
കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ പ്രതികരിച്ച് താരങ്ങള്‍. മധു, ഷീല, ഉര്‍വശി, ഷാജി കൈലാസ് എന്നിവര്‍ ന്യൂസ് മലയാളത്തോട് പ്രതികരിച്ചു. പൊന്നമ്മ മലയാളികളുടെ മനസില്‍ എന്നും ഉണ്ടാകുമെന്നാണ് മധു പറഞ്ഞത്. മലയാള സിനിമയുടെ അമ്മയാണ് നഷ്ട്‌പ്പെട്ടിരിക്കുന്നതെന്ന് ഉര്‍വശിയും പ്രതികരിച്ചു.
'വേദനയുള്ള കാര്യമാണ് ദുഖമുള്ള കാര്യമാണ്. പൊന്നമ്മയുടെ ശരീരം ഇനി ഉണ്ടാവില്ലെന്നെ ഉള്ളൂ. പൊന്നമ്മ മലയാളികളുടെ മനസില്‍ എന്നും ഉണ്ടാകും. പ്രത്യേകിച്ച് സിനിമ പ്രേമികളുടെയും നാടക പ്രേമികളുടെയും മനസില്‍. എന്നെ സംബന്ധിച്ചെടുത്തോളം പൊന്നമ്മയ്ക്ക് മോക്ഷം കിട്ടി എന്നല്ലാതെ മരിച്ചു എന്ന് പറയാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം എന്റെ മനസില്‍ നിന്ന് പൊന്നമ്മ മരിക്കില്ല', എന്നാണ് മധു കവിയൂര്‍ പൊന്നമ്മയെ കുറിച്ച് പറഞ്ഞത്. 'അവര്‍ വളരെ നല്ല സ്ത്രീയാണ്. നല്ലൊരു ആത്മാവാണ്. എനിക്ക് വിശ്വസിക്കാന്‍ ആകുന്നില്ല. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ', എന്നാണ് ഷീല പ്രതികരിച്ചത്.
'മലയാള സിനിമയുടെ അമ്മയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഇനി അങ്ങനെയൊരു അമ്മ ഉണ്ടാകുമെന്ന കാര്യത്തില്‍ കടുക് മണിയോളം നമുക്ക് പ്രതീക്ഷയില്ല. തലമുറകളായിട്ട് മലയാള സിനിമയ്ക്ക് അംഗീകരിക്കപ്പെട്ട ഒറ്റ അമ്മയെ ഉള്ളൂ അത് കവിയൂര്‍ പൊന്നമ്മയാണ്', എന്ന് ഉര്‍വശിയും പ്രതികരിച്ചു. 'ഞാന്‍ അമ്മയെ കാണുമ്പോള്‍ എന്റെ പൊന്നമ്മയെ പോലെയാണ് ഇരിക്കുന്നത്. എന്റെ അമ്മയുടെ ഛായയുണ്ട്. എന്റെ അമ്മ എന്നെ ചേര്‍ത്ത് വെക്കും പോലെയാണ് കവിയൂര്‍ പൊന്നമ്മയും എന്റെ കൈ ചേര്‍ത്തുപിടിക്കാറ്. കൈ വിടുന്നില്ല. അത്ര സ്‌നേഹം നമുക്ക് കാണാം', എന്നാണ് ഷാജി കൈലാസ് പറഞ്ഞത്.
ALSO READ : ആറരപതിറ്റാണ്ട് നീണ്ട അഭിനയജീവിതം; മലയാളി എന്നെന്നും ഓർമിക്കുന്ന നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച കവിയൂർ പൊന്നമ്മ
79 വയസായിരുന്ന കവിയൂര്‍ പൊന്നമ്മ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എറണാകുളം ലിസി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം.
ആറ് പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തില്‍ 700ലധികം സിനിമകളില്‍ വേഷമിട്ടു. 1945 സെപ്തംബര്‍ 10ന് പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ ആണ് ജനനം. അന്തരിച്ച പ്രശസ്ത സിനിമ-നാടക നടിയായിരുന്ന കവിയൂര്‍ രേണുക സഹോദരിയാണ്. നാല് തവണ മികച്ച സഹനടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. തോപ്പില്‍ ഭാസിയുടെ മൂലധനം എന്ന നാടകത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. കെപിഎസിയുടെ ഗായികയായിട്ടാണ് അരങ്ങത്തേക്ക് എത്തിയത്.