
തെലുങ്ക് നടനും ആന്ധ്രാ പ്രദേശിലെ മുൻ എംഎൽഎയുമായിരുന്ന കോട്ട ശ്രീനിവാസ റാവു (83) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ ഹൈദരാബാദിലെ വസതിയിലായിരുന്നു അന്ത്യം.
750ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മമ്മൂട്ടി നായകനായ 'ദി ട്രെയിനി'ൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. മോഹൻലാൽ നായകനായ 'ജനതാ ഗാരേജി'ലും പ്രധാന വേഷത്തിലെത്തിയിരുന്നു.
വില്ലൻ വേഷങ്ങളിലും ഹാസ്യ പ്രധാനമായ വേഷങ്ങളിലും ക്യാരക്ടർ റോളുകളിലും അദ്ദേഹം തിളങ്ങി. അവസാന കാലത്ത് പല വിവാദ പരാമർശങ്ങളും നടത്തിയിരുന്നു.
1978ൽ 'പ്രണം ഖരീദു' എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കോട്ട ശ്രീനിവാസ റാവു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 1990ൽ ബിജെപിയിൽ ചേർന്ന ശ്രീനിവാസ റാവു, 1999ൽ വിജയവാഡ ഈസ്റ്റിൽ നിന്ന് ആന്ധ്രാപ്രദേശ് നിയമസഭയിലേക്ക് എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിലെ കങ്കിപാടുവിലാണ് ശ്രീനിവാസ റാവുവിൻ്റെ ജനനം. കുടുംബ സമേതം ജൂബിലി ഹിൽസിലെ ഫിലിം നഗറിലായിരുന്നു താമസിച്ചിരുന്നത്. 83ാം ജന്മദിനത്തിന് രണ്ട് ദിവസത്തിനിപ്പുറം ഞായറാഴ്ച പുലർച്ചെയോടെയാണ് അന്ത്യം സംഭവിച്ചത്.
ഇതിഹാസ നടൻ്റെ വിയോഗ വാർത്ത തെലുങ്ക് സിനിമാ ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. നിരവധി പ്രമുഖ താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആദരാഞ്ജലികൾ അർപ്പിച്ചു.
അഹാ നാ പെല്ലന്താ, പ്രതിഗതന, ഖൈദി നമ്പർ 786, ശിവ, യമലീല എന്നിവയാണ് അദ്ദേഹത്തിൻ്റെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലത്. ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്ക് 2015ൽ പത്മശ്രീ നേടിയിരുന്നു. ഒമ്പത് നന്ദി അവാർഡുകളും ലഭിച്ചിട്ടുണ്ട്.