
കൊച്ചി: ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' അഞ്ചാം വാരത്തിലും കേരളത്തിലെ ഇരുന്നൂറിലധികം സ്‌ക്രീനുകളിൽ പ്രദർശനം തുടരുന്നു. ഇരുന്നൂറിൽ കൂടുതൽ സ്‌ക്രീനുകളിൽ അമ്പതാം ദിവസം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ഈ ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ ചിത്രം. ഇത് മലയാളത്തിൽ പുതിയ ചരിത്രമാണ് കുറിക്കുന്നത്.
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഹിറ്റായി മാറിയ ചിത്രത്തിന്റെ രചനയും ഡൊമിനിക് അരുൺ ആണ്. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് നിർമിച്ച ഏഴാം ചിത്രമാണിത്. കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയ ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കേരളത്തിൽ നിന്ന് മാത്രം 119 കോടിക്ക് മുകളിലാണ് ഇതിനോടകം ചിത്രം നേടിയ ഗ്രോസ് കളക്ഷൻ. ആഗോള തലത്തിൽ 300 കോടി ക്ലബിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാവാനുള്ള ഒരുക്കത്തിലാണ് 'ലോക'.
ഇപ്പോഴും മികച്ച പ്രേക്ഷക പിന്തുണയോടെയാണ് ചിത്രം പ്രദർശനം തുടരുന്നത്. അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടൊവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ചിത്രത്തിൻ്റെ രണ്ടാം ഭാഗമായ 'ലോക ചാപ്റ്റർ 2' അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ടൊവിനോ തോമസ് ആണ് രണ്ടാം ഭാഗത്തിലെ നായകൻ.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഏറ്റവും അധികം പ്രേക്ഷകർ ആഗോള തലത്തിൽ കണ്ട മലയാള ചിത്രമായി മാറിയ 'ലോക', കേരളത്തിലെ തിയേറ്ററുകളിൽ നിന്ന് മാത്രം ആദ്യമായി 50000 ഷോകൾ പിന്നിടുന്ന ചിത്രമായും മാറിയിരുന്നു. മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയ ചിത്രം, ഒരു കോടി 18 ലക്ഷത്തിലധികം പ്രേക്ഷകരാണ് ഇതിനോടകം ആഗോള തലത്തിൽ കണ്ടത്. പാൻ ഇന്ത്യൻ ഹിറ്റായി മാറിയ ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും സൂപ്പർ വിജയം നേടുകയും വലിയ ചർച്ചയായി മാറുകയും ചെയ്തു.
മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി 5 മില്യണിൽ കൂടുതൽ ടിക്കറ്റുകൾ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ആപ്പുകൾ വഴി വിറ്റ ചിത്രം എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്ന് ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള ചിത്രമായും മാറിയ 'ലോക' കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചത് ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് തന്നെയാണ്.