'ദുല്‍ഖര്‍ മലയാളി താരം മാത്രമല്ല, ഒരു തെലുങ്ക് ഹീറോയാണ്'; ലക്കി ഭാസ്‌കര്‍ നിര്‍മാതാവ്

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായിക. ഒക്ടോബർ 31നാണ് ചിത്രം തിയേറ്ററിലെത്തുന്നത്
WhatsApp Image 2024-10-21 at 7
WhatsApp Image 2024-10-21 at 7
Published on
Updated on


ദുല്‍ഖര്‍ സല്‍മാന്റെ ലക്കി ഭാസ്കർ ഒക്ടോബര്‍ 31-ന് തിയേറ്ററുകളിലെത്താന്‍ ഒരുങ്ങുകയാണ്. ദുല്‍ഖര്‍ സല്‍മാനെ ലക്കി ഭാസ്‌കറില്‍ കാസ്റ്റ് ചെയ്തതിനെ കുറിച്ചും തന്റെ സിനിമകളില്‍ ഇതര ഭാഷാ താരങ്ങളെ കാസ്റ്റ് ചെയ്യുന്നതിനെ കുറിച്ചും നിര്‍മ്മാതാവ് നാഗ വംശി സംസാരിച്ചു. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നാഗ വംശി ഇതേ കുറിച്ച് സംസാരിച്ചത്.

'തെലുങ്കല്ലാത്ത താരങ്ങളെ എന്റെ സിനിമകളില്‍ അഭിനയിപ്പിക്കാനുള്ള എന്റെ തീരുമാനത്തെക്കുറിച്ച് ആളുകള്‍ അഭിപ്രായം പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. പക്ഷേ കാലം മാറി. ദുല്‍ഖര്‍ ഇപ്പോള്‍ മലയാളത്തിലെ ഒരു താരമെന്നതിലുപരി ഒരു തെലുങ്ക് ഹീറോയാണ്. ദുല്‍ഖറിന് തെലുങ്കില്‍ വന്‍ ആരാധകരുണ്ട്. ഞങ്ങളുടെ പീരിയഡ് ഡ്രാമയിലെ ഒരു ബാങ്കറുടെ വേഷത്തിന് അദ്ദേഹം അനുയോജ്യനാകുമെന്ന് ഞങ്ങള്‍ക്ക് തോന്നി. അങ്ങനെ ഞങ്ങള്‍ ദുല്‍ഖറിനെ സമീപിക്കുകയായിരുന്നു. കഥ ഇഷ്ടപ്പെട്ട താരം ആദ്യ സിറ്റിങ്ങില്‍ തന്നെ സമ്മതിക്കുകയായിരുന്നു. ദുല്‍ഖര്‍ ലക്കി ഭാസ്‌കറിന്റെ ഹൃദയവും ആത്മാവുമാണ്', നാഗ വംശി പറഞ്ഞു.

'എപ്പോഴും തനതായ ഉള്ളടക്കമുള്ള സിനിമകള്‍ തിരഞ്ഞെടുക്കുന്ന വലിയ താരമാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ തെലുങ്ക് ചിത്രങ്ങളുടെ കാര്യം പറയുമ്പോള്‍, അടുത്തതായി എന്താണ് കൊണ്ടുവരുന്നതെന്ന് കാണാന്‍ പ്രേക്ഷകര്‍ എപ്പോഴും ആകാംക്ഷയിലാണ്. ലക്കി ഭാസ്‌കറില്‍, അദ്ദേഹം ഒരു ആവേശകരമായ വേഷമാണ് ചെയുന്നത്. കൂടാതെ അദ്ദേഹം അവതരിപ്പിക്കുന്ന ട്വിസ്റ്റുകള്‍ എല്ലാവരേയും ആകര്‍ഷിക്കും. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ലക്കി ഭാസ്‌കറിലുണ്ട്. ചിത്രം മുംബൈയില്‍ നടക്കുന്നതിനാല്‍ പ്രേക്ഷകര്‍ക്ക് വേഗത്തില്‍ കഥാപാത്രവുമായി അടുക്കാന്‍ സാധിക്കും. ദുല്‍ഖറിന്റെ പ്രകടനവും അദ്ദേഹത്തിന്റെ മനോഹാരിതയും ഈ സിനിമയുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ടാണ്', എന്നും നാഗ വംശി കൂട്ടിച്ചേര്‍ത്തു

'സാധാരണക്കാരന്റെ അസാധാരണ യാത്ര' എന്ന വിശേഷണത്തോടെ അവതരിപ്പിക്കുന്ന ലക്കി ഭാസ്‌കര്‍, മിഡില്‍ ക്ലാസുകാരനായ ഭാസ്‌കര്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുണ്ടാവുന്ന അസാധാരണമായ സംഭവങ്ങളാണ് അവതരിപ്പിക്കുന്നത്. പണത്തിനായി എന്ത് അപകടവും ഏറ്റെടുക്കാന്‍ തയ്യാറുള്ള ഭാസ്‌കര്‍ കുമാറിന്റെ ലോകത്തേക്കുള്ള ഒരു നേര്‍ക്കാഴ്ചയാണ് ചിത്രത്തിന്റെ ട്രെയ്ലര്‍ നല്‍കുന്നത്. ഒരു നല്ല മനുഷ്യനോ ചീത്ത മനുഷ്യനോ എന്നതിലുപരി, ഓരോ ശ്വാസത്തില്‍ പോലും ബഹുമാനിക്കപ്പെടുന്ന ഒരു സമ്പന്നനായി മാറാനാണ് ഭാസ്‌കര്‍ ആഗ്രഹിക്കുന്നത്. അത്തരമൊരു ചെറിയ നെഗറ്റീവ് ഷേഡുള്ള നായക കഥാപാത്രത്തെയാണ് ദുല്‍ഖര്‍ ഈ ചിത്രത്തിലവതരിപ്പിക്കുന്നത്.

വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ മീനാക്ഷി ചൗധരിയാണ് നായിക. ഛായാഗ്രാഹകന്‍ നിമിഷ് രവിയും പ്രൊഡക്ഷന്‍ ഡിസൈനര്‍ ബംഗ്‌ളാനും സംഗീതസംവിധാനം ജി. വി. പ്രകാശ് കുമാറാണ് നിര്‍വഹിച്ചിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com