
എറണാകുളം: സിനിമാ നിർമാതാക്കളുടെ സംഘടനയിലെ (കെഎഫ്‌പിഎ) ഭാരവാഹി തെരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞു. നിലവിലെ ജനറൽ സെക്രട്ടറി ബി. രാകേഷും സജി നന്ത്യാട്ടും ആണ് പ്രസിഡന്റ് സ്ഥാനത്തിനായി മത്സരിക്കുന്നത്. മറ്റ് ഭാരവാഹി സ്ഥാനങ്ങളിലേക്ക് 39 പേരാണ് മത്സര രംഗത്തുള്ളത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സോഫിയാ പോൾ, സന്ദീപ് സേനൻ, ആനന്ദ് കുമാർ എന്നിവർ തമ്മിലാണ് പ്രധാന മത്സരം. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ലിസ്റ്റിൻ സ്റ്റീഫൻ, വിനയൻ, കല്ലിയൂർ ശശി എന്നിവർ ആണ് അന്തിമ പട്ടികയിലെ സ്ഥാനാർഥികൾ. ജോയിന്റ് സെക്രട്ടറി ആകാൻ എം.എം. ഹംസ, ആൽവിൻ ആന്റണി, ആനന്ദ് കുമാർ എന്നിവരും മത്സരിക്കുന്നു. ട്രഷറർ ആകാൻ മഹാ സുബൈർ, സജി നന്ത്യാട്ട് എന്നിവരും പത്രിക നൽകിയിട്ടുണ്ട്.
14 അംഗ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് 26 പേരാണ് മത്സരിക്കുന്നത്. ഇതിൽ സാന്ദ്ര തോമസ്, ഷീല കുര്യൻ, ഷെർഗ സന്ദീപ് എന്നീ മൂന്ന് സ്ത്രീകളുണ്ട്. പ്രസിഡന്റ് സ്ഥാനത്തേക്ക് നൽകിയ പത്രിക തള്ളിയതിന് എതിരെ സാന്ദ്ര തോമസ് നൽകിയ ഹർജി കോടതിയുടെ പരിഗണനയിൽ ആണ്.
പ്രസിഡന്റ് അടക്കമുള്ള പ്രധാന പോസ്റ്റുകളിലേക്ക് മത്സരിക്കാൻ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്ന നിയമം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക തള്ളിയത്. എന്നാൽ തന്റെ പേരിൽ ഒന്‍പത് സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ട് എന്നാണ് സാന്ദ്രയുടെ വാദം. ഈ മാസം 14നാണ് കെഎഫ്‌പിഎ വോട്ടെടുപ്പ്.