"എല്ലാവര്‍ക്കും തുല്യമായ കാര്യങ്ങള്‍ നല്‍കുക"; ബോളിവുഡിലെ അസമത്വത്തെ കുറിച്ച് കൃതി സനോണ്‍
ബോളിവുഡ് നടി കൃതി സനോണിനെ യുഎന്‍എഫ്പിഎ ഇന്ത്യയുടെ ലിംഗസമത്വത്തിന്റെ ഓണററി അംബാസിഡറായി പ്രഖ്യാപിച്ചു. പരിപാടിയില്‍ വെച്ച് കൃതി ലംഗ മാനദണ്ഡങ്ങളുമായുള്ള തന്റെ വ്യക്തിപരമായ അനുഭവങ്ങളെ കുറിച്ച് സംസാരിച്ചു. ഒരു പുരോഗമന കുടുംബത്തിലാണ് താന്‍ വളര്‍ന്നതെങ്കിലും തനിക്ക് ചുറ്റുമുള്ള അസമത്വം അവഗണിക്കാന്‍ കഴിയില്ലെന്ന് അവര്‍ വെളിപ്പെടുത്തി.
എന്‍ഡിടിവിയുമായുള്ള അഭിമുഖത്തില്‍ തന്റെ മാനസികാവസ്ഥ രൂപപ്പെടുത്തുന്നതില്‍ വളര്‍ന്ന സാഹചര്യം എങ്ങനെയാണ് നിര്‍ണായക പങ്ക് വഹിച്ചതെന്ന് കൃതി തുറന്ന് പറഞ്ഞു. തന്റെ അമ്മ വളര്‍ന്ന സാഹചര്യം തന്നില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നെന്നും കൃതി പറഞ്ഞു.
"പെണ്‍കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത പലതും ആണ്‍കുട്ടികള്‍ക്ക് അനുവദനീയമായിരുന്ന ഒരു കാലത്താണ് എന്റെ അമ്മ വളര്‍ന്നത്. പെണ്‍കുട്ടികള്‍ വീട്ടില്‍ തന്നെ കഴിയുകയും പാചകം ചെയ്യുകയും നിയമങ്ങള്‍ പാലിക്കുകയും ചെയ്യണമായിരുന്നു. നീന്തലും നൃത്തവും പഠിക്കാന്‍ എന്റെ അമ്മ ആഗ്രഹിച്ചിരുന്നു. പക്ഷെ അവര്‍ക്ക് അതിന് സാധിച്ചില്ല. പഠിക്കുക എന്നതിന് വേണ്ടി മാത്രമാണ് അമ്മ പോരാടിയത്. അങ്ങനെ അമ്മ ഒരു പ്രൊഫസറായി", കൃതി വ്യക്തമാക്കി.
ആ പോരാട്ടം കൃതിക്കും സഹോദരിക്കും വ്യത്യസ്തമായൊരു ഭാവിയുടെ അടിത്തറയായി മാറുകയായിരുന്നു. "എനിക്ക് വേണ്ടിയുള്ള അമ്മയുടെ ആദ്യ ചിന്ത, നിനക്ക് ഇഷ്ടമുള്ളത് ചെയ്യൂ. സ്വപ്‌നം കാണുന്നത് എന്താണോ അതിലേക്ക് പോകൂ എന്നതായിരുന്നു", കൃതി പങ്കുവെച്ചു.
കുട്ടിക്കാലം പക്ഷപാതരഹിതമായിരുന്നെങ്കിലും സിനിമാ വ്യവസായം തന്നെ അസമത്വങ്ങളിലേക്ക് തള്ളിവിട്ടുവെന്ന് കൃതി സമ്മതിക്കുന്നു. "ഇത് എല്ലായ്‌പ്പോഴും സംഭവിച്ചിട്ടില്ല. പക്ഷെ നടന്മാര്‍ക്ക് മികച്ച കാര്‍, മികച്ച മുറി ലഭിക്കുക എന്നത് പോലുള്ള ചെറിയ കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉണ്ട്. ഇതൊരിക്കലും കാറിനെ കുറിച്ചല്ല. മറിച്ച് ഞാനൊരു സ്ത്രീ ആയതിനാല്‍ എന്നെ ചെറുതാക്കാതിരിക്കുക എന്നതിനെ കുറിച്ചാണ്. എല്ലാവര്‍ക്കും തുല്യമായ കാര്യങ്ങള്‍ നല്‍കുക", എന്നാണ് കൃതി പറഞ്ഞത്.
"ചിലപ്പോള്‍ അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് പോലും ആദ്യം നടിമാരെ വിളിക്കുകയും പിന്നീട് നടന്മാര്‍ക്കായി കാത്തിരിക്കുകയും ചെയ്യുന്ന ശീലം കാണിക്കാറുണ്ട്. മാനസികാവസ്ഥ മാറേണ്ടത് അത്യാവശ്യമാണ്", എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.