അശ്വിന്‍ കുമാര്‍ സംവിധാനം ചെയ്ത ആനിമേറ്റഡ് ചിത്രം 'മഹാവതാര്‍ നരസിംഹ' ജൂലൈ 25നാണ് തിയേറ്ററിലെത്തിയത്. ഇന്ത്യന്‍ പുരാണ കഥയുടെ ചലച്ചിത്രവിഷ്‌കാരമാണ് ഈ ചിത്രം. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. സിനിമ കാണാനെത്തിയ ആരാധകരുടെ പ്രതികരണങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായിരിക്കുന്നത്.
സിനിമ കണ്ട് ഭജന പാടുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ആരാധകരെയാണ് തിയേറ്ററിനുള്ളില്‍ കാണാന്‍ സാധിക്കുന്നത്. ചിലര്‍ ചെരുപ്പൂരി വെച്ചാണ് തിയേറ്ററിലേക്ക് പ്രവേശിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ സിനിമ കാണാന്‍ എത്തുന്ന കാഴ്ച്ചയാണ് കാണുന്നത്.
ആരാധകരുടെ ഈ സ്‌നേഹത്തിന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നന്ദി അറിയിച്ചിട്ടുണ്ട്. "മഹാവതാര്‍ നരസിംഹ എന്ന ചിത്രത്തോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തില്‍ ഞങ്ങള്‍ അത്ഭുതപ്പെട്ടിരിക്കുകയാണ്. ഒരു സിനിമാറ്റിക് സ്വപ്‌നമായി തുടങ്ങിയത് ഇപ്പോള്‍ രാജ്യമെമ്പാടുമുള്ള ഒരു ആത്മീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. ഭക്തര്‍ ഭജന പാടുകയും നരസിംഹ ദേവനെ പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. തിയേറ്റര്‍ ഒരു പുണ്യസ്ഥലമായി മാറിയിരിക്കുന്നു. ഇത് വെറുമൊരു സിനിമയായിരുന്നില്ല, നമ്മുടെ പൈതൃകം ആഘോഷിക്കാനുള്ള ഒരു അവസരമായാണ് ഞങ്ങള്‍ ഇത് കണ്ടത്", എന്നാണ് ഔദ്യോഗികമായി പങ്കുവെച്ച കുറിപ്പില്‍ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്.
ഹോംബാലെ ഫിലിംസാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ശില്‍പ ധവാന്‍, കുഷാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 20 കോടി ബജറ്റില്‍ നിര്‍മിച്ച ചിത്രം ഇതിനോടകം തന്നെ ആഗോള ബോക്‌സ് ഓഫീസില്‍ 30 കോടി നേടി. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.