

നിഖില വിമല്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'പെണ്ണ് കേസ്' ലെ 'നാരായണ ജയ' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. അര്‍ക്കാഡോ-യുടെ സംഗീതത്തില്‍ പ്രണവം ശശി ആലപിച്ചിരിക്കുന്ന ഈ പാട്ടിന് വരികളെഴുതിയിരിക്കുന്നത് ആദര്‍ശ് അജിത്തും, അക്ഷയ് രഞ്ജനും (ബ്ലാക്ക്) ചേര്‍ന്നാണ്. ഈ ചിത്രത്തിലെ തന്നെ 'കാതല്‍ നദിയെ' എന്ന് തുടങ്ങുന്ന മറ്റൊരു ഗാനം 2 ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തു വന്നത് ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
തിരക്കഥാകൃത്തായ ഫെബിന്‍ സിദ്ധാര്‍ത്ഥ് ആദ്യമായി സംവിധാനം ചെയ്യുന്ന 'പെണ്ണ് കേസ്'-ന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഫെബിനും രശ്മി രാധാകൃഷ്ണനും ചേര്‍ന്നാണ്. നവംബറില്‍ റിലീസിനെത്തുന്ന ചിത്രത്തില്‍ നിഖിലയെക്കൂടാതെ ഹക്കീം ഷാജഹാന്‍, അജു വര്‍ഗ്ഗീസ്, രമേശ് പിഷാരടി, ഇര്‍ഷാദ് അലി എന്നിവരും മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 'പെണ്ണ് കേസ്' എന്ന പേരിലുള്ള കൗതുകം സിനിമ പ്രേമികള്‍ക്കിടയില്‍ ചിത്രത്തിന്റെ ഇതിവൃത്തത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഇക്കാരണം കൊണ്ടുതന്നെ ചിത്രത്തിന്റേതായി പുറത്തുവന്ന ടീസര്‍ പോസ്റ്ററും പിന്നീട് വന്ന ഒഫീഷ്യല്‍ പോസ്റ്ററുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ഹൈപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
ഇ4 എക്‌സിപിരിമെന്റ്‌സ്, സീ സ്റ്റുഡിയോസ്, ലണ്ടന്‍ ടാക്കീസ് എന്നീ ബാനറുകളില്‍ മുകേഷ് ആര്‍. മേത്ത, ഉമേഷ് കെആര്‍ ബന്‍സാല്‍, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'പെണ്ണ് കേസ്' നിര്‍മ്മിക്കുന്നത്. ഷിനോസ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണമൊരുക്കിയിരിക്കുന്നത് ജ്യോതിഷ് എം, സുനു എ.വി, ഗണേഷ് മലയത്ത് എന്നിവര്‍ ചേര്‍ന്നാണ്. സഹനിര്‍മ്മാണം അക്ഷയ് കെജ്രിവാളും അശ്വതി നടുത്തൊടിയും ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു. പ്രൊഡക്ഷന്‍ ഡിസൈനര്‍ - അര്‍ഷദ് നക്കോത്ത്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ - വിനോദ് രാഘവന്‍, സംഗീതം- അങ്കിത് മേനോന്‍, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, മാര്‍ക്കറ്റിംഗ് ഹെഡ് - വിവേക് രാമദേവന്‍ (ക്യാറ്റലിസ്റ്റ്), പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജിനു പി.കെ.