ബറോസ് കാണാത്തവരാണ് അതിനെ വിമർശിക്കുന്നത്: മോഹൻലാൽ

മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോ പൊന്നൂസിന്റെ കഥയെ ആസ്പദമാക്കി മോഹൻലാൽ ഒരുക്കിയ ചിത്രമാണ് ബറോസ്
ബറോസ് കാണാത്തവരാണ് അതിനെ വിമർശിക്കുന്നത്: മോഹൻലാൽ
Published on


മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത 3ഡി ചിത്രമാണ് ബറോസ്. ഡിസംബർ 25ന് റിലീസ് ചെയ്ത ചിത്രത്തിന് പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ബറോസ് കാണാത്തവരാണ് സിനിമയെ വിമർശിക്കുന്നതെന്നാണ് മോഹൻലാലിന്റെ അഭിപ്രായം. ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ ബറോസിനെ കുറിച്ച് സംസാരിച്ചത്.

'ഇനി ഈ സിനിമയെ മുന്നോട്ട് കൊണ്ടു പോവുക എന്നത് പ്രേക്ഷകരുടെ ഉത്തരവാദിത്വമാണ്. നാല് പതിറ്റാണ്ടിന് ശേഷം ഞാൻ ഇതിനെ നോക്കിക്കാണുന്നത് സമൂഹത്തിനുള്ള തിരിച്ചു നൽകലായിട്ടാണ്. സിനിമ കണ്ട എല്ലാവരും ബറോസ് ആസ്വദിച്ചിട്ടുണ്ട്. പക്ഷെ സിനിമ കാണാത്ത ഒരുപാട് പേരുണ്ട്. അവരിപ്പോൾ സിനിമയെ വിമർശിക്കുകയാണ്', മോഹൻലാൽ പറഞ്ഞു

'പ്രതികരണങ്ങൾ എപ്പോഴും ഞാൻ സ്വീകരിക്കും. പക്ഷെ നിങ്ങൾ എന്തിനെ എങ്കിലും വിമർശിക്കുന്നുണ്ടെങ്കിൽ അതേ കുറിച്ച് നന്നായി അറിഞ്ഞിരിക്കണം. ഞാൻ ഒരിക്കലും ഈ സിനിമ ഹോളിവുഡ് സിനിമയുമായോ അവരുടെ ടെക്‌നോളജിയുമായോ താരതമ്യം ചെയ്യണമെന്ന് പറഞ്ഞിട്ടില്ല. ഇത് തികച്ചും വളരെ വ്യത്യസ്തമായൊരു സിനിമ നിർമിക്കാനുള്ള എന്റെയും എന്റെ ടീമിന്റെയും ഭാഗത്തുനിന്നുള്ള ശ്രമമാണ്', മോഹൻലാൽ കൂട്ടിച്ചേർത്തു.

ആദ്യ സിനിമ സംവിധാനം ചെയ്ത സ്ഥിതിക്ക് ഇനി അടുത്ത തിരക്കഥകൾ മനസിലുണ്ടോ എന്ന ചോദ്യത്തിന് സംവിധാനം എന്റെ ജോലിയല്ല എന്നാണ് മോഹൻലാൽ മറുപടി പറഞ്ഞത്. 'ബറോസ് എന്നത് എന്നെ സംബന്ധിച്ച് അപ്രതീക്ഷിതമായൊരു കാര്യമായിരുന്നു. അത് ഞാൻ ചെയ്തത് അതീന്ദ്രിയ ശക്തികൾ കാരണമാണ്. എന്റെ ജീവിതത്തിൽ ഞാൻ ഒന്നും മുൻകൂട്ടി തീരുമാനിക്കാറില്ല. എല്ലാം സംഭവിച്ചുപോവുകയാണ് ചെയ്യുക. എപ്പോഴെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുന്നുണ്ടെങ്കിൽ അത് കുട്ടികൾക്ക് വേണ്ടിയായിരിക്കുമെന്ന് ഞാൻ വർഷങ്ങൾക്ക് മുൻപ് പറഞ്ഞിരുന്നു', എന്നും മോഹൻലാൽ വ്യക്തമാക്കി.

മലയാളത്തിലെ ആദ്യ 3ഡി ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തൻ' സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കി മോഹൻലാൽ ഒരുക്കിയ ചിത്രമാണ് ബറോസ്. മോഹൻലാൽ തന്നെയാണ് സിനിമയിലെ പ്രധാന കഥാപാത്രമായ ബറോസിനെ അവതരിപ്പിച്ചത്. സന്തോഷ് ശിവൻ ക്യാമറയും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനും നിർവഹിച്ചു. സംവിധായകൻ ടി കെ രാജീവ് കുമാറാണ് ക്രിയേറ്റീവ് ഹെഡ്. ആന്റണി പെരുമ്പാവൂരാണ് നിർമാതാവ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com