രഞ്ജിത്ത് രാജി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്ന് കരുതുന്നു: മാലാ പാര്‍വതി

ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്നും താന്‍ സ്ത്രീപക്ഷത്താണെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.
രഞ്ജിത്ത് രാജി വെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കില്ലെന്ന് കരുതുന്നു: മാലാ പാര്‍വതി
Published on

സംവിധായകന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തില്‍ പ്രതികരിച്ച് നടി മാലാ പാര്‍വതി. രഞ്ജിത്ത് രാജിവെക്കുമെന്നാണ് താന്‍ കരുതുന്നതെന്നാണ് മാലാ പാര്‍വതി ന്യൂസ് മലയാളത്തോട് പറഞ്ഞത്. ഇത്തരത്തില്‍ ഒരു ആരോപണം വന്നതിന് ശേഷം സര്‍ക്കാരിനെ രഞ്ജിത്ത് പ്രതിസന്ധിയിലാക്കാന്‍ സാധ്യതയില്ലെന്നാണ് താന്‍ കരുതുന്നതെന്നും മാലാ പാര്‍വതി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത് ഒരു സുനാമിയുണ്ടാക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും മാലാ പാര്‍വതി അഭിപ്രായപ്പെട്ടു. 'ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് എന്നത് 2019 വരെയുള്ള പഠനമല്ലേ. അതിന് ശേഷം തന്നെ ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട് കാര്യങ്ങള്‍. ഇനിയും ഒരുപാട് മെച്ചപെടാനുണ്ട്. ഇപ്പോള്‍ കാസ്റ്റിംഗ് കോളുകള്‍ വിളിക്കുമ്പോള്‍ തന്നെ അതില്‍ കൃത്യമായ ഒരു ഏജന്‍സിയുടെ അപ്രൂവലോട് കൂടി വിളിക്കുക. പിന്നെ പരാതിയുണ്ടെങ്കില്‍ അത് പറയാന്‍ ഒരു ഓഫീസര്‍ ഉണ്ടാവുക. പിന്നെ പേര് പറഞ്ഞോ പറയാതെയോ ഒക്കെയുള്ള ഒരിടമുണ്ടായാല്‍ ഒരുപാട് മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്', മാലാ പാര്‍വതി വ്യക്തമാക്കി.

'ഓഡിഷനില്‍ ചിലരെ യഥാര്‍ത്ഥത്തില്‍ അഭിനയിപ്പിക്കാന്‍ പറ്റാതെയും വരും. അതുകൊണ്ട് തന്നെ ഓഡീഷന്‍ കഴിഞ്ഞ എല്ലാവരെയും സിനിമയില്‍ എടുക്കാത്തത് ഇക്കാരണം കൊണ്ടായിരിക്കണമെന്നില്ല. അതുകൊണ്ട് തന്നെ ഒരു പരാതി കിട്ടിക്കഴിഞ്ഞാല്‍ ഉടനെ നടപടി എന്നതില്‍ ഉപരി അതില്‍ അന്വേഷണം ഉണ്ടായിരിക്കണം. ശ്രീലേഖ മിത്ര വലിയൊരു നടിയാണ്. പക്ഷെ ഇപ്പോള്‍ പുതിയൊരാള്‍ പറയുകയാണ് എന്നെ ഓഡീഷന് വിളിച്ചു എന്നെ അത് കഴിഞ്ഞ് പറഞ്ഞുവിട്ടു എന്ന്. ആ കഥാപാത്രത്തിന് അവര്‍ അനുയോജ്യയല്ലാത്തതുകൊണ്ടായിരിക്കാം ചിലപ്പോള്‍ പറഞ്ഞു വിട്ടത്. അതല്ലാത്ത കാരണം കൂടിയാവാം. സത്യത്തില്‍ ക്രിയേറ്റീവ് ലോകത്തേക്ക് ഒരാളെ എടുക്കാന്‍ ഒരു മാനദണ്ഡം ഇല്ല. അതുകൊണ്ട് തന്നെ 'കുഴപ്പക്കാര്‍' എന്ന ലേബലുള്ളവരെ അവര്‍ ഒഴിവാക്കും. എനിക്ക് അതിലും ഒരുപാട് ആശങ്കയുണ്ട്. കാരണം അങ്ങനെ വരുമ്പോള്‍ ഒരുപാട് നല്ല ആളുകള്‍ക്കും അവസരം ഇല്ലാതാകും. അതില്ലാതാകാന്‍ നമ്മളെ സിനിമയ്ക്ക് ആവശ്യമുള്ള ഒരു പൊസിഷനില്‍ നമ്മള്‍ എത്തണം. അത്തരത്തില്‍ ഒരു വില നമുക്ക് ഉണ്ടായാല്‍ മാത്രമെ നമുക്ക് സിനിമയില്‍ ഒരു സ്‌പേസ് കിട്ടുകയുള്ളൂ. അതുവരെ നമ്മളുടെ ആവശ്യമാണ് സിനിമ. നമ്മള്‍ എനിക്കൊരു വേഷം തരണെ എന്ന് പറയുന്ന എല്ലാ സമയത്തും സ്ത്രീകള്‍ക്ക് ചൂഷണത്തിന് ഇരയാകേണ്ട ഒരു സാധ്യതയുണ്ടെ'ന്നും മാലാ പാര്‍വതി പറഞ്ഞു.

