
ഒരു അഭിനേത്രിയായും സംരംഭകയായും പ്രവര്‍ത്തിച്ച ശേഷം, കൃതി സനോണ്‍ തന്റെ 'ദോ പാട്ടി' എന്ന ചിത്രത്തിലൂടെ ഒരു നിര്‍മാതാവിന്റെ റോളിലേക്ക് ചുവടുവെക്കുകയാണ്. കജോളിനൊപ്പമാണ് നടി ചിത്രത്തില്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നത്. ഒക്ടോബര്‍ 25 മുതല്‍ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ പ്രീമിയര്‍ ചെയ്യാന്‍ ഒരുങ്ങുമ്പോള്‍ താരങ്ങളുടെ ഉയര്‍ന്ന പരിവാരച്ചെലവിനെകുറിച്ചും ഇത് പലപ്പോഴും നിര്‍മാതാക്കള്‍ക്ക് ഭാരമായി മാറുന്നതിനെ കുറിച്ചും താരം സംസാരിച്ചു. ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.
''എന്റെ കാഴ്ചപ്പാട് ഇപ്പോഴും അങ്ങനെതന്നെയാണ്. മുടി, മേക്കപ്പ്, കോസ്റ്റ്യൂം എന്നിവയെക്കുറിച്ച് പറയുമ്പോള്‍, അവര്‍ കഥാപാത്രത്തെ ഒരു പരിധി വരെ സ്വാധീനിക്കുന്നു. പക്ഷേ, അനാവശ്യമായ പരിവാരങ്ങള്‍ പലപ്പോഴും ധാരാളം ഉണ്ടാവാറുണ്ട്. അത് ചിലപ്പോള്‍ ചില അഭിനേതാക്കള്‍ക്ക് ഉണ്ടായേക്കാം. നാം അത് ശ്രദ്ധിക്കേണ്ടതുണ്ട്. ഞാന്‍ ഒരു ആക്ഷന്‍ ചിത്രമാണ് ചെയ്യുന്നതെങ്കില്‍, കഥാപാത്രത്തിന് ഒരു പരിശീലകനും പോഷകാഹാര വിദഗ്ധനും ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്.'മിമി'ക്ക് വേണ്ടി എനിക്ക് 15 കിലോഗ്രാം ഭാരം വര്‍ദ്ധിപ്പിക്കേണ്ടി വന്നപ്പോള്‍ എനിക്ക് ഒരു പോഷകാഹാര വിദഗ്ധന്‍ ഉണ്ടായിരുന്നു. പക്ഷേ, ഞാന്‍ അത് ചെയ്യുന്നത് എന്റെ ആഡംബരത്തിനും ക്ഷേമത്തിനും വേണ്ടിയാണെങ്കില്‍, അത് സിനിമയ്ക്ക് ആവശ്യമില്ലെങ്കില്‍, അത് നിര്‍മാണത്തില്‍ വരാന്‍ പാടില്ല. അതിനാല്‍ ഈ അടിസ്ഥാനകാര്യങ്ങള്‍ ഞാന്‍ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അനാവശ്യവും മണ്ടത്തരവുമായ ചിലവ് നിര്‍മാണത്തില്‍ വരാന്‍ പാടില്ല', കൃതി സനോണ്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ നിര്‍മാണ കമ്പനിയായ അജയ് ദേവ്ഗണ്‍ ഫിലിംസിന്റെ ഭാഗമായ കജോളും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പരിവാരച്ചെലവിനെക്കുറിച്ചുള്ള തന്റെ കാഴ്ചപാടുകള്‍ പങ്കുവെച്ചു. ''ഇത് സിനിമയെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ചില സന്ദര്‍ഭങ്ങളില്‍, ചില ആവിശ്യങ്ങള്‍ തികച്ചും ബാലിശമായി ഞാന്‍ കാണുന്നു. നാണയത്തിന് രണ്ട് വശങ്ങളുണ്ട്, അവ ഓരോ കേസിലും എടുക്കണമെന്ന് ഞാന്‍ കരുതുന്നു. ഒരു അഭിനയതാവ് എന്ന നിലയിലും നിര്‍മാതാവെന്ന നിലയിലും അതിന് ഒരു പരിധി ഉണ്ടായിരിക്കണമെന്ന് ഞാന്‍ കരുതുന്നു', കജോള്‍ പറഞ്ഞു.