
ഇന്ത്യന്‍ സിനിമാ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് കല്‍ക്കി 2898 എ.ഡി തീയേറ്ററുകളില്‍ എത്തിയിരിക്കുന്നു. ഇന്ത്യന്‍ മിത്തോളജിയുടെ വര്‍ണപ്പൊലിമയില്‍ ഫാന്റസിയും ഫിക്ഷനുമൊക്കെ കൂടിചേര്‍ന്ന ഒരു മാസ്മരിക ലോകമാണ് സംവിധായകന്‍ നാഗ് അശ്വിന്‍ പ്രേക്ഷകന് മുന്നിലേക്ക് തുറന്നിടുന്നത്. ഒരുപക്ഷെ ഇന്ത്യന്‍ സിനിമയില്‍ തന്നെ ഇതാദ്യമായിരിക്കും ഇങ്ങനെ ഒരു പരീക്ഷണം. കല്‍ക്കിയുടെ ആദ്യ പകുതി ഇതിഹാസ കാവ്യമായ മഹാഭാരതത്തെ പിന്‍പറ്റിയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് മുന്നോട്ട് പോകുംതോറും കഥാപരിസരം കൂടുതല്‍ വികസിക്കുന്നു. പിന്നീട് നടക്കാനിരിക്കുന്ന ഐതിഹാസിക നിമിഷങ്ങള്‍ക്കായി പ്രേക്ഷകനെ പാകപ്പെടുത്തുകയായിരുന്നു ഈ സമയം സംവിധായകന്‍.
നന്മയും തിന്മയും തമ്മിലുള്ള പോരാട്ടത്തിന്റെ കഥകള്‍ ചരിത്രാതീത കാലം മുതല്‍ കേട്ടിട്ടുള്ളതാണ്. ഈ ആശയത്തെ മഹാഭാരതത്തിന്റെ കഥാപശ്ചാത്തലത്തില്‍ ഫാന്റസിയുടെയും ഫിക്ഷന്റെയും അകമ്പടിയോടെ അവതരിപ്പിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ക്യാമറയും എഡിറ്റിങ്ങും അടക്കമുള്ള ടെക്‌നിക്കല്‍ ടീമിന്റെ പ്രയത്‌നം പ്രേക്ഷകനെ കല്‍ക്കിയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. എല്ലാത്തിനും മുകളില്‍ പ്രേക്ഷകനെ കോരിത്തരിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഒരുക്കിയ വിഎഫ്എക്‌സ് ടീമിന് ഇരിക്കട്ടെ ഒരു കുതിരപ്പവന്‍. മുന്‍പ് ഇറങ്ങിയിട്ടുള്ള പീരിയോഡിക് ചിത്രങ്ങളില്‍ നിന്ന് വിഭിന്നമായി കൂടുതല്‍ മികച്ചതും മിഴിവുള്ളതുമാണ് കല്‍ക്കിയിലെ ആക്ഷന്‍ രംഗങ്ങള്‍.
ഇന്ത്യന്‍ സിനിമയിലെ പ്രതിഭാധനരായ അഭിനേതാക്കളായ അമിതാഭ് ബച്ചനും കമല്‍ഹാസനും തീര്‍ക്കുന്ന അവിസ്മരണീയമായ പ്രകടനമാണ് കല്‍ക്കിയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. മുന്‍ സിനിമകളെ അപേക്ഷിച്ച് നായകന്‍ പ്രഭാസിന്റെ പ്രകടനവും കൈയ്യടി അര്‍ഹിക്കുന്നു. നായികയായെത്തിയ ബോളിവുഡ് താരം ദീപിക പദുക്കോണിന് ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് അരങ്ങേറാന്‍ ഇതിലും മികച്ചൊരു കഥാപാത്രം ഇനി ലഭിക്കുമോ എന്ന് സംശയമാണ്. മലയാളികളുടെ പ്രിയതാരം ശോഭനുടെ കരിയറിലെ നിര്‍ണായകമായ കഥാപാത്രമാകും കല്‍ക്കിയിലെ മറിയം. പ്രഖ്യാപനം മുതല്‍ കേള്‍ക്കുന്ന ചില സര്‍പ്രൈസ് എന്‍ട്രികളും സംവിധായകന്‍ കാണികള്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ട്.
കാഴ്ച്ചക്കാരില്‍ അഡ്രിനാലിന്‍ റഷ് ഉണ്ടാക്കുന്ന ഒരുപിടി രംഗങ്ങളാല്‍ സമ്പന്നമായ രണ്ടാംപകുതിയില്‍ സംഗീത സംവിധായകന്‍ സന്തോഷ് നാരായണന്‍ ഒരുക്കുന്ന പശ്ചാത്തല സംഗീതം എടുത്തുപറയേണ്ടതാണ്. നൂറ്റാണ്ടുകള്‍ക്ക് മുന്‍പും ശേഷവും സഞ്ചരിക്കുന്ന കഥാപരിസരം പ്രേക്ഷകര്‍ക്ക് എത്രത്തോളം ഗ്രഹിക്കാന്‍ കഴിയുന്നു എന്നതിനെ ആശ്രയിച്ചിരിക്കും കല്‍ക്കിയുടെ ബോക്‌സ് ഓഫീസ് വിജയം. കാണികളില്‍ ജിജ്ഞാസ നിറക്കുന്ന രംഗങ്ങള്‍ക്കിടയില്‍ കടന്നുവരുന്ന നിലവാരമില്ലാത്ത തമാശകള്‍ സിനിമയില്‍ രസംകൊല്ലിയായി ഇടക്കിടെ കടന്നുവരുന്നുണ്ട്.
കല്‍ക്കിയുടെ വിസ്മയ ലോകം ഇവിടം കൊണ്ടൊന്നും അവസാനിക്കില്ലെന്ന് പ്രേക്ഷകനെ ബോധ്യപ്പെടുത്തികൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഒരു കാര്യം ഉറപ്പ്... ഈ കണ്ടതൊക്കെ മഞ്ഞുമലയുടെ ഒരറ്റം മാത്രം.. കാത്തിരിക്കാം കല്‍ക്കിയുടെ കാണാക്കാഴ്ചകള്‍ക്കായി...