
ബോളിവുഡ് നിര്‍മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍ നിര്‍മിച്ച കില്‍ എന്ന ചിത്രം ഹോളിവുഡിലേക്ക് റീമേക്ക് ചെയ്യുന്നു. ഹോളിവുഡ് നടനായ കിയാനു റീവ്‌സിന്റെ ജോണ്‍ വിക് സീരീസ് നിര്‍മിച്ച 87 എലവെന്‍ എന്റര്‍ടെയിന്‍മെന്റ് കമ്പനിയാണ് കില്ലിന്റെ റീമേക്ക് ചെയ്യുന്നത്. ജോണ്‍ വിക് സംവിധായകന്‍ ചാഡ് സ്റ്റെഹെല്‍സ്‌കി അടുത്തിടെ കണ്ട മികച്ച ആക്ഷന്‍ സിനിമയാണ് കില്ലെന്ന് പറഞ്ഞുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 'കില്‍ റീമേക്ക് ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നാണ്' ചാഡ് പറഞ്ഞത്.
കില്ലിന്റെ നിര്‍മാതാക്കള്‍ സിനിമ ആഗോള തലത്തില്‍ ശ്രദ്ധിക്കപ്പെടണമെന്ന ഉദ്ദേശത്തോടെയാണ് നിര്‍മിച്ചതെന്ന് പറഞ്ഞു. സിനിമയുടെ റിലീസിനുമുൻപുവന്ന ഈ പ്രഖ്യാപനം തങ്ങൾക്ക് ഒരു ബഹുമതിയാണെന്നും നിർമാതാക്കള്‍ പ്രതികരിച്ചു. നിഖില്‍ നാഗേഷ് ഭട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ലക്ഷ്യയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ജൂലൈ 5നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.
ധര്‍മാ പ്രൊഡക്ഷന്‍സ് സിഖ്യ എന്റര്‍ടെയിന്‍മെന്റ് എന്നിവര്‍ ചേര്‍ന്നാണ് കില്‍ നിര്‍മിച്ചിരിക്കുന്നത്. ടൊറോന്റോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയര്‍ നടന്നത്.