
പന്തളം: കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. അവതാരകയും സ്റ്റാർ മാജിക്ക് ഫെയിമുമായ ലക്ഷ്മി നക്ഷത്ര ഉല്ലാസിനെ ഒരു ഉദ്‌ഘാടന പരിപാടിക്ക് എത്തിച്ചപ്പോഴാണ് ഹാസ്യനടൻ്റെ ആരോഗ്യനിലയെ ചൊല്ലി സോഷ്യൽ മീഡിയയാകെ ആശങ്കയോടെ പ്രതികരിച്ചത്. ഉല്ലാസ് പന്തളത്തിന് എന്ത് പറ്റിയതെന്ന ചോദ്യമാണ് ഈ വീഡിയോക്ക് താഴെ വ്യാപകമായി ഉയർന്നതും.
കൈകാലുകൾക്ക് സ്വാധീനക്കുറവ് ഉള്ളതിനാൽ വളരെ ബുദ്ധിമുട്ടിയാണ് അദ്ദേഹം നടക്കുന്നത്. "കോമഡി താരത്തിന് ഇതെന്ത് പറ്റി?" എന്നുള്ള കമൻ്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ഇടത് കൈയ്ക്ക് സ്വാധീനക്കുറവ് ഉള്ളതു പോലെ തോന്നിച്ചതും വാക്കിങ് സ്റ്റിക്കിൻ്റെ സഹായത്തോടെ അദ്ദേഹം നടക്കുന്നതുമെല്ലാം ആരാധകരെ വിഷമിപ്പിച്ചു.
എന്നാൽ തനിക്ക് അസുഖമുള്ള വിവരം അത്രയും അടുത്ത ആളുകൾക്ക് മാത്രമെ അറിയുമായിരുന്നുള്ളൂ എന്നും, സ്ട്രോക്ക് വന്നിരുന്നു എന്നും ഉല്ലാസ് കഴിഞ്ഞ ദിവസത്തെ പൊതുപരിപാടിയിൽ വിശദീകരിക്കുന്നുണ്ട്.
ഉല്ലാസ് പൂർണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ട് വേണം താരത്തിനൊപ്പം ആ ഐക്കോണിക് ഡാൻസ് സ്റ്റെപ്പ് കളിക്കാനെന്നും അവതാരക ലക്ഷ്മി നക്ഷത്രയും വേദിയിൽ പറഞ്ഞിരുന്നു. മാത്രമല്ല കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഉല്ലാസ് ഇമോഷണൽ ആകുന്നതും, ചിരിച്ചുകൊണ്ട് പോകൂവെന്ന് ലക്ഷ്മി ധൈര്യം നൽകുന്നതും വൈറലായ വീഡിയോയിൽ ഉണ്ടായിരുന്നു.