3 ദിവസത്തില്‍ 39 കോടി 90 ലക്ഷം; ബോക്‌സ് ഓഫീസില്‍ കത്തിക്കയറി ലക്കി ഭാസ്‌കര്‍

ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍
lucky-bhaskar-310724-2
lucky-bhaskar-310724-2
Published on
Updated on


ഒക്ടോബര്‍ 31 ന് ദീപാവലി റിലീസായി എത്തിയ ദുല്‍ഖര്‍ സല്‍മാന്റെ പാന്‍ ഇന്ത്യന്‍ തെലുങ്ക് ചിത്രം ലക്കി ഭാസ്‌കര്‍ ആഗോള ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടി കുതിപ്പ് തുടരുന്നു. വലിയ പ്രേക്ഷക പിന്തുണയോടെ മുന്നേറുന്ന ചിത്രം ആദ്യ മൂന്നു ദിനം കൊണ്ട് നേടിയ ആഗോള ഗ്രോസ് 39 കോടി 90 ലക്ഷത്തിനും മുകളിലാണ്. കേരളത്തില്‍ നിന്ന് മാത്രം മൂന്നാം ദിവസം ചിത്രം നേടിയ ഗ്രോസ് 2 കോടി 30 ലക്ഷമാണ്. ആദ്യ ദിനം 12 കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിയ ചിത്രത്തിന് രണ്ടാം ദിനം 14 കോടിയോളമാണ് ലഭിച്ചത്. മൂന്നാം ദിനവും എകദേശം അത്ര തന്നെ ഗ്രോസ് ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കി. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി ചിത്രം മാറുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ ആരാധകര്‍.

കേരളത്തില്‍ ആദ്യ ദിനം 175 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം രണ്ടാം ദിനം 200 ലധികം സ്‌ക്രീനുകളിലേക്ക് ഉയര്‍ന്നിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ആദ്യ മൂന്നു ദിവസം കൊണ്ട് ചിത്രം ആറര കോടിയോളം ഗ്രോസ് നേടിക്കഴിഞ്ഞു. കേരളത്തിലും ഗള്‍ഫിലും ചിത്രം വിതരണം ചെയ്തിരിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസാണ്. എല്ലാത്തരം പ്രേക്ഷകരും ഒരുപോലെ സ്വീകരിക്കുന്ന ചിത്രം ഒരു പീരീഡ് ഡ്രാമ ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നത്.


വെങ്കി അറ്റ്‌ലൂരി രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം, 1992 ല്‍ ബോംബ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ ഭാസ്‌കര്‍ എന്ന ഒരു സാധാരണ ബാങ്ക് ക്ലര്‍ക്കിന്റെ കഥയാണ് പറയുന്നത്. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റര്‍ടൈന്‍മെന്റ്‌സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം അവതരിപ്പിച്ചത് ശ്രീകര സ്റ്റുഡിയോസ്.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com