
ജീത്തു ജോസഫ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് നുണക്കുഴി. ആഗസ്റ്റ് 15ന് തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ട്വില്‍ത്ത് മാന്‍, കൂമന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ കെ.ആര്‍ കൃഷ്ണകുമാറാണ്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമകളില്‍ നിന്ന് ഒരു കോമഡി എന്റര്‍ടെയിനറിലേക്ക് ചുവടുവെക്കുകയാണ് കെ.ആര്‍ കൃഷ്ണകുമാര്‍. ത്രില്ലര്‍ എഴുതുമ്പോള്‍ ചില സീനുകള്‍ വര്‍ക്കാവുമെന്ന ഗ്യാരണ്ടിയുണ്ട്. എന്നാല്‍ ഹ്യൂമര്‍ അങ്ങനെയല്ലെന്നാണ് കൃഷ്ണകുമാര്‍ ന്യൂസ് മലയാളത്തോട് പറഞ്ഞത്. നുണക്കുഴി എന്ന ചിത്രത്തിന്റെ വിശേഷവും കൃഷ്ണകുമാര്‍ പങ്കുവെച്ചു.
രണ്ടു വര്‍ഷം മുന്‍പ് ആലോചിച്ച ത്രെഡ്
നുണക്കുഴിയുടെ ത്രെഡ് വളരെ നേരത്തെ ആലോചിച്ച് വെച്ചിരുന്നു. കുറച്ച് നാളുകള്‍ക്ക് മുന്‍പ് തന്നെ എന്റെ മനസില്‍ ഈ ഐഡിയ ഉണ്ടായിരുന്നു. പിന്നീട് കൂമന്‍ നടക്കുന്ന സമയത്താണ് ഞാന്‍ നുണക്കുഴിയുടെ ഒരു സ്റ്റോറി ലൈന്‍ ഡെവലപ്പ് ചെയ്യുന്നത്. അന്ന് ഞാന്‍ ജീത്തു ജോസഫിനോട് അക്കാര്യം സൂചിപ്പിച്ചിരുന്നു. പിന്നീട് കൂമന്‍ കഴിഞ്ഞ ശേഷം ഞാന്‍ നുണക്കുഴിയുടെ ഒരു വണ്‍ലൈന്‍ എഴുതി റെഡിയാക്കി. എന്നിട്ട് ഞാന്‍ അത് ജീത്തുവിന് കൊടുത്തു. അത് വായിച്ചപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു. ഒരു രണ്ട് വര്‍ഷം മുന്‍പാണ് ഈ സിനിമയുടെ ഒരു പ്രൊസസ് തുടങ്ങുന്നത്.
വ്യത്യസ്തമായ സ്‌ക്രീന്‍ പ്ലേകള്‍ എഴുതുമ്പോള്‍ ആണല്ലോ നമുക്ക് കൂടുതല്‍ എക്‌സൈറ്റ്‌മെന്റ് ഉണ്ടാകുന്നത്. എപ്പോഴും വ്യത്യസ്തമായി എഴുതാന്‍ സാധിച്ചാല്‍ അത്രയും നല്ലതാണ്. ഇനിയിപ്പോള്‍ ഒരു ഇമോഷണല്‍ ഡ്രാമയോ ആക്ഷന്‍ ത്രില്ലറോ ഒക്കെ എഴുതാന്‍ സാധിച്ചാല്‍ അത്രയും സന്തോഷമാണ്. വ്യത്യസ്തമായ കഥകള്‍ ചെയ്യുമ്പോള്‍ ഓരോന്നിനോടും നമുക്ക് പുതിയൊരു സമീപനം ഉണ്ടാകുമല്ലോ. പുതിയൊരു കാര്യം ചെയ്യുന്ന എക്‌സൈറ്റ്‌മെന്റ് കിട്ടും അതില്‍. അത് തീര്‍ച്ചയായും എനിക്ക് നുണക്കുഴിയിലും ഉണ്ടായിരുന്നു. പിന്നെ 12th man-ന് മുന്‍പ് ജീത്തുവിനോട് ഞാന്‍ ആദ്യമായി പറഞ്ഞ കഥ ഒരു കോമഡി ഡ്രാമയായിരുന്നു. നുണക്കുഴി 12th man, കൂമന്‍ എന്നീ സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായിട്ടുള്ള ജോണറാണ്. പിന്നെ അതിന്റെ ഒരു പാറ്റേണ്‍ എല്ലാം തന്നെ വ്യത്യസ്തമാണ്. എന്നെ സംബന്ധിച്ച് ഭയങ്കര എക്‌സൈറ്റിംഗായിരുന്നു അത്.