അതേസമയം എല്ലാവരും മോശം ആളുകളാണെന്ന് പറയാന്‍ സാധിക്കില്ലെന്നും മാലാ പാര്‍വതി അഭിപ്രായപ്പെട്ടു. 'എനിക്ക് നല്ല അനുഭവങ്ങള്‍ ബേസിലിന്റെ സെറ്റില്‍ നിന്നെല്ലാം ഉണ്ടായിട്ടുണ്ട്. അത്തരത്തില്‍ ഒരുപാട് ആളുകളുണ്ട് സിനിമ മേഖലയില്‍. മാറ്റം വരുന്നുണ്ട്. യങ്‌സ്റ്റേഴ്‌സ് സിനിമയെ സീരിയസായി കാണുന്നവരാണ്. പിന്നെ എല്ലാ മനുഷ്യര്‍ക്കും ലൈംഗിക ആവശ്യങ്ങളുണ്ട്. അത് പുറത്തൊക്കെ പോയി ആളുകള്‍ നടപ്പിലാക്കും. അതല്ലാതെ സിനിമയില്‍ ജോലി ചെയ്യാന്‍ വരുന്നവരെ കേറി പിടിച്ചുകൊണ്ടാവരുതല്ലോ. ഇതൊരു പ്രൊഫഷണല്‍ സ്‌പേസ് ആവണ്ടേ. ഇപ്പോള്‍ പ്രൊഫഷണലായിട്ടുള്ള ഒരു സ്‌പേസിലേക്ക് മാറുന്ന പാതയില്‍ തന്നെയാണ് മലയാള സിനിമ. ലോകത്തെവിടെയും ഇങ്ങനെയൊരു പഠനം നടക്കുകയില്ല നടക്കാന്‍ സമ്മതിക്കുകയുമില്ല. ഇങ്ങനെയൊരു പഠനം സര്‍ക്കാര്‍ നടത്തിയതുകൊണ്ടാണ് ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ വരുന്നത്. എപ്പോഴുമൊരു കുഴാമറച്ചില്‍ ഉണ്ടായതിന് ശേഷമെ പിന്നീട് കാര്യങ്ങള്‍ ശരിയാവുകയുള്ളൂ', എന്നും മാലാ പാര്‍വതി വ്യക്തമാക്കി. ഇതൊരു മാറ്റത്തിന്റെ തുടക്കമാണെന്നും താന്‍ സ്ത്രീപക്ഷത്താണെന്നും മാലാ പാര്‍വതി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com