"ഞാന്‍ ജീനിയസോ മികച്ച സംവിധായകനോ അല്ല"; ലിയോയില്‍ വേണ്ടവിധം ഉപയോഗിച്ചില്ലെന്ന സഞ്ജയ് ദത്തിന്റെ പരാമര്‍ശത്തില്‍ ലോകേഷ്

സഞ്ജയ് സാറിനൊപ്പം മറ്റൊരു സിനിമ ചെയ്യുമെന്നും അതിലൂടെ ഇത് പരിഹരിക്കുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.
Lokesh Kanagaraj and Sanjay Dutt
ലോകേഷ് കനകരാജ്, സഞ്ജയ് ദത്ത്Source : X
Published on

സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് നായകനാകുന്ന 'കൂലി' എന്ന ചിത്രത്തിന്റെ റിലീസിനായി ഒരുങ്ങുകയാണ് സംവിധായകന്‍ ലോകേഷ് കനകരാജ്. ഓഗസ്റ്റ് 14ന് ചിത്രം തിയേറ്ററിലെത്തും. 2023ല്‍ പുറത്തിറങ്ങിയ തമിഴ് ബ്ലോക്ബസ്റ്റര്‍ ചിത്രം 'ലിയോ'യിലെ തന്റെ വേഷത്തെ കുറിച്ച് ബോളിവുഡ് നടന്‍ സഞ്ജയ് ദത്ത് നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണം അറിയിച്ചിരിക്കുകയാണ് ലോകേഷ്. 'ലിയോ'യില്‍ തന്നെ വേണ്ട വിധം ലോകേഷ് ഉപയോഗിച്ചില്ലെന്നാണ് സഞ്ജയ് ദത്ത് തന്റെ വരാനിരിക്കുന്ന ചിത്രമായ 'കെഡി - ദി ഡെവിളിന്റെ' ടീസര്‍ ലോഞ്ചില്‍ പറഞ്ഞത്. അതില്‍ ലോകേഷിനോട് ദേഷ്യമുണ്ടെന്നും തമാശരൂപേണ സഞ്ജയ് ദത്ത് പറഞ്ഞു.

തമാശയായി പറഞ്ഞതായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയില്‍ സഞ്ജയ് ദത്തിന്റെ വാക്കുകള്‍ പെട്ടന്ന് ശ്രദ്ധ പിടിച്ചുപറ്റി. പലരും അതിനെ മറ്റൊരു രീതിയില്‍ വായിക്കുകയും നടനും സംവിധായകനും തമ്മില്‍ പ്രശ്‌നമുണ്ടെന്ന തരത്തില്‍ ചര്‍ച്ചകളും ഉയര്‍ന്നുവന്നു. സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വൈറലായതിന് ശേഷം യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ലോകേഷ് കനകരാജ് ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

"ആ പരിപാടിക്ക് ശേഷം സഞ്ജയ് സര്‍ എന്നെ വിളിച്ചിരുന്നു. ഞാന്‍ തമാശ രൂപേണ ഒരു കമന്റ് പറഞ്ഞു. എന്നാല്‍ അത് കട്ട് ചെയ്ത് സമൂഹമാധ്യമത്തില്‍ വന്നപ്പോള്‍ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു എന്ന് അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഞാന്‍ ഒരു പ്രശ്‌നവുമില്ല സര്‍ എന്ന് മറുപടി പറയുകയായിരുന്നു", ലോകേഷ് പറഞ്ഞു.

Lokesh Kanagaraj and Sanjay Dutt
"സുരക്ഷിതമാക്കാനുള്ള എല്ലാ പ്രോട്ടോകോളും പാലിച്ചിരുന്നു"; സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ പാ രഞ്ജിത്ത്

"പിന്നെ ഞാന്‍ ജീനിയസോ മറ്റ് കഥാപാത്രങ്ങളെ ഓവര്‍ ഷാഡോ ചെയ്യാതെ കഥകള്‍ എഴുതുന്ന ഒരു പ്രതിഭയോ മികച്ച സംവിധായകനോ അല്ല. എന്റെ സിനിമകളില്‍ ഞാന്‍ നിരവധി തെറ്റുകള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്", എന്നും ലോകേഷ് വ്യക്തമാക്കി. അതോടൊപ്പം സഞ്ജയ് സാറിനൊപ്പം മറ്റൊരു സിനിമ ചെയ്യുമെന്നും അതിലൂടെ ഇത് പരിഹരിക്കുമെന്നും ലോകേഷ് കൂട്ടിച്ചേര്‍ത്തു.

അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത കൂലി ഒരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തില്‍ നാഗാര്‍ജുന, ഉപേന്ദ്ര, സൗബിന്‍ ഷാഹിര്‍, സത്യരാജ്, ശ്രുതി ഹാസന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്സ് നിര്‍മാണവും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com