

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ബോളിവുഡ് താരദമ്പതികളായ കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും. സോഷ്യൽ മീഡിയയിലൂടെയാണ് ഈ സന്തോഷ വാർത്ത ഇരുവരും ആരാധകരുമായി പങ്കുവച്ചത്. തങ്ങളുടെ കൈകൾക്കൊപ്പം മകൾ സരായയുടെ കുഞ്ഞിക്കൈകളും ഒരു ബേബി സോക്സും ചേർത്തുവച്ചുള്ള മനോഹരമായ ചിത്രമാണ് ദമ്പതികൾ പങ്കുവച്ചിരിക്കുന്നത്.
"ഏറ്റവും വലിയ സമ്മാനം നൽകി ദൈവം ഞങ്ങളെ വീണ്ടും അനുഗ്രഹിച്ചിരിക്കുന്നു" എന്ന കുറിപ്പോടെയാണ് ഇരുവരും ചിത്രം പങ്കുവച്ചത്.
ഇതിനു പിന്നാലെ സിനിമാ ലോകം ഒന്നാകെ കിയാരയ്ക്കും സിദ്ധാർഥിനും ആശംകളുമായി രംഗത്തെത്തിയിട്ടുണ്ട്. കരീന കപൂർ, കരൺ ജോഹർ, ഭൂമി പഡ്നേക്കർ, പരിണീതി ചോപ്ര, അയുഷ്മാൻ ഖുറാന, കീർത്തി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ആരാധകരും ദമ്പതികൾക്ക് ആശംസകൾ നേർന്നു.
2023 ഫെബ്രുവരിയിലാണ് കിയാര അദ്വാനിയും സിദ്ധാർഥ് മൽഹോത്രയും വിവാഹിതരായത്. രാജസ്ഥാനിലെ ജയ്‌സാൽമീറിലെ സൂര്യഗർഗ് പാലസിൽ നടന്ന വിവാഹത്തിന്റെ ദൃശ്യങ്ങൾ വൈറലായിരുന്നു. 2025 ജൂലൈയിൽ ദമ്പതികൾക്ക് മകൾ ജനിച്ചു. സരായ എന്നാണ് ആദ്യ കുഞ്ഞിന് ദമ്പതികളിട്ട പേര്.
യഷ് നായകനായ ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്കി’ലാണ് കിയാര അദ്വാനി ഒടുവിൽ അഭിനയിച്ചത്. സിദ്ധാർഥ് മൽഹോത്ര നായകനായ 'വാൻ' ഇപ്പോൾ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.