
വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്ഡം എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസമാണ് റിലീസ് ചെയ്തത്. ചിത്രത്തിലെ വിജയ് ദേവരകൊണ്ടയുടെ പ്രകടനത്തിനൊപ്പം തന്നെ ശ്രദ്ധ നേടിയത് ഒരു മലയാളി താരമായിരുന്നു. നടന്‍ വെങ്കിടേഷ്. ട്രെയ്ലറിലെ താരത്തിന്റെ സീനുകളും കിങ്ഡത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ നടത്തിയ പ്രസംഗവുമെല്ലാം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിച്ചതിന്റെ അനുഭവവും കിങ്ഡത്തിന്റെ ഭാഗമായതിനെ കുറിച്ചുമെല്ലാം വെങ്കിടേഷ് ന്യൂസ് മലയാളത്തോട് സംസാരിച്ചു. ജൂലൈ 31ന് തിയേറ്ററിലെത്തുന്ന ചിത്രം ഹിറ്റാകണമെന്നാണ് തന്റെ ആഗ്രഹമെന്നും വെങ്കിടേഷ് പറഞ്ഞു.
ഞാന്‍ എങ്ങനെയാണ് കിങ്ഡത്തിന്റെ ഭാഗമാകുന്നതെന്ന് സത്യം പറഞ്ഞാല്‍ എനിക്ക് അറിയില്ല. എന്തോ ഭാഗ്യത്തിന്റെ പുറത്ത് എനിക്ക് കിട്ടിയതാണ് ഈ സിനിമ. എന്റെ തെലുങ്ക് പടത്തിന്റെ ട്രെയ്‌ലര്‍ എന്തോ കണ്ടിട്ടാണെന്ന് തോന്നുന്നു. ഞാന്‍ ഇങ്ങനെയൊരു കാര്യം ചോദിച്ചിട്ടുമില്ല. ഭാഗ്യത്തിന് പടം എനിക്ക് കിട്ടി നമ്മുടെ പരിപാടി ചെയ്തു എന്നേയുള്ളൂ. എങ്ങനെയാണ് ഞാന്‍ ഇതിലേക്ക് വന്നത് എന്ന് എനിക്കും വലിയ ധാരണയില്ല.
തീര്‍ച്ചയായും ടെന്‍ഷന്‍ ഉണ്ടായിരുന്നു. പക്ഷെ അതിനേക്കാളും ഈ സിനിമ എനിക്ക് വേണം എന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. കാരണം എന്തെങ്കിലും ഒന്ന് പ്രൂവ് ചെയ്യണമല്ലോ. പിന്നെ സിനിമകള്‍ ചെയ്ത് ചെയ്താണല്ലോ നമ്മള്‍ ഡബ്ബ് ചെയ്യുന്നതും എല്ലാം പഠിക്കുന്നത്. അപ്പോള്‍ അതുകൊണ്ട് തന്നെ ആദ്യം വന്ന സിനിമകളില്‍ അത്ര മികച്ച പെര്‍ഫോമന്‍സോ കാര്യങ്ങളോ ഒന്നുമല്ല. അപ്പോള്‍ സിനിമ എന്ന് പറഞ്ഞ് ഇറങ്ങി തിരിക്കുമ്പോള്‍ സ്വാഭാവികമായും എനിക്കൊരു സ്റ്റാര്‍ട്ട് വേണം. സ്റ്റാര്‍ട്ടിങിലൊരു ഹിറ്റ് വേണം എന്ന അതിയായ ആഗ്രഹത്തിന്റെ പേരില്‍ നിന്നപ്പഴാണ് ഇങ്ങനെയൊരു പടം കിട്ടിയത്. അതുകൊണ്ട് തന്നെ ടെന്‍ഷനേക്കാളും സന്തോഷമായിരുന്നു. കാരണം ഭയങ്കര കിടിലം ടീമാണിത്.
ഓഡീഷനും ഒന്നും ഇല്ലായിരുന്നു. അത് വേറെയൊരു സര്‍പ്രൈസ്. സംവിധായകന്‍ നാനിയുടെ ജേഴ്‌സിയുടെ സംവിധായകനാണ്. പുള്ളി കണ്ടിട്ട് ഓക്കെ പറയുകയായിരുന്നു. ഒരു ലുക്ക് ടെസ്റ്റ് ഉണ്ടായിരുന്നു. അതിന് ശേഷം പുള്ളിക്ക് ഓക്കെയായി എന്ന് പറഞ്ഞു. അപ്പോള്‍ ഞാന്‍ വിചാരിച്ചു ഓഡീഷന്‍ ഉണ്ടാകുമെന്ന്. പക്ഷെ നേരെ ഷൂട്ട് തുടങ്ങുകയായിരുന്നു.
വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുള്ള എക്‌സ്പീരിയന്‍സ് ഭയങ്കര അടിപൊളിയായിരുന്നു. പുള്ളി ഭയങ്കര വര്‍ക്കഹോളിക്കാണ്. പിന്നെ എനിക്ക് അടുത്ത് നിന്ന് അധികം സംസാരിക്കാനുള്ള സമയം ഒന്നും കിട്ടിയില്ല കാരണം തെലുങ്കാണ് അപ്പോള്‍ ഡയലോഗ് പഠിക്കണം. അതുകൊണ്ട് സെറ്റില്‍ ഡയലോഗ് പഠിച്ച് നടക്കുകയായിരുന്നു. പക്ഷെ കൂടെ വര്‍ക്ക് ചെയ്തപ്പോഴൊക്കെ ഭയങ്കര സപ്പോര്‍ട്ടീവായിരുന്നു. ഭയങ്കര എനര്‍ജിയായിരുന്നു. ഭയങ്കര ഡെഡിക്കേറ്റഡ് ആയിട്ടുള്ള ഒരാളാണ്. പിന്നെ സത്യദേവ് എന്നൊരു നടനുണ്ട്. രണ്ട് പേരും ഭയങ്കര കിടിലമാണ്.
പ്രീ റിലീസ് ഇവന്റിലെ സ്പീച്ച് സോഷ്യല്‍ മീഡിയയില്‍ വൈറലായത് കണ്ടിരുന്നു. ഞാന്‍ അത്രയും വലിയൊരു ക്രൗഡിന് മുന്നില്‍ നില്‍ക്കുന്നത് ആദ്യമായിട്ടാണ്. അപ്പോള്‍ ഞാന്‍ എങ്ങനെ സംസാരിച്ച് ഇവരിലേക്ക് എത്തും എന്നതില്‍ എനിക്കൊരു ധാരണയില്ല. എക്‌സ്പീരിയന്‍സ് ഇല്ല. അപ്പോള്‍ ടെന്‍ഷനും എല്ലാം കൂടെ കയറി മൊത്തത്തില്‍ ഒന്ന് ഓവറായി പോയതാ. മനപൂര്‍വം ഇങ്ങനെയെല്ലാം ആവണം എന്ന് ഞാന്‍ വിചാരിച്ചതുമല്ല അങ്ങനെയെല്ലാം സംസാരിക്കണം എന്ന് മനസിലുമില്ലായിരുന്നു. ആകെ ആദ്യം പറഞ്ഞൊരു ഡയലോഗ് പറയുക തീരുക എന്നതെ ഉണ്ടായിരുന്നുള്ളൂ. വീഡിയോ കണ്ടപ്പോള്‍ കുറച്ച് ഓവറായി പോയോ എന്നൊരു ഡൗട്ട് ഉണ്ടായിരുന്നു. എനിക്ക് ട്രോള്‍ കിട്ടേണ്ടതാണ്. പക്ഷെ എന്തോ ഭാഗ്യത്തിന് ഇവരെല്ലാം ഇവന്‍ കൊള്ളാം എന്നൊക്കെ പറയുന്നുണ്ട്. അത് ശരിക്കും ഭാഗ്യമാണ്.
അനിരുദ്ധിന്റെ മ്യൂസിക്കിനെ പറ്റി നമ്മള്‍ എന്താണ് പറയേണ്ടത്. തീര്‍ച്ചയായും നമ്മുടെ എല്ലാവരുടെ ഫോണിലും അനിരുദ്ധിന്റെ ട്രാക്കുണ്ടാകും. അനിരുദ്ധിന്റെ പ്ലേലിസ്റ്റില്ലാത്ത ഒരു ഫോണില്ല. അതിപ്പോള്‍ ലൗ ഫെയിലിയര്‍ ആണെങ്കിലും എന്തിനാണെങ്കിലും അനിരുദ്ധിന്റെ പരിപാടിയാണ്. സ്വാഭാവികമായും പുള്ളി പേട്ട, വിക്രം, ജയിലര്‍ എന്നീ സിനിമകളിലൊക്കെ ഭയങ്കര ബിജിഎം ഒക്കെ കൊടുക്കുമ്പോള്‍ നമുക്ക് അനിരുദ്ധ് ഒരു ബിജിഎം തരണം എന്ന ആഗ്രഹം ഏതോ ഒരു പോയന്റില്‍ നമ്മുടെ മനസിലും വരുമല്ലോ. അത് ചിലപ്പോള്‍ ഈ പടത്തില്‍ ഭാഗ്യം കൊണ്ട് നടക്കും. അതൊരു തുടക്കമാകട്ടെ.
