ധർമേന്ദ്ര തത്ത്വമസി! ചിരിയുടെ 'മണവാളൻ' ഫോർമുല

'പുലിവാൽ കല്യാണ'ത്തിലെ ചിരിയുടെ ഫോർമുല ലളിതമാണ് - സലിം കുമാറിനെയും കൊച്ചിൻ ഹനീഫയേയും കെട്ടഴിച്ചുവിടുക.
'പുലിവാൽ കല്യാണത്തിൽ' സലിം കുമാർ
'പുലിവാൽ കല്യാണത്തിൽ' സലിം കുമാർഎഐ നിർമിതം
Published on
Updated on

ഒരിടത്തൊരിടത്ത് ഒരു മണവാളനുണ്ടായിരുന്നു. ഒരു ബാച്ചിലർ. അയാളുടെ അച്ഛനും മുത്തച്ഛനുമെല്ലാം ക്രോണിക് ബാച്ചിലേഴ്സ് ആണ്. പണം അയാൾക്ക് ഒരു പ്രശ്നമല്ല. തന്നെ ഇട്ടുമൂടാനുള്ള പണം അയാൾ മണലാരണ്യത്തിൽ നിന്ന് സമ്പാദിച്ചിട്ടുണ്ട്. ദുബായ്‌യിലെ ഷെയ്‌ഖിന്റെ ഇടം കയ്യാണയാൾ. അതിൽ ആരെങ്കിലും സംശയം പ്രകടിപ്പിച്ചാൽ ദുബായ്‌യിൽ എല്ലാം ഇടംകയ്യാണെന്നാകും അയാളുടെ ന്യായം. ഈ ന്യായവുമായി അയാൾ കടന്നുവന്നത് ഒരു സിനിമയെ തന്റെ ഇടംതോളിൽ ഏറ്റി സൂപ്പർ ഹിറ്റിലേക്ക് ഉയർത്താനാണ്.

സിനിമ തുടങ്ങി പതിനഞ്ചാം മിനുട്ടിൽ ഒരു പ്ലോട്ട് ട്വിസ്റ്റ് സംഭവിക്കണം എന്നാണ് സിദ്ധാന്തം. അതായത് കാണികളെ പിടിച്ചിരുത്തുന്ന എന്തെങ്കിലും. ത്രില്ലറുകളിലാണെങ്കിൽ അത് ഒരു കൊലപാതകമോ മോഷണമോ ആകാം. ഒരു പ്രണയ ചിത്രത്തിലാണെങ്കിലോ? നായകനും നായികയും കണ്ടുമുട്ടാം. അല്ലെങ്കിൽ അവരുടെ ജീവിതത്തിൽ എന്തെങ്കിലും അവിചാരിത സംഭവം ഉണ്ടാകാം. പക്ഷേ, ജയസൂര്യയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത 'പുലിവാൽ കല്യാണം' (2003) എന്ന ചിത്രത്തിൽ ഈ 15 മിനുട്ടിൽ നായകന്റെ പ്രധാന പ്രശ്നങ്ങളാണ് അവതരിപ്പിക്കുന്നത്. അവന്റെ പെടാപ്പാടും കടപ്പാടും കടമെടുത്തതിന്റെ പാടുമെല്ലാം ഈ സമയത്തിനുള്ളിൽ ഷാഫി പറഞ്ഞുവയ്ക്കുന്നു. അടുത്തതായി നായകൻ നായികയെ കാണണം. അതാണല്ലോ പതിവ്. പക്ഷേ ഷാഫി ആ പതിവ് തെറ്റിച്ചു. ഇനി എന്തെന്ന് കാണി ചിന്തിച്ചിരിക്കുന്നിടത്ത് സംവിധായകൻ തന്റെ കയ്യിലെ ആണവായുധം പുറത്തെടുത്തത്. ഒരു ഐറ്റം അണുബോംബ് - സലിം കുമാ‍ർ!

