തീയേറ്ററിലെത്തിയ പ്രേക്ഷകരെ ആസ്വാദനത്തിനൊപ്പം വിസ്മയിപ്പിക്കുകയും ചെയ്ത ചിത്രമാണ് ലോക. ചാപ്റ്റർ വൺ ചന്ദ്ര എന്ന പേരിൽ കല്യാണി പ്രിയദർശൻ കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിൽ സിനിമാപ്രേമികൾക്ക് പ്രവചിക്കാനാകാത്ത സർപ്രൈസായിരുന്നു അണിയറക്കാർ കരുതിവച്ചത്. ബോക്സ് ഓഫീസ് റെക്കോർഡുകൾ എല്ലാം തകർത്ത് മുന്നേറുകയാണ് ലോക.
കള്ളിയങ്കാട്ട് നീലി എന്ന മിത്തിനെ തികച്ചും മോഡേണായ പശ്ചാത്തലത്തിൽ അതിശയകരമായി ലോക എത്തിച്ചു. നീലി മാത്രമല്ല ഒടിയനും, ചാത്തനുമെല്ലാം കഥയിൽ പറന്നെത്തി. ചിത്രത്തിൽ ദുൽഖർ സൽമാനും ടൊവിനോ തോമസും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. ഇപ്പോഴിതാ ഇവരുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.
ലോകയിലെ ദുൽഖറിന്റെ ചാർലി എന്ന കഥാപാത്രത്തെയും ടൊവിനോയുടെ മൈക്കിൾ എന്ന കഥാപാത്രത്തെയുമാണ് കാണാനാകുക. ചാർലി ഒടിയനും, മൈക്കിൾ ചാത്തനുമെന്ന ക്യാപ്ഷനോടെയാണ് പോസ്റ്ററുകൾ പുറത്തുവന്നത്. ഈ യൂണിവേഴ്സിലെ ഇനി വരാനുള്ള ചിത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട "മൂത്തോൻ" എന്ന കഥാപാത്രം ചെയ്യുന്നത് മമ്മൂട്ടി ആണെന്നുള്ള വിവരവും മമ്മൂട്ടിയുടെ ജന്മദിനത്തിന് ഔദ്യോഗികമായി പുറത്ത് വിട്ടിരുന്നു. ആ വാർത്തയുടെ ആവേശത്തിലാണ് പ്രേക്ഷകർ.
മലയാളത്തിൽ 200 കോടി ക്ലബ്ബിൽ ഇടംനേടുന്ന നാലാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് ‘ലോക ചാപ്റ്റർ വൺ - ചന്ദ്ര’.ഏഴാം ദിവസം ചിത്രം നൂറ് കോടി ക്ലബ്ബിൽ കടന്നിരുന്നു. മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഡൊമിനിക് അരുൺ സംവിധാനത്തിലെത്തിയ ചിത്രം. ഏകദേശം 30 കോടി ബജറ്റിൽ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് ആണ്.
അഞ്ച് ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. , കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കേരളത്തിൽ വേഫെറർ ഫിലിംസ് ആണ് ചിത്രം എത്തിച്ചത്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.