'മഹാകാളി': ഇന്ത്യയിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രവുമായി 'ഹനുമാന്‍' സംവിധായകന്‍

പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം സിനിമയായി ഒരുങ്ങുന്ന മഹാകാളി പൂജ അപര്‍ണ കൊല്ലുരുവാണ് സംവിധാനം ചെയ്യുന്നത്
'മഹാകാളി': ഇന്ത്യയിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ ചിത്രവുമായി 'ഹനുമാന്‍' സംവിധായകന്‍
Published on
Updated on



ഇന്ത്യയിലെ ആദ്യ ഫീമെയില്‍ സൂപ്പര്‍ ഹീറോ സിനിമ പ്രഖ്യാപിച്ച് സംവിധായകന്‍ പ്രശാന്ത് വര്‍മ. ഹനുമാന്‍ സിനിമയുടെ വന്‍ വിജയത്തിന് പിന്നാലെ പ്രശാന്ത് വര്‍മ രചന നിര്‍വഹിക്കുന്ന ചിത്രത്തിന് മഹാകാളി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ദുര്‍ഗ സപ്തമി ദിനത്തിലാണ് സിനിമയുടെ അനൗണ്‍സ്മെന്‍റ് വീഡിയോ പുറത്തുവിട്ടത്. പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം സിനിമയായി ഒരുങ്ങുന്ന മഹാകാളി പൂജ അപര്‍ണ കൊല്ലുരുവാണ് സംവിധാനം ചെയ്യുന്നത്. ആര്‍കെഡി സ്റ്റുഡിയോസിന്‍റെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗലാണ് ചിത്രം നിര്‍മിക്കുന്നത്.

പശ്ചിമ ബംഗാളിന്‍റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതോടൊപ്പം പങ്കുവെച്ചിട്ടുണ്ട്. ഒരു കടുവയുടെ നെറ്റിയോട് മുഖം ചേര്‍ക്കുന്ന ബാലികയെയാണ് പോസ്റ്ററില്‍ ചിത്രീകരിച്ചിരുക്കുന്നത്. ഐതീഹ്യവും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് ഇന്ത്യന്‍ സിനിമയിലെ സ്റ്റീരിയോടൈപ്പുകളെ തകര്‍ക്കുന്ന സിനിമയാകും മഹാകാളിയെന്നാണ് അണിയറക്കാരുടെ പ്രഖ്യാപനം.

സ്മരാന്‍ സായ് ആയിരിക്കും സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ക്രിയേറ്റീവ് ഡയറക്ടര്‍ സ്നേഹ സമീറ, പ്രൊഡക്ഷന്‍ ഡിസൈനര്‍ ശ്രീ നാഗേന്ദ്ര തംഗല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വെങ്കട് കുമാര്‍ ജെട്ടി, പബ്ലിസിറ്റി ഡിസൈനര്‍ അനന്തന് കാഞ്ചര്‍ല എന്നിവരാണ് മറ്റ് അണിയറക്കാര്‍

News Malayalam 24x7
newsmalayalam.com