ലോകര്‍ണോ ഫിലിം ഫെസ്റ്റിവല്‍; കരിയര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ഷാരൂഖ് ഖാന്‍

ലൊകര്‍ണോയെ ഇന്ത്യയുമായി താരതമ്യ പെടുത്തിയാണ് താരം വേദിയില്‍ സംസാരിച്ചത്
ലോകര്‍ണോ ഫിലിം ഫെസ്റ്റിവല്‍; കരിയര്‍ അച്ചീവ്‌മെന്റ് പുരസ്‌കാരം ഏറ്റുവാങ്ങി ഷാരൂഖ് ഖാന്‍
Published on


നടന്‍ ഷാരൂഖ് ഖാന് 77-ാമത് ലോകര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്‌മെന്റ് ബഹുമതി ലഭിച്ചു. തന്നെ കാണാന്‍ ഫെസ്റ്റിവലില്‍ തടിച്ചുകൂടി ആരാധകരോട് താരം സംസാരിക്കുകയും ചെയ്തു. ലൊകര്‍ണോയെ ഇന്ത്യയുമായി താരതമ്യ പെടുത്തിയാണ് താരം വേദിയില്‍ സംസാരിച്ചത്.

'ഇത്രയും വിശാലമായ കൈകളോടെ എന്നെ സ്വീകരിച്ചതിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്ദി. ഞാന്‍ സ്‌ക്രീനില്‍ ചെയ്യുന്നതിനേക്കാള്‍ വിശാലമായ കൈകളായിരുന്നു അത്', എന്ന് പറഞ്ഞുകൊണ്ടാണ് ഷാരൂഖ് ഖാന്‍ പ്രസംഗം ആരംഭിച്ചത്. ലോകര്‍ണോ നഗരം മനോഹരവും സാംസ്‌കാരികവും കലാപരവുമായി വളരെ മികച്ചതാണെന്നും തനിക്ക് ഇന്ത്യയിലെ വീട്ടില്‍ ഇരിക്കുന്നത് പോലെയാണ് അനുഭവപ്പെടുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

പ്രസംഗത്തിനിടെ ഒരു ആരാധകന്‍ സദസ്സില്‍ നിന്ന് 'ഐ ലവ് യു', എന്ന് വിളിച്ചുപറഞ്ഞപ്പോള്‍ 'ഞാനും നിന്നെ സ്‌നേഹിക്കുന്നു', എന്ന് താരം മറുപടി പറഞ്ഞു.

'എന്റെ ദിവസം രസകരമായിരുന്നു. ഭക്ഷണം നല്ലതായിരുന്നു, എന്റെ ഇറ്റാലിയന്‍ മെച്ചപ്പെടുന്നു. അതുപോലെ തന്നെ എന്റെ പാചകവും', എന്നും ഷാരൂഖ് ഖാന്‍ പറഞ്ഞു. അതിന് ശേഷം താരം ഇറ്റാലിയനിലാണ് സംസാരിച്ചത്. 'എനിക്ക് പാസ്തയും പിസ്സയും പാചകം ചെയ്യാന്‍ അറിയാം. ഞാന്‍ അത് ഇവിടെ ലോകര്‍ണോയില്‍ നിന്ന് പഠിക്കുകയാണ്', എന്നാണ് താരം പറഞ്ഞത്.

കലയുടെയും സര്‍ഗ്ഗാത്മകതയുടെയും പ്രാധാന്യത്തെ കുറിച്ചും ഷാരൂഖ് ഖാന്‍ സംസാരിച്ചു. 'കല എന്നത് എല്ലാറ്റിനുമുപരിയായി ജീവിതത്തെ സ്ഥിരീകരിക്കുന്ന പ്രവര്‍ത്തനമാണ്. അത് മനുഷ്യനിര്‍മിതമായ എല്ലാ അതിരുകള്‍ക്കും അപ്പുറത്തേക്ക് പോകുന്നു. അത് രാഷ്ട്രീയമാകണമെന്നില്ല. കലയ്ക്കും സിനിമയ്ക്കും ഹൃദയത്തില്‍ നിന്ന് തോന്നുന്നത് പറയാം. സ്വന്തം സത്യം പ്രകടിപ്പിക്കാം. എന്നെ സംബന്ധിച്ചെടുത്തോളം അതാണ് ഏറ്റവും വലിയ സര്‍ഗാത്മകത. സ്‌നേഹമില്ലാതെ ഒരു സര്‍ഗാത്മകതയുമില്ല. അത് എല്ലാ ഭാഷകളെയും മറികടന്ന് ലോകമെമ്പാടുമുള്ളവര്‍ക്ക് മനസിലാകുന്ന ഭാഷയാണ്. അതിനാല്‍ സര്‍ഗാത്മകതയും സ്‌നേഹവും എനിക്ക് സന്തോഷം നല്‍കുന്ന ഒന്നുതന്നെയാണ്', ഷാരൂഖ് ഖാന്‍ പറഞ്ഞു.

തന്റെ കരിയറിനെ കുറിച്ചും ഷാരൂഖ് ഖാന്‍ സംസാരിച്ചു. 'ഞാന്‍ ഒരു വില്ലനും ചാമ്പ്യനും സൂപ്പര്‍ ഹീറോയുമെല്ലാം ആയിരുന്നു. ഞാന്‍ പൂജ്യമായിരുന്നു. അതോടൊപ്പം തന്നെ ഞാന്‍ ഒരു കാമുകനുമായിരുന്നു. ഈ അവാര്‍ഡ്, എന്റെ ജീവിതത്തിനായി തന്നതാണ്. എനിക്ക് അതിന്റെ പേര് പറയാന്‍ കഴിയുന്നില്ല. ലോകത്തിലെ തന്നെ ഏറ്റവും മികച്ച അവാര്‍ഡ്. എനിക്ക് നിങ്ങളെല്ലാവരോടും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി പറയണം. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ', എന്നാണ് ഷാരൂഖ് ഖാന്‍ പറഞ്ഞത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com