മീനയുടെ കഥ പറഞ്ഞ 'കൊട്ടുകാളി'; ഇനി ഒടിടിയിലേക്ക്

മീനയുടെ കഥ പറഞ്ഞ 'കൊട്ടുകാളി'; ഇനി ഒടിടിയിലേക്ക്

ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്
Published on

മലയാളി താരം അന്ന ബെന്നിന്‍റെ ആദ്യ തമിഴ് സിനിമയായ 'കൊട്ടുകാളി' ഒടിടിയിലേക്ക്. പി.എസ് വിനോദ് രാജ് സംവിധാനം ചെയ്ത ചിത്രത്തില്‍ സൂരിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഓഗസ്റ്റ് 26ന് തീയേറ്ററുകളിലെത്തിയ ചിത്രം റഷ്യയിൽ നടന്ന 22-ാമത് അമുർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗ്രാന്റ് പ്രീ അവാർഡും നേടിയിരുന്നു. ബെർലിൻ അന്തർദേശീയ ചലച്ചിത്രമേളയിൽ ലോക പ്രീമിയർ പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് ചിത്രമെന്ന നേട്ടം നേരത്തെ കൊട്ടുകാളി കൈവരിച്ചിരുന്നു.

ആമസോൺ പ്രൈം വീഡിയോ ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 27ന് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീമിംഗ് ആരംഭിക്കും.

കഴിഞ്ഞ വര്‍ഷം ഓസ്‍കര്‍ അവാര്‍ഡിനായുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട 'കൂഴാങ്കല്ല്' എന്ന സിനിമയ്ക്ക് ശേഷം വിനോദ് രാജ് ഒരുക്കിയ ചിത്രമാണ് കൊട്ടുകാളി. സിനിമയിലെ സൂരിയുടെയും അന്ന ബെന്നിന്റെയും പ്രകടനങ്ങൾ മികച്ച പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടിയിരുന്നു.

നടൻ ശിവകാർത്തികേയന്റെ നിർമ്മാണ കമ്പനിയായ ശിവകാർത്തികേയൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത്. ബി ശക്തിവേലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത്. ഗണേഷ് ശിവയാണ് എഡിറ്റിങ്.

News Malayalam 24x7
newsmalayalam.com