നടി മാളവിക മോഹനന്‍ മോഹന്‍ലാലിനൊപ്പം 'ഹൃദയപൂര്‍വ്വത്തില്‍' അഭിനയിക്കുന്നു എന്നത് ആരാധകര്‍ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. പലപ്പോഴായി മാളവിക തന്നെ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ അനുഭവം തന്റെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മോഹന്‍ലാലില്‍ നിന്ന് ഒരുപാട് പഠിക്കാന്‍ സാധിച്ചുവെന്നും അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നതെന്നുമെല്ലാം മാളവിക പറഞ്ഞിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ച് വീണ്ടും തന്റെ എക്‌സില്‍ കുറിച്ചിരിക്കുകയാണ് മാളവിക.
എക്‌സില്‍ മാളവിക നടത്തിയ Q&Aയില്‍ ഒരു ആരാധകന്‍ ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നടി. "ഹൃദയപൂര്‍വ്വത്തില്‍ മോഹന്‍ലാലിനോടൊപ്പം അഭിനയിച്ചതിന്റെ അനുഭവമാണ്" ആരാധകന്‍ താരത്തോട് ചോദിച്ചത്. അതിന് രസകരമായ മറുപടിയാണ് മാളവിക നല്‍കിയത്. "അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടു വളര്‍ന്ന ഒരാള്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായത് മികച്ചൊരു അനുഭവമായിരുന്നു. അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ നല്ല രസമാണ്. ഞാന്‍ സ്‌നേഹത്തോടെ അദ്ദേഹത്തെ Pookie Lal എന്നാണ് വിളിക്കുന്നത്", എന്നാണ് മാളവിക പറഞ്ഞത്.
അതേസമയം സത്യന്‍ അന്തിക്കാടാണ് 'ഹൃദയപൂര്‍വ്വം' സംവിധാനം ചെയ്തിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷമാണ് മാളവിക ഈ ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അടുത്തിടെയാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായത്.
കോമഡിക്ക് പ്രാധാന്യം നല്‍കികൊണ്ട് ഒരുക്കുന്ന ഒരു കുടുംബ ചിത്രമായിരിക്കും 'ഹൃദയപൂര്‍വ്വ'മെന്ന് സത്യന്‍ അന്തിക്കാട് നേരത്തെ അറിയിച്ചിരുന്നു. 'നൈറ്റ് ഷിഫ്റ്റ്' എന്ന ഷോര്‍ട്ട് ഫിലിം ഒരുക്കിയ ടി പി സോനുവാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തുന്ന സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രമാണിത്. പ്രേമലുവിലെ സംഗീത് പ്രതാപും സിദ്ദിഖും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാണ്. ചിന്താവിഷ്ടയായ ശ്യാമളയിലെ നടി സംഗീത മാധവന്‍ നായരും ചിത്രത്തിലുണ്ട്.