

ആദ്യ സിനിമയുടെ ചിത്രീകരണ സമയത്ത് നേരിടേണ്ടിവന്ന നിയമപരമായ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടി സാറാ അലി ഖാന്‍. മിഡ് ഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം കേദാര്‍നാഥ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന കേസിനെക്കുറിച്ച് സംസാരിച്ചത്.
സാറാ അലി ഖാന്റെ വാക്കുകള്‍ :
2018 മെയ് 28ന് ഞാന്‍ സിംബ ചെയ്യാന്‍ ഇരിക്കുകയായിരുന്നു. കേദാര്‍നാഥ് ആയിരുന്നു ഞാന്‍ ആദ്യം കമ്മിറ്റ് ചെയ്ത സിനിമ. ആദ്യമായി ഞാന്‍ പോകുന്ന സെറ്റും കേദാര്‍നാഥിന്റെയാണ്. കേദാര്‍നാഥ് എനിക്ക് എല്ലാമായിരുന്നു. പിന്നെ ചില തീയതികള്‍ അങ്ങോട്ടുമിങ്ങോട്ടുമായി. ആ സമയത്ത് ഞാന്‍ സിംബയും കമ്മിറ്റ് ചെയ്തു. അപ്പോള്‍ 3-4 തീയതികള്‍ ഒത്തുപോകുന്നില്ലായിരുന്നു. അങ്ങനെ കേദാര്‍നാഥിന്റെ സംവിധായകന്‍ എനിക്ക് എതിരെ അഞ്ച് കോടി രൂപയ്ക്ക് കേസ് കൊടുത്തു. എനിക്ക് നല്ല പേടിയുണ്ടായിരുന്നു. കാരണം എന്റെ കയ്യില്‍ 5 കോടി രൂപയില്ലായിരുന്നു. എന്റെ മുത്തച്ഛന്‍ ഡല്‍ഹിയില്‍ വയ്യാതിരിക്കുകയായിരുന്നു. ഇബ്രാഹിം സ്‌കൂളിലായിരുന്നു. എനിക്കെതിരെ ഒരു കേസും വന്നു. എനിക്ക് ശരിക്കും എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു.
എനിക്ക് ഷൂട്ടിന് പോകേണ്ടതിനാല്‍ ഞാന്‍ മാനേജറെ കോടതിയിലേക്ക് അയച്ചു. പിന്നെ ഞങ്ങള്‍ ഷൂട്ട് ചെയ്തു. എന്നിട്ട് ഞാന്‍ കേദാര്‍നാഥിന്റെ സംവിധായകന്‍ അഭിഷേക് സാറിനോട് സംസാരിച്ചു. അതിന് ശേഷം ഷൂട്ട് സുഖകരമായി നടന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടായിട്ടുണ്ടാകും. ഇപ്പോള്‍ എല്ലാം ഓക്കെയാണ്. അതിനുശേഷം രോഹിത് സാറും അഭിഷേക് സാറും പരസ്പരം സംസാരിച്ച് കാര്യങ്ങളില്‍ ഒരു തീരുമാനം ഉണ്ടാക്കി.