

നടി സമാന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാരം' ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചിരിക്കുകയാണ്. നവാഗതയായ ബി.വി. നന്ദിനി റെഡ്ഡിയാണ് സിനിമയുടെ സംവിധാനം.
ജൂൺ 19ന് റിലീസ് ആയ ചിത്രത്തിന് ആദ്യ ദിനം മുതൽ മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. നേരത്തെ, ഒരു നായികാകേന്ദ്രീകൃത തെലുങ്ക് ചിത്രം നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ എന്ന റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു. അനുഷ്ക ഷെട്ടി കേന്ദ്രകഥാപാത്രമായി എത്തി 2009ൽ പുറത്തിറങ്ങിയ 'അരുന്ധതി' എന്ന ഹൊറർ ചിത്രത്തിന്റെ റെക്കോർഡാണ് 17 വർഷങ്ങൾക്ക് ശേഷം സമാന്തയുടെ സിനിമ മറികടന്നത്. 'അരുന്ധതി'യുടെ ലൈഫ് ടൈം തിയേറ്ററിക്കൽ കളക്ഷൻ 70 കോടി രൂപയായിരുന്നു. എന്നാൽ, റിലീസ് ചെയ്ത് പത്താം നാൾ ( 78.71 കോടി രൂപ) 'മാ ഇൻടി ബംഗാരം' ഈ നാഴികക്കല്ല് പിന്നിട്ടു. ജൂലൈ 17ന് ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഡിജിറ്റൽ സ്ട്രീമിങ് ആരംഭിക്കും.
'മാ ഇൻടി ബംഗാരം' 100 കോടി ക്ലബിൽ ഇടംപിടിച്ച വാർത്ത വൈകാരികമായ ഒരു എക്സ് പോസ്റ്റിലൂടെയാണ് സമാന്ത പങ്കുവച്ചത്.
"റിലീസ് ചെയ്യുന്നതിന് മുൻപ്, ഒരു കാര്യത്തെക്കുറിച്ച് മാത്രമായിരുന്നു എന്റെ ആശങ്ക: ആളുകൾ ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഞങ്ങൾ പുറത്തുവിടുന്ന പോസ്റ്ററുകളും ടീസറുകളുമൊക്കെ ആളുകളിലേക്ക് എത്തുന്നുണ്ടോ? ഇങ്ങനെ ഒരു സിനിമ ഉണ്ടെന്ന് അവർ അറിയുന്നുണ്ടോ?
അതിനിടയിലാണ് എന്റെ ഒരു സുഹൃത്ത് ഒരു ബി-ക്ലാസ് തിയേറ്റർ ഉടമയെ വിളിക്കുന്നത്. ഞാൻ അത് കേൾക്കുന്നുണ്ടെന്ന് അവൻ അറിഞ്ഞിരുന്നില്ല.
എന്റെ സുഹൃത്ത് ചോദിച്ചു, "മാ ഇൻടി ബംഗാരത്തെക്കുറിച്ച് എന്താണ് അഭിപ്രായം? ആദ്യ ദിവസം എത്ര കളക്ഷൻ കിട്ടുമെന്നാണ് കരുതുന്നത്?"
തിയേറ്റർ ഉടമ ഒട്ടും മടിച്ചില്ല, ഉടൻ മറുപടി പറഞ്ഞു:
"ഒരു നായിക കേന്ദ്രകഥാപാത്രമായ സിനിമ ആളുകൾ എന്തിനാണ് കാണുന്നത്? ഒരു വലിയ നായകന്റെ സിനിമയിലാണെങ്കിൽ ഓക്കെ, ഗ്ലാമർ വേഷങ്ങളിലൂടെയല്ലേ ആളുകൾ അവരെ അറിയുന്നത്. ഒരു നായികാപ്പടം കാണാൻ ആര് വരും? ആരും വരില്ല."
'മാ ഇൻടി ബംഗാരം' തിയേറ്ററുകളിൽ എത്തുന്നതിന് മുൻപുള്ള പൊതുധാരണ അതായിരുന്നു.
ആരെങ്കിലും റിസ്ക് എടുക്കാൻ തയ്യാറാകുമ്പോൾ മാത്രമാണ് യഥാർത്ഥ മാറ്റങ്ങൾ ഉണ്ടാകുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഭൂരിഭാഗം സമയത്തും അത്തരം റിസ്കുകൾ പരാജയപ്പെടാറാണ് പതിവ്. എന്നാൽ വളരെ അപൂർവ്വമായി ചിലത് വലിയ വിജയമായി മാറും. ഞങ്ങളെ സംബന്ധിച്ച്, ഈ റിസ്ക് ലക്ഷ്യം കണ്ടു. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമാകട്ടെ എന്ന് ഞാൻ പ്രത്യാശിക്കുന്നു. ഇനി അടുത്ത തവണ ആരെങ്കിലും ബി-ക്ലാസ് അല്ലെങ്കിൽ സി-ക്ലാസ് തിയേറ്റർ ഉടമകളെ വിളിച്ച് ഒരു സ്ത്രീപക്ഷ സിനിമയെക്കുറിച്ച് ചോദിക്കുമ്പോൾ, അവർ പെട്ടെന്ന് തന്നെ 'ഇല്ല' എന്ന് പറയാതിരിക്കട്ടെ. പകരം, "നമുക്ക് നോക്കാം, കാത്തിരുന്ന് കാണാം" എന്നൊരു മറുപടിയെങ്കിലും ഉണ്ടാകട്ടെ. കാരണം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് മുൻകൂട്ടി പ്രവചിക്കാൻ ആർക്കും കഴിയില്ലല്ലോ," നടി എക്സിൽ കുറിച്ചു.
ട്രലാല മൂവിങ് പിക്ചേഴ്സിന്റെ ബാനറിൽ സമാന്ത, രാജ് നിദിമോരു, ഹിമാങ്ക് ദുവ്വുരു എന്നിവർ ചേർന്നാണ് സിനിമയുടെ നിർമാണം. ഗുൽഷൻ ദേവയ്യ, ദിഗന്ദ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ഓം പ്രകാശ് ആണ് സിനിമയുടെ ഛായാഗ്രഹണം. സന്തോഷ് നാരായണൻ ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്.