
ഓണചിത്രമായി എത്തിയ കിഷ്കിന്ധാ കാണ്ഡം നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമയ്ക്ക് പുത്തൻ പ്രതീക്ഷകൾ നൽകിയ ചിത്രം കൂടിയായ കിഷ്കിന്ധാ കാണ്ഡം ദിന്‍ജിത്ത് അയ്യത്താനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ ആസിഫ് അലിയും വിജയരാഘവനും അപര്‍ണ ബാലമുരളിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോഴിതാ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ഇന്ത്യയിൽ നിന്ന് ഒന്നാമത് കിഷ്കിന്ധ കാണ്ഡം ആണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഓണം റിലീസിൽ അജയന്റെ ഒന്നാം മോഷണമാണ് മുന്നിട്ട് നിന്നിരിക്കുന്നതെങ്കിലും കിഷ്‍കിന്ധാ കാണ്ഡം തിയറ്ററില്‍ കണ്ടവര്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തിയതോടെ എആര്‍എമ്മിന്റെ ടിക്കറ്റ് വില്‍പന പിന്നിലാവുകയായിരുന്നു. ബുക്ക് മൈ ഷോയിൽ ശനിയാഴ്ചത്തെ 24 മണിക്കൂറിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിലാണ് കിഷ്കിന്ധ കാണ്ഡം മുന്നിലെത്തിയത്. 1.34 ലക്ഷം ടിക്കറ്റുകളാണ് കിഷ്‍കിന്ധാ കാണ്ഡത്തിന്റേതായി വിറ്റു പോയിരിക്കുന്നത്. അതേസമയം, എആർഎമിന്റെ 96000 ടിക്കറ്റുകളാണ് 24 മണിക്കൂറില്‍ വിറ്റത്.
ഇന്ത്യയില്‍ നിന്ന് മാത്രം 21.9 കോടി രൂപ കിഷ്‍കിന്ധാ കാണ്ഡം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കിഷ്‍കിന്ധാ കാണ്ഡം ആഗോളതലത്തില്‍ വൈകാതെ 50 കോടി നേടുമെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അജയന്റെ രണ്ടാം മോഷണം 50 കോടി ക്ലബില്‍ ഇടം നേടിയിരുന്നു.
ആസിഫ് അലിക്കൊപ്പം അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, നിഷാന്‍, അശോകന്‍, മേജര്‍ രവി, വൈഷ്ണവി രാജ് എന്നിവരും ചിത്രത്തിലുണ്ട്. കക്ഷി അമ്മിണിപ്പിള്ളയ്ക്ക് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത സിനിമയാണ് 'കിഷ്‌കിന്ധാ കാണ്ഡം'. ബാഹുല്‍ രമേശാണ് തിരക്കഥയും ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്.