ഹ്യൂമര്‍ അങ്ങനെയല്ല ചിരിച്ചില്ലെങ്കില്‍ പണിയാണ്
ത്രില്ലറെഴുതുമ്പോള്‍ നമുക്ക് നമ്മുടെ ഇന്റലിജെന്‍സ് നന്നായി ഉപയോഗിക്കേണ്ടി വരും. ത്രില്ലറിന് അതിന്റേതായൊരു അധ്വാനമുണ്ട്. കോമഡിയിലേക്ക് വരുമ്പോള്‍ അങ്ങനെയല്ല. അതില്‍ നമുക്ക് തന്നെയൊരു ജഡ്ജ്‌മെന്റ് കിട്ടണമെന്നില്ല. കോമഡി ആള്‍ക്കാരെ ചിരിപ്പിക്കുമോ രസിപ്പിക്കുമോ എന്നത് നമുക്ക് തന്നെയൊരു ജഡ്ജ്‌മെന്റ് കിട്ടണമെന്നില്ല. ശരിക്കും പറഞ്ഞാല്‍ കോമഡിക്ക് അതിന്റേതായൊരു റിസ്‌കുണ്ട്. ത്രില്ലറില്‍ ഒരു നല്ല സസ്‌പെന്‍സ് ഒക്കെ കൊടുക്കാന്‍ സാധിച്ചാല്‍ നമുക്ക് ഒരു മിനിമം ഗ്യാരണ്ടിയുണ്ടാകും. ഹൃൂമര്‍ അങ്ങനെയല്ല. ചിരിച്ചില്ലെങ്കില്‍ പണിയാണ്.
നുണക്കുഴിയില്‍ തമാശയായി ആഘോഷിക്കാന്‍ സാധിക്കുന്ന ഡയലോഗുകള്‍ ഒരുപാട് ഉണ്ട്. കഥയുടെ ഒരു നരേഷന്‍ സ്റ്റൈല്‍ വ്യത്യസ്തമാണ്. ഇതില്‍ ഉടനീളം വരുന്ന കുറച്ച് കഥാപാത്രങ്ങളുണ്ട്. പിന്നെ ചില കഥാപാത്രങ്ങള്‍ ഈ കഥയിലേക്ക് വന്നുചേരുകയാണ്. സിനിമ കണ്ടു കഴിയുമ്പോഴാണ് അത് നമുക്ക് വ്യക്തമായി മനസിലാകുന്നത്. അത്തരത്തിലൊരു റൈറ്റിംഗ് സ്‌റ്റൈലാണ് ഞാന്‍ ഈ സിനിമയില്‍ ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ ഒരു സ്ഥലത്ത് നിന്ന് തുടങ്ങി മറ്റൊരിടത്ത് തീരുന്ന കഥ എന്ന നിലയ്ക്കല്ല. ഒന്ന് രണ്ട് കഥാപാത്രങ്ങളുടെ യാത്രയിലേക്ക് വേറെ ചില കഥാപാത്രങ്ങള്‍ കടന്നുവരുന്ന തരത്തിലുള്ള രചനാ രീതിയാണ് നുണക്കുഴിയില്‍ ചെയ്തിരിക്കുന്നത്. സിനിമ കാണുമ്പോള്‍ ഞാന്‍ പറഞ്ഞത് കുറച്ചുകൂടെ വ്യക്തമാകും.
നുണക്കുഴി ഒരു എന്റര്‍ടെയിനര്‍
കഥ പൂര്‍ണ്ണമായും സ്‌ക്രീന്‍ പ്ലേ ആയതിന് ശേഷമാണ് ഞാന്‍ ബേസിലിലേക്ക് പോകുന്നത്. സ്‌ക്രീന്‍പ്ലേ ആയതിന് ശേഷം ഞാന്‍ ജീത്തുവിന് വായിക്കാന്‍ കൊടുത്തു. അതിന് ശേഷം ബേസിലാണ് ആ കഥാപാത്രത്തിന് ഉചിതമായൊരാള്‍ എന്ന തീരുമാനത്തില്‍ നിന്ന് ബേസിലിലേക്ക് പോവുകയായിരുന്നു. കഥ ആലോചിക്കുന്ന സമയത്ത് പല ആര്‍ട്ടിസ്റ്റുകളും ചിന്തയില്‍ ഉണ്ടായിരുന്നെങ്കിലും സ്‌ക്രീന്‍ പ്ലേ ആയികഴിഞ്ഞപ്പോഴേക്കും ബേസില്‍ തന്നെ ചെയ്യണം എന്ന തീരുമാനത്തിലേക്ക് എത്തുകയായിരുന്നു.
നുണക്കുഴിയൊരു ഔട്ട് ആന്‍ഡ് ഔട്ട് എന്റര്‍ടെയിനര്‍ ആണ്. ചില സമയത്ത് സിനിമ ഒരു ത്രില്ലിങ് മൂഡിലേക്ക് പോവുകയൊക്കെ ചെയ്യും. പക്ഷെ സിനിമ പുര്‍ണ്ണമായും ഒരു എന്റര്‍ടെയിനര്‍ ആണ്. കോമഡി എന്ന് പറയുമ്പോള്‍ തമാശയ്ക്കുപരി കുറച്ചൊരു ഡാര്‍ക്ക് കോമഡി എലമെന്റെല്ലാം സിനിമയിലുണ്ട്. എന്നാലും നുണക്കുഴിയൊരു എന്റര്‍ടെയിനര്‍ ആണ്.