
കുമ്പളങ്ങി നൈറ്റ്‌സ് എന്ന ഒരൊറ്റ ചിത്രം കൊണ്ട് പ്രേക്ഷക മനസ് കീഴടക്കിയ സംവിധായകനാണ് മധു സി. നാരായണന്‍. 2019ലാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം റിലീസ് ചെയ്യുന്നത്. അതിന് ശേഷം മധു സി. നാരായണന്‍ എന്തുകൊണ്ട് സിനിമ ചെയ്യുന്നില്ലെന്ന ചോദ്യം പ്രേക്ഷകര്‍ക്കിടയിലും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഇപ്പോള്‍.
മധു സി. നാരായണന്‍ അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. നസ്ലെന്‍ ആണ് ചിത്രത്തിലെ നായകന്‍. നസ്ലെന് വേണ്ടിയുള്ള നായികയെ തേടിക്കൊണ്ടാണ് കാസ്റ്റിംഗ് കോള്‍. 20-25നും ഇടയില്‍ പ്രായം വരുന്ന കൊച്ചി ഭാഷ അറിയാവുന്ന സ്ത്രീകളെയാണ് സിനിമയ്ക്കായി തേടുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുഹ്സിന്‍ പരാരിയാണെന്നും സൂചനയുണ്ട്.
മധു സി നാരായണന്‍ ആഷിഖ് അബുവിന്റെ സഹ സംവിധായകനായാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഡാഡി കൂള്‍, സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്നീ ചിത്രങ്ങളിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുള്ളത്. ദിലീഷ് പോത്തന്റെ മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ മധു സി. നാരായണന്‍ ചീഫ് അസോസിയേറ്റായിരുന്നു.
2019 ഫെബ്രുവരി 7നാണ് മധു സി. നാരായണന്റെ ആദ്യ സംവിധാന സംരംഭമായ കുമ്പളങ്ങി നൈറ്റ്‌സ് തിയേറ്ററിലെത്തുന്നത്. ചിത്രത്തിന് മികച്ച പ്രേക്ഷക-നിരൂപക പ്രശംസ ലഭിച്ചിരുന്നു. കൂടാതെ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും ചിത്രത്തിന് ലഭിച്ചു.