'പുലിവാൽ കല്യാണത്തിൽ' സലിം കുമാർ
"തളരരുത് രാമൻകുട്ടീ.. തളരരുത്"; ട്രോളുകളിലെയും മീമുകളിലെയും രാജാവായ സലിം കുമാർ

ഗൗൺ ധരിച്ച്, ഈസി ചെയറിൽ വട്ടം കറങ്ങി, ചുണ്ടിൽ ഫിറ്റ് ചെയ്ത സ്മോക്കിങ് പൈപ്പിൽ നിന്ന് പുകയൂതിവിട്ടുകൊണ്ടാണ് അയാളുടെ കടന്നുവരവ്. ഫൈനാൻസിയേഴ്സിന്റെ ഇടയിലെ കന്യകൻ. മണവാളൻ ആൻഡ് സൺസ് ഫിനാൻസിയേഴ്സിന്റെ ഉടമ സാക്ഷാൽ മണവാളൻ. അവിടെനിന്നങ്ങോട്ട് ആ കഥയുടെ സ്ടിയറിങ് തിരിക്കുന്നത് സലിം കുമാ‍ർ ആണ്. അയാൾ കാണികളെ പിടിച്ചിരുത്തി. അല്ല, ഇരിപ്പിടത്തിൽ നിന്ന് വയറുളുക്കി താഴെവീഴും വിധം ചിരിപ്പിച്ചു.

സിനിമയിലെ മണവാളന്റെ കഥ ലളിതമാണ്. പടക്കക്കട തുടങ്ങാൻ മണവാളൻ നായകന് പണം കടം കൊടുക്കുന്നു. അയാളുടെ കടിഞ്ഞൂൽ കടം കൊടുപ്പ്. എന്നിട്ട് മൂന്ന് മാസത്തിനുള്ളിൽ തിരിച്ചുവരാമെന്ന ഉറപ്പിൽ മോണിങ് ഫ്ലൈറ്റിൽ ദുബായിലേക്കെന്ന് പറഞ്ഞുപോകുന്നു. നായകന്റെ ജീവിതത്തിൽ പിന്നെയും പലതും നടക്കുന്നു. വില്ലൻ അച്ഛന്റെ ഇൻട്രൊഡക്ഷനും നായകന്റെയും നായികയുടെയും കണ്ടുമുട്ടലുമെല്ലാം സംഭവിക്കുന്നു. മൂന്ന് മാസം ആയോ? മണവാളൻ എന്തിയേ? എന്ന് പ്രേക്ഷക‍ർ ചിന്തിച്ചു തുടങ്ങുന്നിടത്ത് സലിം കുമാറിന്റെ സെക്കൻഡ‍് ഇൻട്രോ. കടവും കടപ്പടിയും കൂടെ ധർമേന്ദ്രയെന്ന ടാക്സി ഡ്രൈവറുമായി അയാൾ തിരിച്ചെത്തുന്നു. അവിടം മുതൽ ധർമേന്ദ്രയായി എത്തിയ കൊച്ചിൻ ഹനീഫയ്‌ക്കൊപ്പം ചേർന്ന് സലിം കുമാർ 'പുലിവാൽ കല്യാണം' എന്ന പല സിനിമകളിൽ ഒന്നിനെ പോപ്പ് കൾച്ചറിന്റെ ഭാ​ഗമാക്കി മാറ്റാനുള്ള അറ്റകുറ്റപ്പണികൾ തുടങ്ങുന്നു.

'പുലിവാൽ കല്യാണത്തിൽ' സലിം കുമാർ
പ്രിയ സുഹൃത്തിന്‌ വേദനയോടെ ആദരാഞ്ജലികൾ; സലിം കുമാറിൻ്റെ വിയോഗത്തിൽ മോഹൻലാൽ

മണവാളനേയും ധർമേന്ദ്രയേയും മാറ്റി നിർത്തിയാലും തിരക്കഥ എന്ന നിലയിൽ 'പുലിവാൽ കല്യാണം' മുന്നോട്ടുപോകും. പക്ഷേ, സിനിമ എന്ന അനുഭവത്തിൽ നിന്ന് അത് ഏറെ അകലയാകും. കഥാ​ഗതിയിൽ നിർണായകമായ എന്തെങ്കിലും സംഭാവന ഇവ‍‍ർ ചെയ്യുന്നു എന്നല്ല ഇതിന്റെ അർഥം. ഹാസ്യം കൈകാര്യം ചെയ്യുന്നതിനുള്ള തങ്ങളുടെ മിടുക്ക് കൊണ്ട് അവർ ഒരു സ്റ്റേറ്റ്‌മെന്റ് നൽകുകയാണ് - ഇതിനും മുകളിൽ വയ്ക്കടാ, ഒരെണ്ണം!

