
താരസംഘടനയായ 'അമ്മ'യില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ചരിത്രത്തിലാദ്യമായി അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു സ്ത്രീ മത്സരിക്കുന്നതും വാര്‍ത്തകളില്‍ ഇടം നേടി. സ്ത്രീകള്‍ തലപ്പത്തേക്ക് വരുന്നതിനെതിരെ സംഘടനയ്ക്കുള്ളില്‍ തന്നെ ഭിന്ന അഭിപ്രായങ്ങളുണ്ടെന്നാണ് അടുത്തിടെ നടന്ന സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ സംഘടനയില്‍ ഉന്നത പദവിയിലേക്ക് സ്ത്രീകള്‍ വരുന്നതല്ല വിഷയമെന്ന് നടി മാല പാര്‍വതി ന്യൂസ് മലയാളത്തോട് പറഞ്ഞു.
"അമ്മയില്‍ സ്ത്രീകള്‍ ഉന്നത പദവിയിലേക്ക് വരുന്നതല്ല പ്രശ്‌നം. അവരെ ചോദ്യം ചെയ്യാന്‍ കഴിവുള്ളവര്‍ വരുന്നതാണ് പ്രശ്‌നം", എന്നാണ് മാല പാര്‍വതി പറഞ്ഞത്. മുന്‍ പ്രസിഡന്റ് മോഹന്‍ലാലിനെ സങ്കടപ്പെടുത്തിയവര്‍ മത്സരിക്കേണ്ട എന്ന ഉദ്ദേശത്തോടെയുള്ള ശ്രമങ്ങളാണ് സംഘടനയില്‍ നടക്കുന്നത്. കുറ്റാരോപിതര്‍ മത്സരിക്കുന്നതില്‍ എന്താണ് പ്രശ്‌നം എന്ന അന്‍സിബ ഹസന്റെ ചോദ്യത്തിന് പിന്നാലെയാണ് അമ്മ തെരഞ്ഞെടുപ്പ് ശ്രദ്ധ നേടുന്നതെന്നും മാല പാര്‍വതി പറഞ്ഞു.
മെമ്മറി കാര്‍ഡ് വിവാദത്തെ കുറിച്ചും മാല പാര്‍വതി സംസാരിച്ചു. 'അമ്മ'യിലെ സ്ത്രീകള്‍ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിന്റെ വീഡിയോ മെമ്മറി കാര്‍ഡ് കുക്കു പരമേശ്വരന്‍ കൈവശപ്പെടുത്തിയെന്നും ഇത് ഹേമാ കമ്മിറ്റിക്ക് കൈമാറിയില്ലെന്നുമാണ് ആരോപണം. 2018ല്‍ ദുരനുഭവങ്ങള്‍ പങ്കുവെച്ച പെണ്‍കുട്ടികളുമായി സംസാരിച്ചുവെന്നും പലരും വിഭിന്ന അഭിപ്രായങ്ങളാണ് പറഞ്ഞതെന്നും മാല പാര്‍വതി പറഞ്ഞു. ഏത് വിഷയം വന്നാലും അത് സംഘടനയ്ക്കുള്ളില്‍ തന്നെ പറയണം എന്നാണ് അമ്മയിലെ നിയമം. എന്നാല്‍ മെമ്മറി കാര്‍ഡ് വിവാദത്തെ കുറിച്ച് ഇതിന് മുന്‍പ് ഒരിക്കലും സംഘടനയില്‍ സംസാരം ഉണ്ടായിട്ടില്ലെന്നും മാല പാര്‍വതി കൂട്ടിച്ചേര്‍ത്തു.