിജിറ്റല്‍ ആന്‍ഡ് സാറ്റലൈറ്റ് ഡിസിട്രിബ്യൂട്ടര്‍ പാര്‍ട്‌നര്‍. 'കെ.ജി.എഫ്', 'കാന്താര' തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് ചിത്രത്തിന്റെ കര്‍ണാടകയിലെ തിയേറ്റര്‍ വിതരണാവകാശം റെക്കോര്‍ഡ് തുകയ്ക്ക് സ്വന്തമാക്കിയിരിക്കുന്നത്. ഫിലിം ഡിസ്ട്രിബ്യൂഷന്‍ രംഗത്തെ അതികായരായ ഫാര്‍സ് ഫിലിംസാണ് 'കാട്ടാളന്‍' സിനിമയുടെ ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.

"ആന്റണി നമ്മ നെനച്ച മാതിരിയില്ലൈ!"; കാട്ടാളന്റെ തമിഴ് ട്രെയിലര്‍ പുറത്തിറക്കി അനിരുദ്ധ്
'ധുരന്ധർ 2' പ്രദർശനം തടയില്ല; പൊതുതാൽപ്പര്യ ഹർജി തള്ളി മദ്രാസ് ഹൈക്കോടതി

നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രം പ്രേക്ഷകരെ ഞെട്ടിപ്പിക്കുമെന്ന് അടിവരയിടുന്നതായിരുന്നു പുറത്തിറങ്ങിയിരുന്ന കാട്ടാളന്‍ ഫസ്റ്റ് ലുക്ക്. അതിന് പിന്നാലെ സിനിമയുടെ ഓരോ അപ്‌ഡേറ്റും ഏവരും ഏറ്റെടുത്തിരുന്നു. ടീസറും ബ്രഹ്‌മാണ്ഡമായിരുന്നു. ടീസര്‍ ബിടിഎസും സിനിമയുടെ വലുപ്പം വിളിച്ചോതുന്നതായിരുന്നു. ആനയുമായുള്ള സംഘട്ടന രംഗങ്ങള്‍ വിഎഫ്എക്‌സ് ആയല്ല ചിത്രീകരിച്ചിരിക്കുന്നതെന്നും യഥാര്‍ത്ഥ ആനയെ തന്നെ ഉപയോഗിച്ചാണ് ഒരുക്കിയിരിക്കുന്നത് എന്നും ഇതിനകം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

വമ്പന്‍ സാങ്കേതിക മികവോടെയും വന്‍ ബഡ്ജറ്റോടെയും എത്തുന്ന ചിത്രം മലയാളത്തിലെ തന്നെ മികച്ചൊരു ദൃശ്യ വിസ്മയം തന്നെ ആകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. തമിഴ് സിനിമാ ലോകത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തന്റേതായ ഇടം നേടിയെടുത്ത ദുഷാര വിജയനാണ് ചിത്രത്തിലെ നായികയായെത്തുന്നത്. ആന്റണി വര്‍ഗ്ഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നുള്ളവരും പാന്‍ ഇന്ത്യന്‍ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്.

പാന്‍ ഇന്ത്യന്‍ താരങ്ങളായ സുനില്‍, കബീര്‍ ദുഹാന്‍ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ്, ആന്‍സണ്‍ പോള്‍, രാജ് തിരണ്‍ദാസു, ഷോണ്‍ ജോയ് തുടങ്ങിയ ശ്രദ്ധേയ താരങ്ങളേയും റാപ്പര്‍ ബേബി ജീനിനേയും ഹനാന്‍ ഷായേയും കില്‍ താരം പാര്‍ത്ഥ് തീവാരിയേയും, 'ലോക' ഫെയിം ഷിബിന്‍ എസ്. രാഘവിനേയും ഹിപ്സ്റ്റര്‍ പ്രണവ് രാജിനേയും കോള്‍ മീ വെനത്തേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു.

