വിശ്വാസങ്ങളെ ഹനിക്കുന്ന സിനിമയല്ല ബോഗയ്ന്‍വില്ല; കണ്ടു കഴിയുമ്പോൾ മനസിലാകും; കുഞ്ചാക്കോ ബോബന്‍

ഭീഷ്മപര്‍വ്വത്തിന് ശേഷം അമല്‍ നീരദ് ഒരുക്കിയ ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും
വിശ്വാസങ്ങളെ ഹനിക്കുന്ന സിനിമയല്ല ബോഗയ്ന്‍വില്ല; കണ്ടു കഴിയുമ്പോൾ മനസിലാകും; കുഞ്ചാക്കോ ബോബന്‍
Published on


അമല്‍ നീരദിന്‍റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ബോഗയ്ന്‍വില്ല സിനിമയെ സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരണവുമയി കുഞ്ചാക്കോ ബോബനും ജ്യോതിര്‍മയിയും അടക്കമുള്ള താരങ്ങള്‍. ബോഗയ്ന്‍വില്ല ഒരു റിലീജിയസ് പോയിന്‍റില്‍ ഉള്ള സിനിമ അല്ല. ആരുടെയും വിശ്വാസങ്ങളെ ഹനിക്കുന്ന സിനിമയല്ല ഇതെന്നും ചിത്രം കണ്ടു കഴിയുമ്പോള്‍ അത് മനസിലാകുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു. സിനിമയുടെ റിലീസിന് മുന്നോടിയായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു നടന്‍റെ പ്രതികരണം.

ഭീഷ്മ പര്‍വ്വത്തിന് ശേഷം അമല്‍ നീരദ് ഒരുക്കിയ ചിത്രം ഒക്ടോബര്‍ 17ന് തിയേറ്ററുകളിലെത്തും. സിനിമയിലെ 'സ്തുതി'എന്ന പ്രൊമോ ഗാനത്തിനെതിരെ പരാതിയുമായി സിറോ മലബാര്‍ സഭ രംഗത്തുവന്നത് വിവാദമായിരുന്നു. വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് സുഷിന്‍ ശ്യാം സംഗീതം നല്‍കിയ ‘ഭൂലോകം സൃഷ്ടിച്ച കർത്താവിന് സ്തുതി’ എന്ന ഗാനത്തിനെതിരായാണ് സിറോ മലബാർ സഭ അല്മായ സെക്രട്ടറി ടോണി ചിറ്റിലപ്പള്ളി കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിനും സെൻസർ ബോർഡിനും പരാതി നൽകിയത്.

എന്നാൽ സിനിമ കുടുംബ ബന്ധങ്ങൾക്ക് ഒരുപാട് പ്രാധാന്യമുള്ള ഒരു ക്രൈം ത്രില്ലർ സിനിമയാണെന്നും, ഒരു വിഭാഗത്തിനെ വികലമാക്കൻ വേണ്ടി ചെയ്തത് അല്ലെന്നും, സിനിമയുടെ കഥയുമായി ബന്ധപ്പെട്ടാണ് പാട്ട് ഉണ്ടായത് എന്നും അത് സിനിമ കണ്ടു കഴിഞ്ഞൽ അത് മനസ്സിലാകുമെന്നും അഭിനേതാക്കള്‍ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസിൽ, ജ്യോതിര്‍മയി, ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയര്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കുഞ്ചാക്കോ ബോബനും ജ്യോതിർമയിയും ചടുലമായ നൃത്തച്ചുവടുകളുമായി എത്തിയ ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നു. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ബോഗയ്ന്‍വില്ലക്ക് ഉണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസും അമല്‍ നീരദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. വിവേക് ഹര്‍ഷന്‍ എഡിറ്റിംഗ് നിര്‍വഹിക്കും. അമല്‍നീരദ് പ്രൊഡക്ഷന്‍സും ഉദയ പിക്ചേഴ്സും ചേര്‍ന്നാണ് നിര്‍മ്മാണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com