ബംഗാളി എഴുത്തുകാരൻ ശരത് ചന്ദ്ര ചതോപാധ്യായയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് അരുൺ മാതേശ്വരന്റെ ഏറ്റവും പുതിയ ചിത്രം 'ഡിസി' ആരംഭിക്കുന്നത്. അതെന്തുകൊണ്ടെന്ന് സിനിമ അവസാനിക്കുമ്പോൾ നമുക്ക് പൂർണമായി ബോധ്യപ്പെടും. ചതോപാധ്യായയുടെ ക്ലാസിക് നോവലായ 'ദേവദാസ്' തന്റെ കഥാലോകത്തേക്ക് സന്നിവേശിപ്പിച്ച് പുതിയ ഒരു ആഖ്യാനം ചമയ്ക്കുകയാണ് അരുൺ മാതേശ്വരൻ. ജീവനെടുക്കുന്ന തോക്കുകളും ജീവനില്ലാത്ത പ്ലാസ്റ്റിക് പൂവിനും ഇടയിലാണ് ദേവദാസിനേയും പാർവതിയേയും ചന്ദ്രയേയും അരുൺ കാണിക്കുന്നത്. ഈ സിനിമയിലെ ദേവദാസ് വിദ്യാസമ്പന്നനായ ജന്മിയല്ല. പൊലീസിന്റെ കണ്ണിൽ അയാൾ ഒരു റൗഡിയാണ്, ഗ്യാങ്സ്റ്ററാണ്, തീവ്രവാദിയാണ്. മറ്റൊരു കൂട്ടർക്കോ? റോബിൻഹുഡും. പ്രണയത്തിലാകും മുൻപ് തന്നെ അയാൾക്ക് പാർവതിയേ നഷ്ടമാകുന്നു. പക്ഷേ ചന്ദ്രയുടെ കാര്യത്തിൽ ചതോപാധ്യായയോട് അരുൺ യോജിക്കുന്നു. അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്, ദാസിൽ അവൾ ലോകത്തെ കാണുന്നു. ഉപാധികളില്ലാതെ അവൾ അയാളെ സ്നേഹിക്കുന്നു!
'ഡിസി' എന്ന ടൈറ്റിൽ സൂചിപ്പിക്കുന്നതുപോലെ, ദേവദാസ്, ചന്ദ്ര എന്നിവരെ ചുറ്റിപ്പറ്റിയാണ് ഈ സിനിമ. സംവിധായകൻ ലോകേഷ് കനകരാജാണ് ദേവദാസായി എത്തുന്നത്. ചന്ദ്രയായി വാമിഖ ഗബ്ബിയും. ഗോപിച്ചെട്ടിപ്പാളയത്തിൽ നിന്ന് പൊലീസിന്റെ തോക്കുകൾ കൈക്കലാക്കുന്ന ഒരു സംഘത്തിന്റെ മുൻനിരയിലാണ് ദാസിനെ നമ്മൾ ആദ്യം കാണുന്നത്. ഒരു പൊലീസുകാരനെ അതിക്രൂരമായി കൊലപ്പെടുത്തുന്ന ദാസിനെ അധികം വൈകാതെ നമുക്ക് കാണാം. അതിന് അയാൾക്ക് വ്യക്തമായ കാരണമുണ്ട്. ദാസ് എന്ന കഥാപാത്രത്തിന്റെ മറ്റൊരു മുഖം കാട്ടിത്തരുന്നതാണ് ഈ കാരണം. സിസ്റ്റം ജനങ്ങളെ പീഡിപ്പിക്കുമ്പോൾ അവർക്കായി തിരിച്ചടിക്കുന്ന ഉരുക്കുമുഷ്ടിയാകുകയാണ് ദാസ്. ഈ ഗോപിച്ചെട്ടിപ്പാളയം സംഭവങ്ങൾക്ക് പിന്നാലെ ദാസിനും സംഘത്തിനും ഒളിവിൽ പോകേണ്ടി വരുന്നു. അയാളുടെ ജീവിതത്തിലേക്ക് പാർവതിയും ചന്ദ്രയും കടന്നുവരുന്നത് ഇവിടെയാണ്. 'ഡിസി' ഒരു വയലന്റ് സ്റ്റോറിയിൽ നിന്ന് വയലന്റ് ലവ് സ്റ്റോറിയിലേക്ക് വഴിമാറുന്നത് ഇവരുടെ വരവോടെയാണ്.
ഒരു നടനെന്ന നിലയിൽ ആദ്യ ചിത്രത്തിൽ തന്നെ അതിമനോഹരമായ പ്രകടനമാണ് ലോകേഷ് കാഴ്ചവച്ചിരിക്കുന്നത്. ഇമവെട്ടാതെയുള്ള നോട്ടം കൊണ്ടും സ്ക്രീൻ പ്രെസൻസ് കൊണ്ടും ഞെട്ടിക്കുന്നുണ്ട് ലോകേഷ്. അരുണിന്റെ മുൻ ചിത്രങ്ങളെ നായകന്മാരെപ്പോലെ ദാസിന്റെ ഉള്ളിലും ഒരു തീ കെടാതെയെരിയുന്നുണ്ട്. കഴിഞ്ഞ കാലങ്ങളിൽ തനിക്ക് സംഭവിച്ച നഷ്ടങ്ങളോട് ചേർത്തുവച്ചാണ് അയാൾ എല്ലാം സംഭവങ്ങളോടും പ്രതികരിക്കുന്നത്. രോഷമാണ് അയാളുടെ ഭാവം. അത് ചിലപ്പോഴൊക്കെ ചുറ്റുമുള്ള അതിക്രമങ്ങളോടുള്ള പ്രതിഷേധമാകുന്നുവെന്ന് മാത്രം.
