
ദിലീപ് നായകനായ 'പ്രിന്‍സ് ആന്‍ഡ് ഫാമിലി'യെ പ്രകീര്‍ത്തിച്ചതില്‍ വിശദീകരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. സിനിമയെ കുറിച്ച് അഭിപ്രായം പറഞ്ഞതില്‍ പലരും നേരിട്ടും അല്ലാതേയും പരാതി പറഞ്ഞിരുന്നുവെന്നും അതില്‍ തനിക്ക് പറയാനുള്ളത് എന്ന ആമുഖത്തോടെയാണ് എം.എ. ബേബിയുടെ കുറിപ്പ്.
പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യര്‍ത്ഥന കൊണ്ടാണ് താന്‍ സിനിമ കാണാന്‍ നിര്‍ബന്ധിതനായത്. കണ്ടപ്പോള്‍ നല്ല സന്ദേശമുള്ള സിനിമയാണെന്ന് തോന്നി. മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാം. കലാപരമായി അസാധാരണമായ ഔന്നത്യം ഇതിനില്ലെങ്കിലും അക്രമരംഗങ്ങളോ അനാവശ്യമായ അസഭ്യസംഭാഷണങ്ങളോ ഒന്നും ഇല്ലാത്ത ഭേദപ്പെട്ട ഒരു സിനിമ ആയി തോന്നി.
അതുകൊണ്ടാണ് സംവിധായകനെ അല്ലാതെ മറ്റാരെയും പേരെടുത്ത് പരാമര്‍ശിക്കാതെ പങ്കുവെച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ അര്‍ത്ഥമുണ്ടെന്ന് കരുതുന്നില്ല. സിനിമയില്‍ അഭിനയിച്ച ആരോപണവിധേയനായ നടനെ ഞാന്‍ ന്യായീകരിക്കുന്നു എന്ന് വ്യാഖ്യാനിക്കേണ്ടതില്ല.
തികച്ചും അപ്രതീക്ഷിതമായി ഒട്ടേറെ സഖാക്കളും അനുഭാവികളും സദുദ്ദേശ്യത്തിലും മറ്റു ചിലര്‍ അങ്ങനെയല്ലാതെയും ഈ കാര്യത്തില്‍ അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയുണ്ടായി. പാര്‍ട്ടിയേയും തന്നേയും സ്‌നേഹിക്കുന്നവരെ ഇത്തരത്തില്‍ ഉദ്ദേശിക്കാതെ പ്രയാസപ്പെടുത്തിയതില്‍ വിഷമമുണ്ടെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
'പ്രിന്‍സ് ആന്‍ഡ് ഫാമിലി' നല്‍കുന്നത് സാമൂഹികമായി പ്രസക്തമായ സന്ദേശമാണെന്നായിരുന്നു കഴിഞ്ഞ ദിവസം എം.എ. ബേബിയുടെ പ്രതികരണം. വസ്തുത അറിഞ്ഞുവേണം എല്ലാ കാര്യങ്ങളോടും പ്രതികരിക്കാന്‍ എന്ന വിലപ്പെട്ട സന്ദേശമാണ് സിനിമ നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദിലീപിന്റെ 150-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി. നവാ?ഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഷാരിസ് മുഹമ്മദ് തിരക്കഥയൊരുക്കിയ ചിത്രം നിര്‍മിച്ചത് മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ്. മാജിക് ഫ്രെയിംസിന്റെ 30-ാമത്തെ ചിത്രമാണ് പ്രിന്‍സ് ആന്‍ഡ് ഫാമിലി.