സിനിമയുടെ ചിത്രീകരണത്തിന് തായ്ലന്‍ഡിലായിരുന്നു തുടക്കം കുറിച്ചിരുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കണ്‍ക്ലൂഷന്‍, ജവാന്‍, ബാഗി 2, പൊന്നിയന്‍ സെല്‍വന്‍ പാര്‍ട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകള്‍ക്ക് ആക്ഷന്‍ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെ ആണ് ചിത്രത്തില്‍ ആക്ഷനൊരുക്കുന്നത്. ലോക പ്രശസ്ത തായ്ലന്‍ഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചിത്രമായ 'ഓങ്-ബാക്കി'ന്റെ സ്റ്റണ്ട് കോറിയോഗ്രഫര്‍ കെച്ച കെംബഡികെയുടെ നേതൃത്വത്തിലുള്ള ടീമിനോടൊപ്പമാണ് 'കാട്ടാളന്‍' ഷൂട്ട് ആരംഭിച്ചിട്ടുള്ളത്. ഓങ്-ബാക്കിലൂടെ ശ്രദ്ധ നേടിയ പോംഗ് എന്ന ആനയും ചിത്രത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയുമുണ്ട്.

സിനിമയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പോള്‍ ജോര്‍ജ്, ജോബി വര്‍ഗ്ഗീസ്, ജെറോ ജേക്കബ് എന്നിവരാണ്. സംഭാഷണം ഒരുക്കുന്നത് ബിഗ് ബി, ചാപ്പ കുരിശ്, മുന്നറിയിപ്പ്, ചാര്‍ലി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ എഴുത്തുകാരന്‍ ഉണ്ണി ആറാണ്. എഡിറ്റിംഗ് നിര്‍വ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ആണ്. വേറിട്ട ഗാനങ്ങളൊരുക്കി ചുരുങ്ങിയ കാലം കൊണ്ട് സംഗീത ലോകത്ത് ശ്രദ്ധേയനായ നിഹാല്‍ സാദിഖ് 'കാട്ടാളന് ' വേണ്ടി ഒരു ഇലക്ട്രിഫൈയിങ് പ്രൊമോ ഗാനം ഒരുക്കുന്നുമുണ്ട്. ഐഡന്റ് ലാബ്‌സ് ആണ് ടൈറ്റില്‍ ഗ്രാഫിക്‌സ്. അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ്, ഡിഒപി: രെണദേവ്, അഡീഷണല്‍ ഡിഒപി: ചന്ദ്രു സെല്‍വരാജ്, സുദീപ് എളമണ്‍, ഓഡിയോഗ്രഫി: എം.ആര്‍ രാജാകൃഷ്ണന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍: സുനില്‍ ദാസ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍: ഡിപില്‍ ദേവ്, എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍: ജുമാന ഷെരീഫ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, സൗണ്ട് ഡിസൈനര്‍: കിഷാന്‍, കോസ്റ്റ്യൂം: ധന്യ ബാലകൃഷ്ണന്‍, മേക്കപ്പ്: റോണക്‌സ് സേവ്യര്‍, സ്റ്റില്‍സ്: അമല്‍ സി സദര്‍, കോറിയോഗ്രാഫര്‍: ഷെരീഫ്, സ്റ്റണ്ട് സന്തോഷ് മാസ്റ്റര്‍, ഗാനരചന: വിനായക് ശശികുമാര്‍, സുഹൈല്‍ കോയ, ചീഫ് അസ്സോസിയേറ്റ്: രാജേഷ് ഭാസ്‌കര്‍, വിഎഫ്എക്‌സ്: ത്രീഡിഎസ്, അഡീഷണല്‍ സോങ്ങ്: ബി. അജനീഷ് ലോക്നാഥ് , ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: ഒബ്‌സിക്യൂറ എന്റര്‍ടെയ്ന്‍മെന്റ്‌സ്, പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com