മോഹന്‍ലാലും മാളവിക മോഹനനും കേന്ദ്ര കഥാപാത്രങ്ങളായ ഹൃദയപൂര്‍വം ആഘോഷിക്കപ്പെടുന്നതിന് ഒപ്പം തന്നെ വിമര്‍ശനങ്ങളും ഏറ്റുവാങ്ങിയിരുന്നു. അതിന് കാരണം 32 വയസുള്ള മാളവിക 65 വയസുള്ള മോഹന്‍ലാലിന്റെ നായികയായി അഭിനയിക്കുന്നു എന്നതായിരുന്നു. ഇരുവരും തമ്മില്‍ 33 വയസിന്റെ വ്യത്യാസമുണ്ട് എന്നത് സമൂഹമാധ്യമത്തില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഇപ്പോഴിതാ നടി മാളവിക മോഹനന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ്. പ്രമോഷനിടെ നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
"അത്തരമൊരു കമന്റിന് ഞാന്‍ മറുപടി നല്‍കിയിരുന്നു. ഒരു സിനിമയുടെ കഥയോ തിരക്കഥയോ അറിയാതെ അഭിപ്രായങ്ങള്‍ പറയുന്നത് ശരിയല്ല. ആദ്യം സിനിമ റിലീസ് ചെയ്യട്ടെ. കണ്ടതിന് ശേഷം വിം അസാധാരണമാണെന്ന് തോന്നുന്നുവെങ്കില്‍ നിങ്ങള്‍ അഭിപ്രായം പങ്കുവെക്കുക. അത് ന്യായമാണ്. എല്ലാവര്‍ക്കും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ അവകാശമുണ്ട്. പക്ഷെ യാതൊരു അറിവുമില്ലാതെ ഭിപ്രായം പറയുന്നത് ശരിയല്ല", മാളവിക പ്രതികരിച്ചു.
സാധാരണ പ്രണയ കഥ എന്ന വിഭാഗത്തില്‍ അല്ല ഹൃദയപൂര്‍വം എന്ന ചിത്രം വരുന്നതെന്നും താരം വ്യക്തമാക്കി. "ജീവിതത്തിലെ ഒരു പ്രത്യേക ഘട്ടത്തില്‍ രണ്ട് അപരിചിതര്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടുമ്പോഴാണ് കഥ ആരംഭിക്കുന്നത്. അവിടെ ഉണ്ടാകുന്നത് നിങ്ങളുടെ പതിവ് പ്രണയ കഥയല്ല", എന്നും മാളവിക കൂട്ടിച്ചേര്‍ത്തു.
അതേസമയം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഹൃദയപൂര്‍വം ആഗസ്റ്റ് 28ന് തിയേറ്ററിലെത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. പൂനയുടെ പശ്ചാത്തലത്തില്‍ സന്ധീപ് ബാലകൃഷ്ണന്‍ എന്ന വ്യക്തിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിലെ നായിക. സംഗീത, സംഗീത് പ്രതാപ്, ലാലു അലക്‌സ്, സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് എന്നിവരും ചിത്രത്തിലുണ്ട്. അഖില്‍ സത്യന്റെ കഥക്ക് ടി.പി. സോനുവാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. 2015ല്‍ പുറത്തിറങ്ങിയ 'എന്നും എപ്പോഴും' എന്ന ചിത്രമാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടില്‍ ഒടുവിലായി പുറത്തിറങ്ങിയത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്.