മറുവശത്ത് വർഷങ്ങളോളം പല പുരുഷന്മാരിൽ നിന്ന് പീഡനങ്ങൾ നേരിട്ട സ്ത്രീയാണ് ചന്ദ്ര. ആറാം വയസിൽ വീട്ടുകാർ തന്നെയാണ് അവളെ വിൽക്കുന്നത്. 18 വർഷത്തോളം അവൾ പലരുടേയും സുഖാന്വേഷങ്ങൾക്കുള്ള ഒരുപകരണം മാത്രമായി കിടന്നുകൊടുക്കുന്നു. ഒരു മുറി, കട്ടിൽ, വാൻ ഗോഗിന്റെ സ്റ്റാറി നൈറ്റും സാൽവദോർ ദാലിയുടെ പെർസിസ്റ്റൻസ് ഓഫ് മെമ്മറിയും പെയിന്റ് ചെയ്ത ചുമരുകൾ - അതാണ് അവളുടെ ലോകം. അവിടെ നിന്നാണ് വിശാലമായ ഒരു ലോകത്തേക്ക് അവളെ ദാസ് വിളിച്ചിറക്കുന്നത്. തനിക്ക് സാധ്യമായ രീതിയിൽ ഈ കഥാപാത്രത്തെ മികച്ചതാക്കാൻ വാമിഖ ശ്രമിച്ചിട്ടുണ്ട്.
ഇങ്ങനെ കഥാപാത്രങ്ങളെ പരമാവധി വികസിപ്പിക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ സിനിമയിൽ കാണികളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആക്ഷൻ രംഗങ്ങളിലാണ്. സമീപകാലത്ത് തമിഴ് സിനിമയിൽ കണ്ട മികച്ച ആക്ഷൻ സെറ്റ്പീസുകളാണ് ഈ സിനിമയിലുള്ളത്. പൊലീസും ദാസുമായുള്ള എലിയും പൂച്ചയും കളിക്കിടയിൽ വരുന്ന ഈ ആക്ഷൻ രംഗങ്ങൾ കൃത്യതയോടെ, ഏസ്തെറ്റിക്കലായാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഓരോ തവണ ദാസ് പൊലീസിന്റെ പിടിയിലാകുമ്പോഴും പ്രേക്ഷകർ ആവേശഭരിതരാകുന്നു. അത് കിടിലൻ ഒരു ആക്ഷൻ സീനിലാകും അവസാനിക്കുക എന്ന് അവർക്കറിയാം. ഇങ്ങനെ ഫൈറ്റ് സീനുകളിൽ നിന്ന് ഫൈറ്റ് സീനുകളിലേക്ക് നീങ്ങുമ്പോൾ സിനിമ വൈകാരികമായ അടിത്തറപാകാൻ മറന്നുപോകുന്നുണ്ട്. ദാസ്, ചന്ദ്ര, പാർവതി എന്നിങ്ങനെ പ്രധാന കഥാപാത്രങ്ങളുടെ എല്ലാം കദനകഥകൾ സിനിമയിൽ പറയുന്നുണ്ട്. പക്ഷേ, എഴുത്തിൽ അവയ്ക്ക് തീവ്രതയുണ്ടെന്ന് തോന്നുന്നില്ല. ആക്ഷൻ രംഗങ്ങൾ ഒരുക്കുന്ന തിരക്കിൽ അത് മറന്നുപോയപോലെ.
എഴുത്തിലെ ഈ പോരായ്മ വലിയതോതിൽ പരിഹരിക്കപ്പെടുന്നത് അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിലാണ്. സിനിമയുടെ വൈകാരികഭാരം മുഴുവൻ ചുമലിലേറ്റുന്നത് അനിരുദ്ധിന്റെ സ്കോറാണ്. ശാസ്ത്രീയ സംഗീതത്തിലെ രാഗങ്ങളും ഹിപ്പ് ഹോപ്പും റോക്കും എല്ലാം റോക്ക്സ്റ്റാർ പുറത്തെടുക്കുന്നു. അതുപോലെ, ഛായാഗ്രഹകൻ മുകേഷ് ജി. 142 മിനുട്ട് ദൈർഘ്യമുള്ള ഈ സിനിമ കണ്ടിറങ്ങുമ്പോൾ നിങ്ങളുടെ മനസിൽ മുകേഷിന്റെ ഫ്രെയിമുകളും അനിരുദ്ധിന്റെ 'രാഗ ഓഫ് റിവഞ്ചും' തങ്ങിനിൽപ്പുണ്ടാകും. പിന്നെ, രക്തത്താൽ എഴുതിയ ഈ കാതൽ കഥയിലെ ദുരന്തനായകനും.