കിങ്ഡത്തില്‍ വില്ലന്‍ വേഷമാണ് ചെയ്യുന്നത്. ഞാന്‍ ഇതുവരെ ഇങ്ങനെയൊരു പരിപാടി ചെയ്തിട്ടില്ല. അത്യാവശ്യം ഇമോഷണല്‍ ആര്‍ക്കുള്ള ഒരു പൂര്‍ണതയുള്ള കഥാപാത്രമാണെന്നാണ് എനിക്ക് തോന്നുന്നത്. ഇത് പൂര്‍ണമായും പടം റിലീസ് ആയി പ്രേക്ഷകര്‍ എന്ത് പറയും എന്നതിലാണ് ഇരിക്കുന്നത്. പിന്നെ ഇങ്ങനെയൊരു സംവിധായകനെയും ടീമിനെയും കിട്ടിയതില്‍ ഞാന്‍ ഭയങ്കര ഗ്രേറ്റ്ഫുള്‍ ആണ്.
എന്റെ കരിയറില്‍ ഒമ്പത് വര്‍ഷം എടുത്തു എന്നതില്‍ ഞാന്‍ ഹാപ്പിയാണ്. കാരണം ഈ ഒന്‍പത് വര്‍ഷത്തില്‍ പല ചെറിയ കാര്യങ്ങളും കണ്ട് വളര്‍ന്നവനാണ് ഞാന്‍. അപ്പോള്‍ എനിക്ക് കിട്ടുന്നത് എന്തും ബോണസാണ്. പ്രതീക്ഷ വളരെ കുറവുള്ള ആളാണ് ഞാന്‍. പക്ഷെ ഈ ഒന്‍പത് വര്‍ഷത്തില്‍ ഒരു പ്രോപ്പര്‍ സക്‌സസ് എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. അല്ലെങ്കില്‍ പടം അത്യാവശ്യം ഹിറ്റാവുക എന്ന അനുഭവം എനിക്ക് കിട്ടിയി്ട്ടില്ല. അപ്പോള്‍ അതാണ് ഞാന്‍ അതിയായി ആഗ്രഹിക്കുന്നത്. ഓരോരുത്തരുടെയും പടം ഹിറ്റാകുമ്പോള്‍ അവര്‍ എന്തിലൂടെയാണ് കടന്ന് പോകുന്നതെന്ന് എനിക്ക് അറിയില്ല. അത് എനിക്ക് സംഭവിച്ചാലെ അത് അനുഭവിക്കാന്‍ സാധിക്കുകയുളളൂ. അതുകൊണ്ട് ഞാന്‍ അതിയായി ആഗ്രഹിക്കുന്നുണ്ട് ഈ പടം ഹിറ്റാവണം എന്ന്. ഇതെനിക്കൊരു ബ്രേക്ക് ആയിരിക്കണം എന്നും ആഗ്രഹിക്കുന്നുണ്ട്. ഒന്‍പത് വര്‍ഷം എന്നത് എന്റെ അനുഭവമാണ്. അത് എന്നും എനിക്ക് ഗുണമെ ഉണ്ടാവുകയുള്ളൂ.
കുറച്ച് തെലുങ്ക് എനിക്ക് അറിയാമായിരുന്നു. പിന്നെ ഡയലോഗ് കാണാതെ പഠിച്ചാണ് ഞാന്‍ സിനിമ ചെയ്തത്. അസിസ്റ്റന്റ് ഡയറക്ടര്‍ എനിക്ക് ഡയലോഗിന്റെ വോയിസും മോഡുലേഷനും അയച്ചു തരും. അത് എന്റേതായ രീതിയില്‍ മനസിലാക്കി ഞാന്‍ പഠിക്കും. പരീക്ഷയ്ക്ക് പഠിക്കുന്ന പോലത്തെ പരിപാടിയായിരുന്നു.
ഒരു അനിയനും ചേട്ടനും ഇടയിലുള്ള ഇമോഷനാണ് സിനിമ പറയുന്നത്. ഡ്രാമയാണ് പ്രധാനമായും സിനിമ. അതിനൊപ്പം ആക്ഷനും പ്രാധാന്യമുണ്ട്. ഇതിലെ ആക്ഷന്‍ സീക്വന്‍സുകള്‍ അടിപൊളിയായിരുന്നു. ഞാന്‍ ഇതിന് മുമ്പ് വേദ, റിബല്‍ എന്നീ സിനിമകളില്‍ ആക്ഷന്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഇതില്‍ കുറച്ച് വ്യത്യസ്തമായ ആക്ഷന്‍ പരിപാടിയാണ്. ഒരുപാട് ഒന്നുമില്ല. എനിക്ക് വളരെ കുറച്ചേയുള്ളൂ.
സുഡ സുഡ ഇഡ്‌ലി ആരംഭിച്ചിട്ട് ഇപ്പോള്‍ എഴര മാസമായി. സെപ്റ്റംബര്‍, ഒക്ടോബര്‍ ഒക്കെയാകുമ്പോള്‍ അടുത്തൊരു ഷോപ്പ് എന്നുള്ള രീതിയില്‍ ചിന്തിക്കുന്നുണ്ട്. ഞങ്ങള്‍ അഞ്ച് സുഹൃത്തുക്കള്‍ ചേര്‍ന്നാണ് അത് തുടങ്ങിയത്.