മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം 'ദൃശ്യം 3'യുടെ ഷൂട്ടിങ് ആരംഭിച്ചു. പൂത്തോട്ട ലോ കോളേജിൽ ആണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. സിനിമയുടെ പൂജയും ഇവിടെ വെച്ച് നടന്നു.
ദൃശ്യം 3' വലിയ വിജയം ആകണമെന്ന് പ്രാർത്ഥിക്കുന്നുവെന്ന് മോഹന്‍ലാല്‍. ആദ്യ രണ്ടു ഭാഗങ്ങളും നെഞ്ചിലേറ്റിയ പ്രേക്ഷകർ ഇതും സ്വീകരിക്കുമെന്നും പൂജാ ചടങ്ങില്‍ നടന്‍ പറഞ്ഞു
ആകാംക്ഷയാണ് 'ദൃശ്യം 3' ഒരുക്കുന്ന വിരുന്നെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇത്തവണയും ജോർജ് കുട്ടി എന്തെങ്കിലും കുഴപ്പമുണ്ടാക്കാതിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ പറയരുതെന്നാണ് സംവിധായകന്റെ നിർദേശമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.
ആശിർവാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ദൃശ്യത്തിന് നാലാം ഭാഗം വരണം എന്ന് മനസ്സിൽ ഉണ്ടെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചു. എന്നാല്‍, അടുത്തൊരു ഭാഗത്തെപ്പറ്റി സംവിധായകന്‍ ജീത്തു ജോസഫ് സൂചന ഒന്നും നല്‍കിയില്ല. കേസ് തുടരുകയല്ലേ എന്നായിരുന്നു സംവിധായകന്റെ പ്രതികരണം.
സിനിമയില്‍ അമിത പ്രതീക്ഷ പാടില്ലെന്നാണ് പ്രക്ഷകരോട് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞത്. ദൃശ്യത്തിന്റെ മൂന്നാം ഭാഗം ഒരു ത്രില്ലർ എന്നതില്‍ ഉപരിയായി ജോർജ് കുട്ടിക്കും കുടുംബത്തിനും ഇനി എന്ത് സംഭവിക്കും എന്നതിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക എന്നും ജീത്തു വ്യക്തമാക്കി. എന്തായാലും ജീത്തു-മോഹന്‍ലാല്‍ കൂട്ടുകെട്ട് നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയില്‍ പ്രേക്ഷകർ 'ദൃശ്യം 3'ന് ആയി കാത്തിരിക്കുകയാണ്.