എനിക്കെതിരായ ആരോപണത്തിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് മലയാളികള്‍ ചിന്തിക്കട്ടെ: റിമ കല്ലിങ്കല്‍

എനിക്കെതിരായ ആരോപണത്തിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് മലയാളികള്‍ ചിന്തിക്കട്ടെ: റിമ കല്ലിങ്കല്‍

എനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് ആരോപിക്കുന്നുണ്ട്
Published on


തനിക്കെതിരായ ലഹരി പാര്‍ട്ടി നടത്തി എന്ന ആരോപണത്തിന് പിന്നില്‍ പവര്‍ ഗ്രൂപ്പുണ്ടോയെന്ന് മലയാളികള്‍ ചിന്തിക്കട്ടെയെന്ന് നടി റിമ കല്ലിങ്കല്‍. മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ തനിക്കെതിരെ ആരോപണം ഉന്നയിച്ചതെന്നും റിമ കല്ലിങ്കല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.


റിമ കല്ലിങ്കല്‍ പറഞ്ഞത് :

മദ്രാസ് ഹൈക്കോടതി വിശ്വാസ്യതയില്ലാത്ത വ്യക്തിയെന്ന് വിലയിരുത്തിയ ആളാണ് എനിക്കെതിരെ ആരോപണം ഉന്നയിച്ചത്. അവരുടെ യൂട്യൂബില്‍ അവര്‍ പോസ്റ്റ് ചെയ്ത 30 മിനിറ്റ് വീഡിയോയില്‍ എന്നെ കുറിച്ച് പറഞ്ഞ ഒരു മിനിറ്റ് ഭാഗമാണ് മലയാളത്തിലെ പ്രമുഖ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത്. എനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തി അതേ വീഡിയോയില്‍ പിണറായി വിജയനും മോഹന്‍ലാലും മമ്മൂട്ടിയും ഫഹദ് ഫാസിലിന്റെ കരിയര്‍ തകര്‍ക്കാനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുടങ്ങിയതെന്ന് ആരോപിക്കുന്നുണ്ട്. എന്നാലത് വാര്‍ത്തയാക്കിയില്ല. ഇതിന് പിന്നില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോയെന്ന് അടക്കമുള്ള കാര്യങ്ങള്‍ മലയാളികള്‍ ചിന്തിക്കട്ടെ. 

ALSO READ : യുവതിയുടെ ലൈംഗികാതിക്രമ പരാതി; അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തി നടന്‍ നിവിൻ പോളി


ഹേമ കമ്മിറ്റി നടപ്പാക്കുന്നതില്‍ ഇനി പ്രതീക്ഷ കോടതിയിലാണ്. ഡബ്ല്യുസിസിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമമുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളെ കൃത്യമായ ദിശയില്‍ നയിക്കേണ്ട ബാധ്യത ഡബ്ല്യുസിസിക്കുണ്ട്. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ ആവശ്യപ്പെട്ട് ഡബ്ല്യുസിസി മുഖ്യമന്ത്രിയെ വീണ്ടും കാണും. ഇനി ഇത് ആവര്‍ത്തിക്കില്ല എന്നെങ്കിലും സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടി ഉണ്ടാകണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ താരങ്ങള്‍ പരാതി ഉന്നയിച്ചത് സര്‍ക്കാരിനെ വിശ്വസിച്ചാണ്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് കരുതിയിട്ടാണ്. എന്നിട്ട് വീണ്ടും പരാതി നല്‍കണമെന്ന് പറയുകയാണ് സര്‍ക്കാര്‍. ഞങ്ങള്‍ ഈ കാര്യങ്ങളെല്ലാം മുഖ്യമന്ത്രിയെ വീണ്ടും കണ്ട് ശക്തമായി ഉന്നയിക്കും.

News Malayalam 24x7
newsmalayalam.com