ഈ സിനിമയിലെ ചിരിയുടെ ഫോർമുല ലളിതമാണ്. സലിം കുമാറിനെയും കൊച്ചിൻ ഹനീഫയേയും കെട്ടഴിച്ചുവിടുക. ബാക്കി അവര് നോക്കിക്കോളും. അത്ര തന്നെ. ഉദാഹരണത്തിന് നായകനെ കല്യാണം കഴിപ്പിച്ച് കുടുക്കാനായി മണവാളനും ധർമേന്ദ്രയും ഇറങ്ങിത്തിരിക്കുന്നു. പെണ്ണുകാണലിന് ഒരു വലിയ വീട്ടിലേക്ക് ചെല്ലുന്ന മണവാളൻ ആ ബം​ഗ്ലാവിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെ - "ഹമ്മം വീടാണല്ലോ, ഹരികൃഷ്ണാ നിന്റെ ഭാ​ഗ്യം‌." ഇനി ധർമേന്ദ്ര രോഷാകുലനായാലോ? ഒറ്റവാക്കിൽ അയാളെ മണവാളൻ ശാന്തനാക്കും - "ധർമേന്ദ്ര തത്ത്വമസി". ഒട്ടകത്തിന്റെ ഇറച്ചിക്ക് നല്ല രുചിയാണെന്ന് ധർമേന്ദ്ര പറയുമ്പോൾ മണവാളന് നോവും. അയാൾ അറബിയിൽ ഒരു ചൊല്ല് പറയും - "അൽ അന്നമിൻ ആലഹ അൽ ഒട്ടഹ." അർഥം തിരഞ്ഞ് മെനക്കെടേണ്ട. അത് സലിം കുമാറിന് മാത്രം അറിയുന്ന ഒന്നാണ്. അതയാൾ വ്യക്തമായി എല്ലാവ‍ർക്കുമായി പറഞ്ഞുതരുന്നു. "ഒട്ടകത്തെ ഉപദ്രവിക്കരുത്. ആരോ ഒരുവൻ ഒട്ടകത്തെ ഉപദ്രവിക്കുന്നു അൽ ഫത്തലു, അവനെ പത്തലൂരി അടിക്കണം." ഇനി കോളേജ് പെൺകുട്ടികളുടെ കൈ നോക്കി ഫലം പറയുന്ന മണവാളനെ നോക്കാം. അയാൾ ഒരു രേഖയ്ക്ക് നൽകുന്ന പേര് 'അന്നദാന രേഖ' എന്നാണ്. ഇങ്ങനെ ചെറുതും വലുതുമായ പല സംഭാഷണങ്ങളും ഈ സിനിമയിൽ പല ഡോസുകളിൽ സലിം കുമാർ പുറത്തെടുക്കുന്നു. അതൊന്നുപോലും വെറുതെയായില്ല. മലയാളി കുടുകുടെ ചിരിച്ചു.

'പുലിവാൽ കല്യാണത്തിൽ' സലിം കുമാർ
"നഷ്ടമായത് സ്വന്തം വീട്ടിലെ ഒരാളെ; മലയാള സിനിമയ്ക്കുണ്ടായ നഷ്ടം"

മലയാളി മനസറിഞ്ഞു ചിരിച്ചോ, പടം ഹിറ്റാണെന്ന് 'പുലിവാൽ കല്യാണം' തെളിയിച്ചു. ഒപ്പം സലിം കുമാർ എന്ന നടന്റെ ഹാസ്യം കൊണ്ടുള്ള മാജിക് എന്തെന്നും. ഈ സിനിമയിലെ നായക കഥാപാത്രം മണവാളൻ ആണ് (അതിൽ ജയസൂര്യക്ക് പോലും എതിരഭിപ്രായമില്ല). അയാളുടെ പങ്കാളി ധർമേന്ദ്രയും. ഒരു കാമുകനും കാമുകിയും ഇത്രയും നിസ്വാർഥമായി സ്നേഹിച്ചു കാണില്ല. വഴക്കടിച്ചു കാണില്ല. ടാക്സിക്കൂലി ചോദിച്ചു കലഹിക്കുമ്പോഴും അവർ പിരിഞ്ഞുപോകുന്നില്ല.

മറ്റൊരു പ്രതിഭയ്ക്കും മണവാളനാകാനാകില്ല. 'എന്തേ' എന്ന് ചോദിച്ച് ഒരു പോസ് ഇട്ട് ഫ്രെയിമിൽ നിൽക്കുമ്പോൾ അയാളുടെ വലിയ കണ്ണുകൾ വികസിക്കും. ആ മുഖം ഒരു ചോദ്യ ചിഹ്നമാകും. അവിടെ ചിരിപൊട്ടും. ഒരു മഹാനടനല്ലാതെ മറ്റാർക്കാണ് അത് സാധ്യമാകുക. മണവാളനുണ്ടാകും, ഒരു ചിരിയോർമയായി ചിരകാലമീ മണ്ണിൽ.

News Malayalam 24x7
newsmalayalam.com