
കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് നടി ശാന്തി ബാലചന്ദ്രനാണ്. ഡൊമിനിക് അരുണിന്റെ തന്നെ തരംഗം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി എത്തിയ താരമാണ് ശാന്തി ബാലചന്ദ്രന്‍. ഇപ്പോഴിതാ ലോകയുടെ വിജയത്തിന് പിന്നാലെ അച്ഛനും അമ്മയ്ക്കും നന്ദി അറിയിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ശാന്തി.
എനിക്ക് നന്ദി പറയാന്‍ ഒരുപാട് പേരുണ്ട്. പക്ഷെ എല്ലാത്തിനും ഉപരി എന്റെ അച്ഛനും അമ്മയും മാത്രം. എന്റെ എല്ലാ ഉയര്‍ച്ചയും താഴ്ച്ചയും അവര്‍ അടുത്ത് നിന്ന് കണ്ടിട്ടുണ്ട്. സന്തോഷത്തിന്റെയും വേദനയുടെയും ഓരോ നിമിഷവും അനുഭവിച്ചിട്ടുണ്ട്. ഒരു പക്ഷെ എന്നേക്കാള്‍ ആഴത്തില്‍. അനിശ്ചിതത്വമുള്ള കലാ ജീവിതത്തിനായി ഓക്‌സ്‌ഫോഡിലെ സ്ഥിരതയുള്ള ഒരു അക്കാദമിക് ജീവിതം ഉപേക്ഷിക്കാനുള്ള എന്റെ തീരുമാനം അവരെ സംബന്ധിച്ച് എളുപ്പമായിരുന്നില്ല. ഞാന്‍ ആ കലാ ജീവിതത്തിന്റെ മണല്‍ചുഴിയില്‍ കാലുകുത്താന്‍ ശ്രമിക്കുമ്പോള്‍ അവര്‍ അത് നിരീക്ഷിക്കുകയും വിഷമിക്കുകയും ചെയ്തിട്ടുണ്ട്. ഞാന്‍ ചെറുപ്പം മുതലെ പല തരത്തിലുള്ള കാര്യങ്ങളും അവരോട് അറിയിച്ചിട്ടുണ്ട്. അതെല്ലാം അവര്‍ അവരുടെ രീതിയില്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ലോകയുടെ വിജയത്തില്‍ എനിക്ക് ലഭിച്ച ഏറ്റവും മികച്ച കാര്യം അവര്‍ക്ക് സന്തോഷവും ആശ്വസാവും ലഭിച്ചു എന്നതാണ്. അതിനാല്‍ ഞങ്ങളുടെ സിനിമ കാണുകയും സ്വീകരിക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി. അച്ഛനും അമ്മയും ഒരു പെണ്‍കുട്ടിക്ക് ആവശ്യപ്പെടാവുന്ന ഏറ്റവും മികച്ച ചിയര്‍ ലീഡര്‍മാര്‍ ആയതില്‍ നന്ദി. എനിക്ക് ചിറകുകള്‍ നല്‍കിയതിന് നന്ദി.
എന്റെ സിനിമയിലെയും നാടകത്തിലെയും യാത്രകളുടെ ഒരു ചെറിയ കഥ എന്റെ അച്ഛന്റെ കണ്ണുകളിലൂടെയും വാക്കുകളിലൂടെയും പങ്കുവെക്കുന്നു. ഞാന്‍ ഭാഗ്യവതിയായ ഒരു മകളാണ്.
ഓഗസ്റ്റ് 28നാണ് ലോക ചാപ്റ്റര്‍ 1 : ചന്ദ്ര തിയേറ്ററിലെത്തിയത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നസ്ലന്‍, സാന്‍ഡി, ചന്ദു സലിം കുമാര്‍, അരുണ്‍ കുര്യന്‍, വിജയ രാഘവന്‍, ശരത് സഭ എന്നിവരും ചിത്രത്തിലുണ്ട്. ഒന്നിലധികം ഭാഗങ്ങള്‍ ഉള്ള ഒരു സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ആദ്യ ഭാഗം എന്ന നിലയില്‍ ഒരു ഗംഭീര അടിത്തറയാണ് ചിത്രം ഇപ്പൊള്‍ പ്രേക്ഷകരുടെ മനസ്സില്‍ പാകിയിരിക്കുന്നത്.